നെടുങ്കണ്ടം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ ഹൈറേഞ്ചില്‍ വ്യാജമദ്യലോബി വിലസുന്നു. മഞ്ഞപ്പാറ മേഖല വ്യാജമദ്യലോബിയുടെ പിടിയിലാണ്. ചില പുരയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ പിന്‍വശത്തും പൊന്തക്കാടുകളിലും വില്‍പന പൊടിപൊടിക്കുകയാണ്. മുമ്പും ഇവിടം വ്യാജമദ്യലോബിയുടെ കൈകളിലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യവില്‍പനക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നെടുങ്കണ്ടത്തെ ബിവറേജ് വില്‍പനശാലയില്‍നിന്ന് വാങ്ങിക്കൊണ്ടുപോകുന്ന മദ്യം ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പന നടത്തുന്ന ഒട്ടേറെ പേരും ഇപ്പോള്‍ മഞ്ഞപ്പാറയിലുണ്ട്. ലിറ്ററിന് 200 മുതല്‍ 300 രൂപവരെ അധികമായി ഈടാക്കിയാണ് വില്‍പന നടത്തുന്നത്. മദ്യപാനികളുടെ അഴിഞ്ഞാട്ടം മൂലം യാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. ഏറെയും ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. മേഖലയില്‍ മാസങ്ങളായി തുടരുന്ന അനധികൃത മദ്യവില്‍പനക്കെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ളെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. ദിനേന പ്രദേശത്തെ മദ്യ വില്‍പന കൂടിവരികയാണ്. അവധിദിവസങ്ങള്‍ മുന്‍കൂട്ടി കണ്ട് വില്‍പനക്കാര്‍ വന്‍തോതില്‍ മദ്യം ശേഖരിച്ച് വെക്കാറുണ്ട്. ആവശ്യക്കാര്‍ എത്തുമ്പോള്‍ കുപ്പിയിലും ഗ്ളാസില്‍ ഒഴിച്ചും നല്‍കുകയാണ് പതിവ്. സന്ധ്യമയങ്ങിയാല്‍ ടൗണും പരിസരവും മദ്യപരുടെ വിഹാരകേന്ദ്രമായി മാറുകയാണ്. മദ്യപാനികളെ ഭയന്ന് സ്ത്രീകള്‍ സന്ധ്യമയങ്ങിയാല്‍ മുറ്റത്തിറങ്ങാന്‍ മടിക്കുകയാണ്. വ്യാപകമായ രീതിയില്‍ മദ്യവില്‍പന നടന്നിട്ടും പൊലീസോ എക്സൈസ് അധികൃതരോ നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.