പുതിയതെരു: വളപട്ടണം ബോട്ട്ജെട്ടിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നടപടി. മാലിന്യം നിറയാന്‍ കാരണമായ തോണികള്‍ ബോട്ട് ജെട്ടിയില്‍നിന്ന് ഉടന്‍ മാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഇടപെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. ശ്രീമതി ടീച്ചര്‍ എം.പി, കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അനധികൃത മണല്‍വാരല്‍ സംഘത്തില്‍നിന്ന് പിടിച്ചെടുത്ത തോണിയായിരുന്നു വളപട്ടണം ജെട്ടിക്ക് സമീപം സൂക്ഷിച്ചിരുന്നത്. നൂറിലധികം തോണികള്‍ കൂട്ടിയിട്ടത് കാരണം ഒഴുകിവരുന്ന മാലിന്യം മുഴുവന്‍ ഇവിടെ അടിഞ്ഞ് കൂടുകയാണ്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ക്കും ദേശീയപാതയില്‍ കൂടി പോകുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കും മൂക്കുപൊത്താതെ ഇതുവഴി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും ചെയ്തു. പ്രശ്നം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കി. എന്നാല്‍, പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചത്. പിടിച്ചെടുത്ത തോണികള്‍ അടുത്ത ദിവസം തന്നെ ലേലം ചെയ്യാന്‍ കലക്ടര്‍ ഉത്തരവായി. ഇനി പിടിച്ചെടുക്കുന്ന തോണികള്‍ ഉടന്‍ പൊളിച്ച് ലേലം ചെയ്യുകയോ പൊലീസ് പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന പനയത്താംപറമ്പിലേക്ക് മാറ്റുകയോ ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. ഇപ്പോള്‍ തോണി മാറ്റാനാവശ്യമായ ഫണ്ടും കലക്ടര്‍ നല്‍കും. അനധികൃത മണല്‍വേട്ട ശക്തമാക്കുമെന്നും പിടിച്ചെടുക്കുന്ന തോണികളുടെ ഉടമകളെ കിട്ടിയാല്‍ ഉടന്‍ പണം ഈടാക്കുകയും അല്ലാത്ത തോണികള്‍ ഉടന്‍ പൊളിച്ച് ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്‍ റഹ്മാന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശന്‍, ഏരിയാ കമ്മിറ്റിയംഗം കെ.വി. ഉഷ, ലോക്കല്‍ സെക്രട്ടറി എ.എന്‍. സലീം എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.