തെരഞ്ഞെടുപ്പ് അവധി; വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയില്‍

കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് കൗണ്ടിങ് സ്റ്റേഷനുകളായ വിദ്യാലയങ്ങള്‍ക്ക് 17ദിവസം അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൗണ്ടിങ് സ്റ്റേഷനുകളായ വിദ്യാലയങ്ങള്‍ക്ക് 27മുതല്‍ നവംബര്‍ ഏഴുവരെ അതാത് കലക്ടര്‍മാര്‍ ലോക്കല്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് അതാത് സ്കൂളുകള്‍ക്ക് അയച്ചു. 21ന് തുടങ്ങിയ പൂജാ അവധി കൂടിചേര്‍ത്താല്‍ 26ന് ഒരുദിനമൊഴിച്ച് തുടര്‍ച്ചയായി 17 അവധി ദിവസങ്ങളാണ് കൗണ്ടിങ് സ്റ്റേഷനുകളായ സ്കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കുക. പൂജാ അവധി തീരുന്ന 26ന് ഒരു ദിവസമാണ് ഈ സ്കൂളുകളില്‍ അധ്യയനം നടക്കുക. ജില്ലയില്‍ രണ്ടാം ടേമിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. 25ന് വിതരണം തുടങ്ങുമെന്ന് അറിയിപ്പുണ്ടെങ്കിലും അവധി നല്‍കിയിട്ടുള്ള സ്കൂളുകളില്‍ നവംബര്‍ ഒമ്പതിന് മാത്രമെ പാഠപുസ്തകം വിതരണം ചെയ്യാന്‍ കഴിയൂ. ഡിസംബര്‍ ഒമ്പതുമുതല്‍ 18വരെ രണ്ടാംടേം പരീക്ഷ നടക്കും. ഇന്നുമുതല്‍ ഡിസംബര്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ അധ്യയനമുള്ളത് 21ദിവസമാണ്. ഇത്രയും ദിനങ്ങള്‍ക്കുള്ളില്‍ രണ്ടാംടേമിലെ പാഠപുസ്തകം പഠിപ്പിച്ച് കുട്ടികളെ പരീക്ഷക്ക് ഇരുത്തേണ്ട ഗതികേടിലാണ് അധ്യാപകര്‍. ഈ കാലയളവിനുള്ളില്‍ വിവിധ കലാ-കായിക മേളകള്‍ക്ക് കുട്ടികളെ ഒരുക്കി മത്സരങ്ങളില്‍ പങ്കെടുപ്പിക്കയും വേണം. കലാകായിക മേളകള്‍ നടക്കുന്ന സ്കൂളുകള്‍ക്ക് ആ ദിവസങ്ങളില്‍ അവധി നല്‍കേണ്ടിവരുന്നതിനാല്‍ അധ്യയന ദിനങ്ങള്‍ പിന്നെയും ചുരുങ്ങും. ഹര്‍ത്താലുകളോ സമരങ്ങളോ ഉണ്ടായാല്‍ ആ ദിവസങ്ങളും അവധിയാകും. ചുരുക്കത്തില്‍ പതിനായിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ വിഷമിക്കേണ്ടിവരിക. ഇതുമായി ബന്ധപ്പെട്ട് ചില സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കാന്‍ ആലോചിച്ചെങ്കിലും തുടര്‍ച്ചയായ അവധി മൂലം അതിനും കഴിയാത്ത സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.