ഇറ്റാലിയന്‍ ബ്രോക്കോളി ഇടുക്കിയിലും

കട്ടപ്പന: ഇറ്റാലിയന്‍ ബ്രോക്കോളി പാണ്ടിപ്പാറയില്‍ വിളവെടുക്കാന്‍ പാകമായി. യൂറോപ്പിലെ ജനങ്ങളുടെ ഇഷ്ടവിഭവമായ ബ്രോക്കോളി ഹൈറേഞ്ചില്‍ സമൃദ്ധമായി വളരുമെന്ന് വ്യക്തമായി. പാണ്ടിപ്പാറ സെന്‍റ് ജോസഫ്സ് പള്ളിയങ്കണത്തില്‍ പരീക്ഷണാര്‍ഥം നടത്തിയ ബ്രോക്കോളി കൃഷിയില്‍നിന്ന് നൂറുമേനി വിളവാണ് പ്രതീക്ഷിക്കുന്നത്. 450ഓളം പോളിത്തീന്‍ ബാഗില്‍ രണ്ടുമാസം മുമ്പാണ് കെ.സി.വൈ.എം പ്രവര്‍ത്തകര്‍ പരീക്ഷണാര്‍ഥം കൃഷിയിറക്കിയത്. കാബേജിന്‍െറ കുടുംബത്തില്‍പെട്ടതും കോളിഫ്ളവറിനോട് രൂപ സാദൃശ്യമുള്ളതുമായ പച്ചക്കറിയിനമാണ് ബ്രോക്കോളി. യൂറോപ്പിലെ തണുപ്പുകാലാവസ്ഥയില്‍ വളരുന്ന ഈ സസ്യം ഇറ്റലിയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ഒൗഷധഗുണമുള്ള സസ്യമാണിത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് കരുത്തുണ്ടെന്നാണ് പറയുന്നത്. ഇരട്ടയാറിലെ ഒരു സ്വാകാര്യ നഴ്സറിയില്‍നിന്നാണ് ഇതിന്‍െറ വിത്ത് അവര്‍ക്ക് ലഭിച്ചത്. നട്ട ചെടികളില്‍ 90 ശതമാനവും നന്നായി വളര്‍ന്നു. ഇന്ത്യയിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിദേശത്തുനിന്ന് ഇറക്കുമതി നടത്തിയാണ് ബ്രോക്കോളി വില്‍ക്കുന്നത്. കിലോക്ക് 200 രൂപയാണ് ഇപ്പോഴത്തെ വില. ചിലപ്പോള്‍ 300രൂപ വരെ വില ഉയരാറുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് ഹൈറേഞ്ചില്‍ ബ്രോക്കോളി കൃഷിക്ക് വന്‍ സാധ്യതയുണ്ട്. പാണ്ടിപ്പാറ പള്ളി വികാരി ഫാ. കുര്യന്‍ കുര്യാക്കോസ്, നിബു കാളവയലില്‍, അനൂപ് കരന്തകര, സാന്‍ജോ വെട്ടിക്കുഴി, ലിബിന്‍ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.