തൊടു‘പുഴ’യുണ്ട്, കുടിവെള്ളമില്ല!

തൊടുപുഴ: നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുദിവസം. കുടിവെള്ളമില്ലാതെ നഗരവാസികള്‍ വലയുന്നു. കാഞ്ഞിരമറ്റം പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. മഴ കുറഞ്ഞതോടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നഗരത്തില്‍ മുഴുവന്‍ വെള്ളമത്തെിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്. തിങ്കളാഴ്ച പല വ്യാപാരികളും വെള്ളം വിലകൊടുത്ത് വാങ്ങുകയായിരുന്നു. സ്ഥിതി തുടര്‍ന്നാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തെ കൂടാതെ സമീപ പഞ്ചായത്തായ ഇടവെട്ടിയിലും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. തൊടുപുഴ നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ പൈപ്പ് ലൈന്‍ പൊട്ടിയത്. അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണത്തിനായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും പഴയവ അടിക്കടി പൊട്ടുന്നത് വാട്ടര്‍ അതോറിറ്റിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതുമൂലം നഗരത്തിലെ ഗതാഗത സംവിധാനവും താളം തെറ്റിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ജോലി പൂര്‍ത്തിയായാല്‍ മാത്രമേ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ എന്ന നിലയിലാണ് പൊതുമരാമത്ത്. മഴ മാറിയതോടെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞതും ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്‍െറ പേരില്‍ കുഴിയെടുക്കുന്നതാണ് പഴയ പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമാകുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തൊടുപുഴയാറ്റില്‍നിന്ന് പമ്പ് ചെയ്യുന്ന ബംഗ്ളാകുന്നിലെ വാട്ടര്‍ ടാങ്കിലത്തെിച്ച് ശുദ്ധീകരിച്ചാണ് തൊടുപുഴ നഗരത്തിലും ഇടവെട്ടി പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റി വെള്ളമത്തെിക്കുന്നത്. രണ്ടുദിവസമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരമായില്ല. ചൊവ്വാഴ്ചയോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.