ചെറുതോണി: പഴമക്കാരനും കന്നിക്കാരനും ഏറ്റുമുട്ടുന്ന മുള്ളരിങ്ങാട് ഡിവിഷനില്‍ മത്സരം മുറുകി. ഒപ്പം ബി.ജെ.പി സ്ഥാനാര്‍ഥിയുമുണ്ട്. തുടക്കം മുതല്‍ ഇന്നുവരെ പരാജയത്തിന്‍െറ രുചിയറിയാത്ത കെ.എന്‍. മുരളിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വന്ന വിഷ്ണു കെ. ചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിരിക്കുന്നത് രാമകൃഷ്ണനെയാണ്. ഏറ്റവും വലിയ പ്രത്യേകത മുള്ളരിങ്ങാട് ഡിവിഷന്‍ തന്നെ പുതിയതാണ് എന്നതാണ്. കട്ടപ്പന നഗരസഭയാക്കിയതോടെ ജില്ലാ പഞ്ചായത്തില്‍ നിന്ന് കട്ടപ്പന പുറത്തായതോടെ രൂപം കൊണ്ടതാണ് മുള്ളരിങ്ങാട് ഡിവിഷന്‍. കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകള്‍ പൂര്‍ണമായും വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍, കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊമ്മന്‍കുത്ത് എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ ഡിവിഷന്‍. കേരള കോണ്‍ഗ്രസുകാരനായ മുരളിക്ക് ഇരുമുന്നണികളിലും മാറിമാറി ഭരിക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വം ചിലരില്‍ ഒരാളാണ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം. ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച മുരളി പിന്നീട് മുന്നുതവണ വീതം കരിങ്കുന്നം, നെടുങ്കണ്ടം ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറുവര്‍ഷം കേരള വാട്ടര്‍ അതോറിറ്റി അംഗമായിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ഭാര്യ ഗീത, മക്കള്‍ വൈശാഖ്, വൈഷ്ണവ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തുവന്ന എല്‍.ഡി.എഫിന്‍െറ വിഷ്ണു കെ. ചന്ദ്രന്‍ വെള്ളക്കയം സ്വദേശിയാണ്. കഴിഞ്ഞ ആറുവര്‍ഷമായി എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ കോളജില്‍നിന്ന് ബിരുദമെടുത്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയും വിഷ്ണുവിനുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയായ രാമകൃഷ്ണന്‍ കാവല്‍മറവില്‍ മുള്ളരിങ്ങാട് സ്വദേശിയാണ്. ആദിവാസി വിഭാഗത്തില്‍പെട്ട രാമകൃഷ്ണന്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് 57കാരനായ രാമകൃഷ്ണന്‍. ഭാര്യ: രമണി. മക്കള്‍: സലീംകുമാര്‍, സുചിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.