ഇരിണാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപകട ഭീഷണിയില്‍

പാപ്പിനിശ്ശേരി: കാലപ്പഴക്കത്താല്‍ ഇരിണാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ അപകടം പതിയിരിക്കുന്നു. പാലം അറ്റകുറ്റപ്പണിചെയ്യുന്നത് ഗുണകരമല്ളെന്ന നിഗമനത്തിലാണ് ഇരിണാവില്‍ പാലത്തിനടുത്തുതന്നെ പുതിയ പാലത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. പക്ഷേ, ഇതുവഴിയുള്ള വാഹന ഗതാഗതം തുടരുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. 1964ല്‍ മടക്കരപുഴയില്‍ അണക്കെട്ടും പാലവും രൂപകല്‍പനചെയ്യുമ്പോള്‍ പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുകയും കുടിവെള്ള ക്ഷാമം പരിഹരിക്കുകയുമായിരുന്നു ലക്ഷ്യം. അന്നത്തെ ജലസേചന മന്ത്രി ഇ.വി. പൗലോസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത് ഫലപ്രാപ്തിയിലത്തെിയില്ല. തുടര്‍നടപടി ഇല്ലാതെ ഡാമിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയും ചെയ്തു. ഇപ്പോള്‍ പാലത്തിന്‍െറ ഓരോ ഭാഗവും തകര്‍ന്ന് ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. തൂണുകളുടെ കല്ലുകള്‍ ഇളകിയിരിക്കുന്നു. സ്ളാബുകള്‍ പലയിടത്തും തകര്‍ന്നു. അണക്കെട്ടിന്‍െറ യന്ത്രങ്ങള്‍ സ്ഥാപിച്ച സ്ളാബുകള്‍ തകര്‍ന്ന് പുഴയിലേക്ക് തൂങ്ങിക്കിടക്കുന്നതു കാണാം. യന്ത്രസാമഗ്രികളെല്ലാം തുരുമ്പെടുത്ത് നശിച്ച നിലയിലാണ് ഇപ്പോഴുള്ളത്. ഭയത്തോടെയാണ് യാത്രക്കാര്‍ പാലത്തിലൂടെ കടന്നുപോകുന്നത്. മാട്ടൂല്‍-മടക്കര പാലം തുറന്നു കൊടുത്തതോടെ ഇരിണാവ് ഡാം പാലത്തിലൂടെയുള്ള വാഹന ഗതാഗതം പ്രതീക്ഷിച്ചതിലും അധികമായി. ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങുന്നു.2009ല്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചില്ല. ഭൂമി ഏറ്റെടുക്കുന്നതിന് 2013ല്‍ ഭരണാനുമതി നല്‍കിയെങ്കിലും പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലവില്‍ വന്നതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. 2015ല്‍ ഭൂമി ഏറ്റെടുക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ നെഗോഷ്യേറ്റഡ് പര്‍ച്ചേസ് മുഖാന്തിരം ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഇതും കടലാസിലൊതുങ്ങി.കണ്ണൂര്‍ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സര്‍ക്കാറിലേക്ക് അയക്കേണ്ടത്. എന്നാല്‍, അടുത്ത ദിവസമാണ് പാലത്തിന്‍െറ രൂപകല്‍പന കിട്ടിയതെന്നാണ് വിവരം. ഇനി എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ച് അംഗീകാരം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.കല്യാശ്ശേരി-മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് പുഴയില്‍ പാലം നിര്‍മിക്കാന്‍ കാലതാമസമെടുത്താല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം വന്‍ ദുരന്തത്തിന് വഴിയൊരുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.