കേളകം: കുടിവെള്ള ക്ഷാമം നേരിടുന്ന മലയോര പ്രദേശങ്ങളായ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തില്‍. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മലയോരത്തിന് അനുവദിച്ച 25 കോടി രൂപയുടെ സുപ്രധാന പദ്ധതി അനിശ്ചിതത്വത്തിലാവാന്‍ കാരണം ഗ്രാമപഞ്ചായത്തുകള്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. സര്‍ക്കാറിന്‍െറ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭ ഘട്ട പരിശോധനകളും സ്ഥല നിര്‍ണയവും നടന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളാണ് മുടങ്ങിയത്. 64.10 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചതില്‍ ആദ്യഘട്ട പ്രവൃത്തികള്‍ക്കാണ് 25 കോടിയുടെ ഭരണാനുമതി ലഭിച്ചത്. മൂന്ന് പഞ്ചായത്തുകളിലെ മുപ്പത് വാര്‍ഡുകളിലെ അമ്പതിനായിരത്തോളം ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ശുദ്ധജല വിതരണ പദ്ധതി വൈകുന്നതിനാല്‍ ഈ പ്രദേശവാസികള്‍ ദുരിതത്തിലാണ്. മലയോരത്തെ ജല സ്രോതസ്സുകളായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുടെ തീരങ്ങള്‍ കേന്ദ്രമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നത്. വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കണ്ടത്തുകയും സമയബന്ധിതമായി ഏറ്റെടുത്ത് നല്‍കാന്‍ കേളകം, കണിച്ചാര്‍ പഞ്ചായത്ത് ഭാരവാഹികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഗ്രാമപഞ്ചായത്തുകള്‍ വൈമനസ്സ്യം തുടരുകയാണ്. ഭൂമിക്കായി പഞ്ചായത്തുകര്‍ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയിട്ടില്ളെന്നും ആരോപണമുണ്ട്. ബാവലി-ചീങ്കണ്ണിപ്പുഴകള്‍ സംഗമിക്കുന്ന കാളികയത്ത് പമ്പ്ഹൗസ്, കിണര്‍, ശുചീകരണ പ്ളാന്‍റ്, മേമല, പൂവത്തിന്‍ചോല എന്നിവിടങ്ങളില്‍ ടാങ്കുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ശുചീകരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് കണിച്ചാര്‍ പഞ്ചായത്ത് ഒന്നേകാല്‍ ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കാന്‍ നിശ്ചയിച്ചത്. ഇതിനാവശ്യമായ ഭൂമി നിര്‍ണയിക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുത്ത് ബന്ധപ്പെട്ട അനുമതി പത്രങ്ങളും രേഖകളും കൈമാറിയാല്‍ ഉടന്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന നിലപാടിലാണ് വാട്ടര്‍ അതോറിറ്റി. പദ്ധതിയുടെ നടത്തിപ്പിനായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പ്രത്യേക അനുമതി തേടി ഫണ്ട് വകയിരുത്തിയിരുന്നു. പഞ്ചായത്തുകള്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ കാലതാമസമുണ്ടായതോടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളും ഇഴയുകയാണ്. പഞ്ചായത്തുകളുടെ അനാസ്ഥ മലയോര ജനതയുടെ ദീര്‍ഘകാലത്തെ മോഹത്തിന് കരിനിഴലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.