അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ കര്‍ശന നടപടി വരുന്നു

തൊടുപുഴ: ആവശ്യമായ അനുമതിയോ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന നടപടിക്ക് കളമൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോം സ്റ്റേ ഉടമകളുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ശക്തമായ ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹോം സ്റ്റേകളും രജിസ്ട്രേഷന്‍ എടുത്തിരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എ.ഡി.എം കെ.കെ.ആര്‍. പ്രസാദ് നിര്‍ദേശിച്ചു. ടൂറിസം മേഖലയില്‍ നിരവധി വികസന പദ്ധതികളാണ് ജില്ലയില്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഹോംസ്റ്റേകളുടെ വളര്‍ച്ചക്ക് ഇത് ഏറെ ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോം സ്റ്റേകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ ടൂറിസം വകുപ്പ് ഒരുക്കമാണെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കോര വ്യക്തമാക്കി. ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, പൊലീസ് ഡിപാര്‍ട്മെന്‍റില്‍നിന്ന് ഐസന്‍ ജോര്‍ജ്, സെയില്‍സ് ടാക്സ് വകുപ്പില്‍നിന്ന് കെ. ശശി, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ടി.പി. മാത്യു എന്നിവര്‍ സംസാരിച്ചു. സെയില്‍സ് ടാക്സ് നികുതിയില്‍ കോമ്പൗണ്ടിങ് ഏര്‍പ്പെടുത്തുക, ലൈസന്‍സ് പുതുക്കുന്ന സമ്പ്രദായം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഹോംസ്റ്റേ ഉടമകള്‍ ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.