പുതുമുഖങ്ങള്‍ പോരാടുന്ന ഇടുക്കി ബ്ളോക്

ചെറുതോണി: ജില്ലയുടെ ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന ഇടുക്കി ബ്ളോക് പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ഇരുമുന്നണികളും നടത്തുന്നത് അഭിമാന പോരാട്ടം. അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും പിടിക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഇത്തവണ യു.ഡി.എഫ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന നിശ്ചയത്തിലാണ്. പതിവിന് വ്യത്യസ്തമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും കൂട്ടിനുണ്ട്. ബ്ളോക്കിന്‍െറ ഒന്നാംവാര്‍ഡായ പഴയരിക്കണ്ടത്ത് കോണ്‍ഗ്രസിന്‍െറ ബ്ളോക് പ്രസിഡന്‍റ് ആഗസ്തി അഴകത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എമ്മിലെ ജി. നാരായണന്‍ നായരാണ് ഇടതുസ്ഥാനാര്‍ഥി. ഇപ്പോള്‍ കഞ്ഞിക്കുഴി പഞ്ചായത്ത് മെംബറാണ്. താമര ചിഹ്നത്തില്‍ രാജീവും മത്സരിക്കുന്നുണ്ട്. രണ്ടാംവാര്‍ഡായ കഞ്ഞിക്കുഴിയില്‍ കോണ്‍ഗ്രസിലെ ശശി കണ്യാലി യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ടോമി ജോസഫ് കുന്നേലും മത്സരിക്കുന്നു. എസ്.എന്‍.ഡി.പിയുടെ സജീവ പ്രവര്‍ത്തകനായ ശശി കണ്യാലിയെ നേരിടുന്ന ടോമിക്ക് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുമുണ്ട്. ജിജോ ദേവസ്യ ബി.ജെ.പി സ്ഥാനാര്‍ഥി. വനിതാ വാര്‍ഡായ ചുരുളിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് അംഗം ഓമന ശ്രീധരനും കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുന്ന മോളി ഗീവര്‍ഗീസും തമ്മിലാണ് മത്സരം. സുലോചന താമര ചിഹ്നത്തില്‍ മത്സരിക്കുന്നു. യു.ഡി.എഫും എല്‍.ഡി.എഫും മാത്രം മത്സരിക്കുന്ന ബ്ളോക് ഡിവിഷനാണ് മുരിക്കാശ്ശേരി. മിനി സാബു കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ സുനിത എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ആപ്പിള്‍ ചിഹ്നത്തില്‍. പടമുഖം വാര്‍ഡിലും രണ്ടുപേര്‍ മാത്രമാണ്. കേരള കോണ്‍ഗ്രസിലെ സെലിന്‍ മാത്യു എല്‍.ഡി.എഫിലെ റാണി തോമസിനെ നേരിടുന്നു. തോപ്രാംകുടി വാര്‍ഡില്‍ പുതുപ്പാടി ബെന്നി എന്ന രാജു മാമ്മന്‍ യു.ഡി.എഫും കെ.പി. സുരേന്ദ്രന്‍ എല്‍.ഡി.എഫുമാണ്. കാമാക്ഷി ഡിവിഷനില്‍ റെജി മുക്കാട്ട് യു.ഡി.എഫായും സജീവ് മൈലാങ്കല്‍ എല്‍.ഡി.എഫായും സോജന്‍ പി.എസ് ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. തങ്കമണി ഡിവിഷനില്‍ നാല് സ്ഥാനാര്‍ഥികളുണ്ട്. ബിജു കാനത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസുകാരനാണ്. ഗോപാലന്‍, രവീന്ദ്രന്‍, കെ.പി. സുരേഷ്കുമാര്‍ എന്നിവരും മത്സരിക്കുന്നുണ്ട്. വനിതകള്‍ പോരാടുന്ന ഡിവിഷനാണ് പൈനാവ്. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിന്‍റു സുഭാഷ് കൈപ്പത്തി ചിഹ്നത്തിലും കനകമ്മ ബാലു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലും അഞ്ജു താമരയിലും മത്സരിക്കുന്നു. മൂന്ന് സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂലമറ്റം ഡിവിഷനില്‍ നാല് സ്ഥാനാര്‍ഥികള്‍. ചെല്ലമ്മ ദാമോദരന്‍ കൈപ്പത്തി ചിഹ്നത്തിലും രമണി തങ്കപ്പന്‍ അരിവാളും നെല്‍കതിരും ചിഹ്നത്തിലും രമ്യ താമര ചിഹ്നത്തിലും മിനി തോമസ് സ്വതന്ത്രയായും മത്സരിക്കുന്നു. കുളമാവില്‍ മൂലമറ്റം സ്വദേശികളായ ലീന അഗസ്റ്റിന്‍ കൈപ്പത്തിയിലും സിനി തങ്കപ്പന്‍ നക്ഷത്രം അടയാളത്തിലും മത്സരിക്കുമ്പോള്‍ അറക്കുളം സ്വദേശി ജയശ്രീ ജയകുമാര്‍ താമരയില്‍ മത്സരിക്കുന്നു. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് വാഴത്തോപ്പ് ഡിവിഷനിലാണ്. ഇപ്പോഴത്തെ ബ്ളോക് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍ രണ്ടാംതവണയും മത്സരിക്കുമ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ഇടതുസ്ഥാനാര്‍ഥിയായി ജോര്‍ജ് വട്ടപ്പാറ മത്സരിക്കുന്നു. ഇവിടെ സുധന ഫുട്ബാള്‍ ചിഹ്നത്തില്‍ ജനവിധി തേടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.