തലചായ്​ക്കാൻ വീടില്ല, ജീവിതം പ്ലാസ്​റ്റിക്​ പടുതക്കടിയിൽ; റേഷൻകാർഡ്​ എ.പി.എൽ

രാജാക്കാട്: സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സർക്കാർ പോകുമ്പോഴും കയറിക്കിടക്കാൻ ഇടമില്ലാതെ പ്ലാസ് റ്റിക് പടുത കെട്ടി ലക്ഷംവീട് കോളനിയിലെ നിർധന കുടുംബം. ഒരുനേരത്തെ ആഹാരത്തിനും വകയില്ലാത്ത ഇവരുടെ റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിലാണ്. രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ചെരിപുറം ലക്ഷംവീട് കോളനിയിലെ 82കാരനായ മുരുകവിലാസം ജയരാജനും കുടുംബവും വർഷങ്ങളായി അന്തിയുറങ്ങുന്നത് ഇവിടെയാണ്. സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ നടപ്പാക്കി സർക്കാർ കൈയടി വാങ്ങുമ്പോഴും രാജാക്കാട് പഞ്ചായത്തിലെ ലൈഫ് പദ്ധതി പട്ടികക്ക് പുറത്താണ് ഈ കുടുംബം. 23 വർഷമായി കോളനിയിലെ താമസക്കാരനാണ് ഇദ്ദേഹവും വിധവയായ മകളും കുട്ടികളും. അമൃതാനന്ദമയി മഠം വെച്ചുനൽകിയ വീടാണ് ഇവിടെയുള്ളത്. ഇതാകട്ടെ കഴിഞ്ഞ പ്രളയത്തിൽ അപകടാവസ്ഥയിലായി. കെട്ടിടത്തിൻെറ കോൺക്രീറ്റടക്കം അടർന്ന് വീണ് ചോരുന്നു. ഇതോടെ വീടിനോട് ചേർന്ന് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി താമസം മാറ്റി. കനത്ത കാറ്റും മഴയും എത്തിയതോടെ ഇതിനുള്ളിൽ കിടന്നുറങ്ങാൻ കഴിയുന്നില്ല. 82 വയസ്സുകഴിഞ്ഞ ഇദ്ദേഹത്തിന് ജോലിക്കു പോകാൻ കഴിയില്ല. മകൾ മുരുകേശ്വരി കൂലിവേല ചെയ്ത് കൊണ്ടുവരുന്ന വരുമാനംകൊണ്ടാണ് നിത്യവൃത്തി കഴിയുന്നത്. നിരവധി തവണ ജനപ്രതിനിധികളെ നേരിൽകണ്ട് പരാതി പറഞ്ഞിട്ടും നടപടിയില്ല. എന്നാൽ, ഇവർക്ക് ഐ.എ.വൈ പദ്ധതിയിൽ വീട് നിർമിച്ച് നൽകാൻ ഇടപെടൽ നടത്തിയെന്നും ഫണ്ടനുവദിക്കുന്ന മുറക്ക് വീട് നിര്‍മിക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അനിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.