നഗരത്തില്‍ പൈപ്പ് പൊട്ടലും വെള്ളം പാഴാകലും പതിവാകുന്നു

തൊടുപുഴ: നഗരത്തില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പണി പുരോഗമിക്കുമ്പോള്‍, മറുഭാഗത്ത് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതും റോഡ് തകരുന്നതും പതിവായി. മൂവാറ്റുപുഴ റോഡില്‍ തിയറ്റര്‍പടി ഭാഗത്താണ് ബുധനാഴ്ച പൈപ്പ് പൊട്ടിയത്. തൊടുപുഴ-ഏഴല്ലൂര്‍ റോഡില്‍ പുതുച്ചിറ ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ഇതുമൂലം റോഡും തകര്‍ച്ചയിലാണ്. കഴിഞ്ഞദിവസമാണ് കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനില്‍ പൈപ്പ് പൊട്ടിയത് അധികൃതര്‍ നന്നാക്കിയത്. എന്നാല്‍, ബൈപാസിലേക്കുള്ള പ്രവേശകവാടമായ ഇവിടെ മണ്ണ് കൂനയായി കിടക്കുന്നത് റോഡിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി മാറി. ഇവിടെ പൈപ്പ് പൊട്ടല്‍ പതിവാണെങ്കിലും ഇനിയും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മങ്ങാട്ടുകവല കാഞ്ഞിരമറ്റം ബൈപാസില്‍ ന്യൂമാന്‍ കോളജിന്‍െറ കവാടത്തില്‍ പൈപ്പ് പൊട്ടി. ഇവിടെ നിന്ന് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായത്. ഇവിടെ പൈപ്പിടാന്‍ കുത്തിയകുഴി മൂടാതെ ഇട്ടിരിക്കുന്നത് വാഹനയാത്രക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു. പൈപ്പ് നന്നാക്കാന്‍ വിവിധ ഭാഗങ്ങളില്‍ കുഴിയെടുക്കുന്നത് നന്നാക്കാന്‍ വൈകുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. ഒരിടത്ത് പൈപ്പ് പൊട്ടിയാല്‍ അത് നന്നാക്കാന്‍ പലപ്പോഴും ദിവസങ്ങളെടുക്കും. പൊട്ടുന്ന ഭാഗത്ത് ഗര്‍ത്തങ്ങളാണ് രൂപപ്പെടുന്നത്. വെള്ളം കുത്തിയൊഴുകി ടാറിങ് തകര്‍ന്നാണ് പലഭാഗത്തും റോഡ് അപകടാവസ്ഥയിലാകുന്നത്. പൈപ്പ് പൊട്ടി ഗര്‍ത്തങ്ങള്‍ രൂപപ്പെടാത്ത ഒരു റോഡുപോലും നഗരത്തിലില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.