ഇരിട്ടി പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടപ്പാതയൊരുക്കും

ഇരിട്ടി: വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ ലഘൂകരിക്കുന്നതിന്‍െറ ഭാഗമായി ഇരിട്ടി പാലത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ഭയം നടന്നുപോകാന്‍ നടപ്പാത ഒരുക്കാന്‍ അഡ്വ. സണ്ണിജോസഫ് എം.എല്‍.എ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനമായി. പാലത്തിന്‍െറ സൈഡിലെ തൂണിലൂടെ ഭീമിട്ട് നടപ്പാത ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പിന് കൊടുക്കാന്‍ തീരുമാനിച്ചു. ഇത് സ്വീകാര്യമാവുന്നില്ളെങ്കില്‍ പാലത്തിനകത്തുകൂടി അരികിലൂടെ നടന്നുപോകാന്‍ സൗകര്യം തീര്‍ക്കും. ഇതിന്‍െറ ഭാഗമായി പാലത്തിലൂടെ പൈപ്പുവഴി വലിച്ചിട്ടുള്ള വിവിധ മൊബൈല്‍ കമ്പനികളുടെ പൈപ്പ് ലൈനുകള്‍ എത്രയും വേഗം മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. പാലത്തിലൂടെ രണ്ട് വലിയ വാഹനങ്ങള്‍ ഒരുകാരണവശാലും കയറ്റാന്‍ അനുവദിക്കരുതെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പാലത്തില്‍ പൊലീസിന്‍െറ സേവനം ശക്തമാക്കാനും തീരുമാനിച്ചു. യോഗത്തിനു ശേഷം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദര്‍ശിച്ചു. തഹസില്‍ദാര്‍ കെ.ആര്‍. രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. അബ്ദുല്‍ റഷീദ്, ടി.ഡി. സിന്ധു, വി.ടി. തോമസ്, ഇരിട്ടി സി.ഐ വി.വി. മനോജ്, കെ.എസ്.ടി.പി എ.ഇ ദേവേശന്‍, ഇരിട്ടി പി.ഡബ്ള്യു.ഡി എ.ഇ പ്രശാന്ത്, ബി.എസ്.എന്‍.എല്‍ ഏരിയ മാനേജര്‍ പ്രസാദ് തുടങ്ങി പി.ഡബ്ള്യു.ഡി, റവന്യൂ, വിവിധ കേബിള്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.