മട്ടന്നൂര്‍: വിമാനത്താവളവുമായി ബന്ധിപ്പിക്കാന്‍ കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കാനുള്ള നീക്കത്തില്‍ വ്യാപാരികള്‍ ആശങ്കയില്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്. കെട്ടിട-ഭൂഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുമെങ്കിലും വ്യാപാരികള്‍ തെരുവില്‍ തള്ളപ്പെടുമെന്നും അതിനാല്‍ നിലവില്‍ ഏറ്റെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളോടുചേര്‍ന്ന് കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ. സുധാകരന്‍ ആവശ്യപ്പെട്ടു. പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ഏറെ കടമ്പകളുണ്ട്. കണ്ണൂരില്‍നിന്ന് താഴെചൊവ്വ-അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡാണ് വിമാനത്താവളത്തിലേക്ക് നേരിട്ടത്തെുന്നത്. മേലെചൊവ്വ-ചാലോട്-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാതയാക്കിയാല്‍ മട്ടന്നൂര്‍ വായാന്തോടില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡും നാലുവരിപ്പാതയാക്കി വികസിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കല്ളേരിക്കരയില്‍ വിമാനത്താവളത്തിന് സ്ഥലം വിട്ടുനല്‍കി പുനരധിവസിപ്പിച്ച ഒട്ടേറെ കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കേണ്ടിവരും. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കുമ്പോള്‍ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ചെറുടൗണുകളില്‍ സ്ഥലമേറ്റെടുപ്പ് ഏറെ പ്രയാസം സൃഷ്ടിക്കും. തലശ്ശേരി-വളവുപാറ റോഡു വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കരേറ്റ ടൗണ്‍ ഇല്ലാതായതുപോലെ ചെറുടൗണുകള്‍ ചിലപ്പോള്‍ പൂര്‍ണമായും ഇല്ലാതായേക്കും. ഇതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് എന്നതില്‍ അഞ്ചരക്കണ്ടി വഴിയുള്ളതായാലും ചാലോട് വഴിയുള്ളതായാലും റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഒട്ടേറെ പഴയ കെട്ടിടങ്ങളുണ്ട്. ഇരു റോഡുകളിലും ഒട്ടേറെ വളവുകളുമുണ്ട്. മേലേചൊവ്വ-ചാലോട്-മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോടും താഴെചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡില്‍ തിലാന്നൂര്‍, കാപ്പാട് തുടങ്ങിയ ചെറുപട്ടണങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ റോഡിലേക്ക് തള്ളിനില്‍ക്കുകയാണ്. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നത് ഏറെ സങ്കീര്‍ണമാകും. പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡ് വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഭൂവുടമകളുടെ യോഗം ഉടന്‍ വിളിക്കാന്‍ തീരുമാനിച്ചതായി പറയുന്നു. ഇതിനിടെ, മഴ കനത്തതോടെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരുഭാഗം സ്വദേശങ്ങളിലേക്കു മടങ്ങിയെങ്കിലും വിമാനത്താവളത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തെ ഭൂമി നിരപ്പാക്കല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ തുടരുന്നത്. റണ്‍വേയില്‍ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കുകയാണ്. റണ്‍വേ പ്രതലത്തിന്‍െറ ഘടനയും കാഠിന്യവും പരിശോധിക്കുന്നതിന്‍െറ ഭാഗമായി ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സാങ്കേതിക വിദഗ്ധരത്തെി പരിശോധന നടത്തുകയാണ്. റണ്‍വേ മേഖല മുഴുവനും ഈ രീതിയില്‍ പരിശോധനക്ക് വിധേയമാക്കും. ഡിസംബര്‍ 31ന് പ്രഥമ വിമാനം പറന്നിറങ്ങാന്‍ പാകത്തിലുള്ള റണ്‍വേ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ചെറുവിമാനങ്ങള്‍ പറന്നിറങ്ങാന്‍ പാകത്തില്‍ റണ്‍വേയുടെ 1,400 ഓളം മീറ്റര്‍ ടാറിങ്ങും കോണ്‍ക്രീറ്റിങ്ങുമാണ് ദിവസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.