ദേശീയാംഗീകാരത്തിന്‍െറ നിറവിലും ആവശ്യത്തിന് ജീവനക്കാരില്ല

കണ്ണൂര്‍: ദേശീയാംഗീകാരത്തിന്‍െറ നിറവിലും ജില്ലാ ആശുപത്രി ലാബ് പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ജീവനക്കാരില്ലാതെ. വിവിധ പരിശോധനകള്‍ക്കായി ദിനംപ്രതി നൂറുകണക്കിനു പേര്‍ വരുന്ന ലാബില്‍ ഇരട്ടി ഭാരം പേറിയാണ് ജീവനക്കാര്‍ സേവനം നല്‍കുന്നത്. ലാബിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രണ്ട് ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍മാരുടെ തസ്തിക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നില്‍ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. നിലവിലുള്ളയാള്‍ ലീവില്‍ പോകുമ്പോള്‍ ലാബിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ലാബ് ടെക്നീഷ്യന്മാരില്‍ അഞ്ചുപേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാര്‍. എട്ടുപേര്‍ താല്‍കാലികമായി നിയമിക്കപ്പെട്ടവരാണ്. ലാബ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഇതിന്‍െറ മൂന്നിരട്ടി ജീവനക്കാരെയാണ് ആവശ്യമുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ലാബുകള്‍ക്കുള്ള നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് പ്രൊവൈഡേഴ്സിന്‍െറ അംഗീകാരമാണ് ജില്ലാ ആശുപത്രിയിലെ ലാബിന് ലഭിച്ചത്. ലാബിന്‍െറ പ്രവര്‍ത്തനത്തിന് ജീവനക്കാര്‍ കഠിനാധ്വാധനം ചെയ്യുന്നുണ്ടെങ്കിലും താങ്ങാനാവാത്ത ജോലി ഭാരം പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍.എഫ്.ടി, എല്‍.ഐ.പി.ഡി, സി.എ.പി.ഒ.എ, സി.ആര്‍.പി, എ.എസ്.ഒ എന്നിവ പരിശോധിക്കുന്ന അപൂര്‍വം സര്‍ക്കാര്‍ ലാബുകളിലൊന്നാണിത്. സ്വകാര്യ മേഖലയെ അപേക്ഷിച്ച് ഏറെ ചെലവു കുറഞ്ഞതാണ് പരിശോധനയെന്നതിനാല്‍ സാധാരണക്കാരുടെ ആശ്രയമാണിത്. ബി.പി.എല്‍ ലിസ്റ്റിലുള്ളവര്‍ക്കും ആദിവാസികള്‍ക്കും പരിശോധന സൗജന്യവുമാണ്. നവീനമായ സെമി ഓട്ടോ അനലൈസര്‍ പോലുള്ള മെഷീനുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ലാബില്‍ എത്തുന്ന എല്ലാവര്‍ക്കും സമയത്തിന് സേവനം ലഭ്യമാക്കാനുള്ള ജീവനക്കാരെ കൂടി വിന്യസിക്കുമ്പോള്‍ മാത്രമേ ദേശീയ അംഗീകാരം ലഭിച്ച ലാബിന്‍െറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.