മുട്ടം: മുട്ടം പോളിടെക്നിക്കിെൻറ പെൺകുട്ടികളുടെ ഹോസ്റ്റൽ കാടുകയറി നശിക്കുന്നു. 82 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിച്ച ലേഡീസ് ഹോസ്റ്റലാണ് ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നത്. ഒരുകോടി രൂപയാണ് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 82 ലക്ഷം രൂപ മുടക്കി 80 ശതമാനത്തോളം നിർമാണം പൂർത്തീകരിച്ചു. ബാക്കി 16 ലക്ഷം എവിടെപ്പോയെന്നതിന് കണക്കുമില്ല. മുട്ടം പോളിടെക്നിക് കോളജിന് സമീപത്താണ് ലേഡീസ് ഹോസ്റ്റലും പണിതിട്ടുള്ളത്. കെട്ടിടത്തിെൻറ ബാക്കി പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം പോളിടെക്നിക് പ്രിൻസിപ്പൽ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒരുകോടി രൂപയിൽനിന്ന് മിച്ചമുള്ള 18 ലക്ഷം രൂപക്ക് ബാക്കി നിർമാണം പൂർത്തീകരിക്കാൻ അവശ്യപ്പെട്ട് ഡയറക്ടറേറ്റിൽനിന്ന് തിരിച്ച് നിർദേശവും കിട്ടി. 18 ലക്ഷം രൂപ പ്രിൻസിപ്പലിെൻറ പേരിലെ അക്കൗണ്ടിൽ ഉണ്ടെന്നാണ് ഡയറക്ടറേറ്റിൽനിന്ന് പ്രിൻസിപ്പലിന് ലഭിച്ച കത്തിൽ പറയുന്നത്. എന്നാൽ, രണ്ട് ലക്ഷത്തോളം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂ എന്ന് പ്രിൻസിപ്പൽ പറയുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അറിയിപ്പുകളൊന്നും പിന്നീട് ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇതോടെ 16 ലക്ഷം രൂപ എവിടെപ്പോെയന്ന ചോദ്യം അവശേഷിക്കുന്നു. കേന്ദ്ര സർക്കാറിെൻറ എം.എച്ച്.ആർ.ഡി ഫണ്ടിൽനിന്നാണ് ഒരുകോടി രൂപ പോളിടെക്നിക് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന് അനുവദിച്ചത്. പലപ്പോഴായി ലഭിക്കുന്ന തുകയിൽ ഏറിയ പങ്കും പി.ഡബ്ല്യു.ഡി വഴിയാണ് കിട്ടുന്നതെങ്കിലും അത്യാവശ്യ നിർമാണങ്ങൾക്കായുള്ള തുക പ്രിൻസിപ്പലിെൻറ പേരിലുള്ള അക്കൗണ്ടിലേക്ക് ലഭിക്കാറുണ്ട്. ‘കാണാതായ’ 16 ലക്ഷം രൂപ എവിടെപ്പോയെന്ന് കണ്ടെത്താനാകാത്തതിനാൽ കുരുക്കിൽപെട്ട് നിർമാണം മുടങ്ങുകയായിരുന്നു. ഹോസ്റ്റൽ അടുക്കള, സെക്യൂരിറ്റിക്ക് ഇരിക്കാൻ വേണ്ട മുറി, അലമാര തുടങ്ങിയ ചുരുങ്ങിയ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. 35 വിദ്യാർഥിനികൾക്ക് താമസിക്കാൻ ഉതകുംവിധം നിർമിച്ചതാണ് കെട്ടിടം. ഹോസ്റ്റലിലേക്ക് വേണ്ടി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും രണ്ടുവർഷമായി ഈ ഹോസ്റ്റലിന് ഉള്ളിൽക്കിടന്ന് നശിക്കുകയാണ്. ഒളമറ്റത്തെ ഐ.എച്ച്.ആർ.ഡി കോളജിെൻറ അവസ്ഥയും ഇതുതന്നെയാണ്. മുക്കാൽ ശതമാനവും പണി പൂർത്തീകരിച്ചതാണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒളമറ്റത്തെ ഐ.എച്ച്.ആർ.ഡി കോളജ് മുട്ടത്തേക്ക് മാറ്റിസ്ഥാപിക്കാൻ എതാനും ചെറിയ പണി മാത്രം പൂർത്തീകരിച്ചാൽ മതിയാകും. നിലവിൽ 57,000 രൂപ പ്രതിമാസം വാടക നൽകിയാണ് ഒളമറ്റത്ത് പ്രവർത്തിക്കുന്നത്. ഇതുപോലെ തന്നെ 90 ശതമാനം പണിയും പൂർത്തീകരിച്ച് കിടക്കുന്ന പോളിടെക്നിക് ലേഡീസ് ഹോസ്റ്റലിന് അടുക്കള സൗകര്യം മാത്രം ഒരുക്കിയാൽ 37 വിദ്യാർഥിനികൾക്ക് ഇവിടെ താമസിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.