വ്യാജ ‘പത്ര പ്രവര്‍ത്തകന്‍’ പിടിയില്‍

നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയില്‍ വ്യാജപത്ര പ്രവര്‍ത്തകര്‍ വിലസുന്നു. ഒരാള്‍ പിടിയില്‍. ഒരാഴ്ചയില്‍ അധികമായി നെടുങ്കണ്ടത്തും സമീപത്തും പത്രലേഖകന്‍ ചമഞ്ഞ് പണപ്പിരിവ് നടത്തി വന്ന തിരുവനന്തപുരം സ്വദേശി ജയകുമാര്‍ കാഞ്ഞിരത്തുങ്കല്‍ എന്നയാളെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്്. മാനവരാഷ്ട്രവേദി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണെന്നും മറ്റും പറഞ്ഞും ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നു. കൂടാതെ കുറ്റാന്വേഷണ വാരികകളുടെ എഴുത്തുകാരനാണെന്നുപറഞ്ഞ് ഹൈറേഞ്ചിലെ തോട്ടം ഉടമകളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും പണം പിരിച്ചിരുന്നു. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എഴുതി പത്രഓഫിസുകളില്‍ നല്‍കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്ത ചില പത്രലേഖകരെ ജോലി കളയുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നെടുങ്കണ്ടത്തെ പത്രപ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് ബോധ്യപ്പെട്ട് പൊലീസ് പിടികൂടിയത്. പ്രസ് എന്ന വിസിറ്റിങ് കാര്‍ഡ് പ്രിന്‍റ് ചെയ്ത് പല ഓഫിസുകളിലും കയറിയിറങ്ങി പണപ്പിരിവ് നടത്തിയിരുന്നു. പത്ര ലേഖകരല്ലാത്ത ചിലര്‍ പ്രസ് എന്ന് എഴുതി ഒട്ടിച്ച വാഹനങ്ങളുമായി കറങ്ങി പല തട്ടിപ്പുകളും ഹൈറേഞ്ച് മേഖലയില്‍ നടത്തുന്നുണ്ട്. പൊലീസിന്‍െറ വാഹന പരിശോധനയില്‍നിന്നും രക്ഷനേടാനും താലൂക്ക് ഓഫിസുകളില്‍നിന്നും വസ്തു സംബന്ധമായ പലരേഖകള്‍ തരപ്പെടുത്താനും നികുതി വെട്ടിച്ച് പല സാധനങ്ങളും കടത്തിക്കൊണ്ടുപോകാനും ചിലര്‍ പ്രസ് ബോര്‍ഡ് ഉപയോഗിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.