ഇരിക്കൂര്‍: ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയിലെ നിരവധി വീടുകളുടെ നിര്‍മാണം ഫണ്ട് തുകയുടെ അപര്യാപ്തതമൂലം പാതിവഴിയില്‍ നിലക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന രണ്ടു ലക്ഷം രൂപ ഇന്നത്തെ അവസ്ഥയില്‍ ഒരു വീട് നിര്‍മാണത്തിന് തികയാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കുന്നത്. 2011 മുതല്‍ സംസ്ഥാനത്ത് അനുവദിച്ച 1,49,855 വീടുകളില്‍ 67,009 എണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ മുഴുവന്‍ തുകയും വാങ്ങിയത്. എല്ലാ സാമ്പത്തിക വര്‍ഷവും വീടുകള്‍ക്കായി മൂന്ന് ഗഡുക്കളായി നല്‍കുന്ന തുകയുടെ ആദ്യഗഡു മാത്രമാണ് ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങുന്നത്. പിന്നീടുള്ള ഗഡുക്കള്‍ അതതു ഗ്രാമപഞ്ചായത്തുകളിലെ വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ വീടുപണി വിലയിരുത്തിയാണ് നല്‍കുക. വീടിന്‍െറ അടിത്തറ നിര്‍മാണം, ലിന്‍റല്‍ വാര്‍പ്പ്, മേല്‍ക്കൂര ഉള്‍പ്പെടെയുള്ള പൂര്‍ത്തീകരണം എന്നിങ്ങനെയാണ് തുക മൂന്നു ഗഡുക്കളായി വിഭജിച്ചു നല്‍കുന്നത്. എന്നാല്‍, അടിത്തറയും ചുവര്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയശേഷം താല്‍ക്കാലിക കൂരക്കു കീഴിലാണ് മിക്ക ഗുണഭോക്താക്കളും അന്തിയുറങ്ങുന്നത്. ഗ്രാമസഭ വഴിതെരഞ്ഞെടുക്കുന്ന ബി.പി.എല്‍ വിഭാഗക്കാര്‍ക്കാണ് ബ്ളോക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം വീട് ലഭിക്കുന്നത്. സാമ്പത്തികശേഷി കുറഞ്ഞവരും അല്‍പഭൂമിയുള്ളവരുമായ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം മാത്രം പ്രതീക്ഷിച്ചാണ് വീടുപണിക്ക് മുന്നിട്ടിറങ്ങുന്നത്. നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വിലയും വര്‍ധിച്ച പണിക്കൂലിയും മൂലം അനുവദിച്ചുകിട്ടുന്ന തുക തീരെ അപര്യാപ്തമാകുന്നതാണ് ഇവരുടെ വീടെന്ന സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.