ഭൂമി ഏറ്റെടുക്കാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 70 ലക്ഷം

കേളകം: കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് 70 ലക്ഷം രൂപ വകയിരുത്തിയതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. പഞ്ചായത്തുകള്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ മലയോര കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിലായതായി ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിന്നു. ഇതേതുടര്‍ന്ന് വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും അടിയന്തര യോഗത്തിലാണ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഇക്കാര്യം പ്രഖ്യാപിച്ചത്. 25 കോടി രൂപയുടെ ആദ്യഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ കേളകത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കാളികയത്ത് 10 സെന്‍റ് സ്ഥലവും പ്ളാന്‍റ് സ്ഥാപിക്കാന്‍ 1.25 ഏക്കര്‍ ഭൂമിയും കേളകം പഞ്ചായത്തിലെ അടക്കാത്തോട്, മേമല, വെള്ളൂന്നി, പൂവത്തിന്‍ചോല എന്നിവിടങ്ങളില്‍ സംഭരണികള്‍ നിര്‍മിക്കാന്‍ 40 സെന്‍റ് ഭൂമിയും വാങ്ങാനാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ പദ്ധതിക്കായി കണ്ടത്തെിയ ഭൂമി ഏറ്റെടുക്കാന്‍ കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ മേല്‍നോട്ടത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ മേരി ഉലഹന്നാന്‍(കേളകം), പാല്‍ ഗോപാലന്‍(കണിച്ചാര്‍), സാജു വാത്യാട്ട് (കൊട്ടിയൂര്‍), പഞ്ചായത്ത് മെംബര്‍മാരായ പൈലി വാത്യാട്ട്, ലിസി ജോസഫ്, സ്റ്റാനി സെബാസ്റ്റ്യന്‍, സണ്ണി മേച്ചേരി, ലറ്റീന്‍ ബാബു, ഇന്ദിര ശ്രീധരന്‍ തുടങ്ങിയവരും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് പൗലോസ് കൊല്ലുവേലി, അനീഷ് അനിരുദ്ധന്‍, ജോസ് നടപ്പുറം, ജോര്‍ജ് കുട്ടി ഇരുമ്പുകുഴി, ചാക്കോ തൈക്കുന്നേല്‍, ജോണി നെല്ലിമല തുടങ്ങിയവരും പങ്കെടുത്തു. സര്‍ക്കാറിന്‍െറ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പരിശോധനയും സ്ഥലനിര്‍ണയവും നടന്നെങ്കിലും ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടുകയായിരുന്നു. 64.10 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചതില്‍ ആദ്യഘട്ട പ്രവൃത്തിക്ക് 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭി ച്ചത്. മൂന്ന് പഞ്ചായത്തുകളിലെ 30 വാര്‍ഡുകളിലെ അമ്പതിനായിരത്തോളം പേര്‍ക്ക് ഉപകാരപ്പെടേണ്ട ശുദ്ധജല വിതരണ പദ്ധതി ബാവലി-ചീങ്കണ്ണിപ്പുഴകള്‍ സംഗമിക്കുന്ന കാളികയത്ത് കൂറ്റന്‍ കിണര്‍ സ്ഥാപിച്ചാണ് നടപ്പാക്കുന്നത്. ഭൂമി ഏറ്റെടുത്ത് കൈമാറുന്നതോടെ പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.