സ്വകാര്യ–കെ.എസ്.ആര്‍.ടി.സി ബസുകളുടെ മത്സര ഓട്ടം അപകടങ്ങള്‍ സൃഷ്ടിക്കുന്നു

പീരുമേട്: കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത സ്വകാര്യ സൂപ്പര്‍ക്ളാസ് ബസുകള്‍ക്കൊപ്പം സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ മത്സരയോട്ടം നടത്തുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്നു. കെ.എസ്.ആര്‍.ടി.സിക്കൊപ്പം പെര്‍മിറ്റ് നല്‍കിയ ഓര്‍ഡിനറി ബസുകളുടെ സമയം ഹിയര്‍ ചെയ്ത് നല്‍കാത്തതിനാല്‍ മത്സരയോട്ടം തുടരുകയാണ്. നവംബര്‍ 20ന് ചങ്ങനാശേരി-മുരിക്കാശേരി റൂട്ടിലോടുന്ന സ്വകാര്യബസ് പടമുഖത്ത് ബൈക്കിലിടിച്ച്, ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ഏലപ്പാറ മൂന്നാം മൈലില്‍ നെടുകണ്ടത്തുനിന്ന് ചങ്ങനാശേരിയിലേക്ക് വന്ന ബസ് കാറിന്‍െറ പിന്നിലിടിച്ച് കാര്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റ് ബസുകള്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ 1.45 മിനിട്ടും ഓര്‍ഡിനറി ബസുകള്‍ക്ക് രണ്ട് മിനിട്ടുമാണ് സമയം അനുവദിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത പെര്‍മിറ്റുകള്‍ക്കൊപ്പം സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കിയെങ്കിലും സമയം ഹിയര്‍ ചെയ്ത് നല്‍കാത്തതിനാല്‍ ഫാസ്റ്റ് പെര്‍മിറ്റിന്‍െറ സമയത്താണ് ഓര്‍ഡിനറി ബസുകളും സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ മുന്നിലും പിന്നിലും സ്വകാര്യ ബസുകള്‍ സമയ ക്ളിപ്തത പാലിക്കാതെ സര്‍വിസ് നടത്തുന്നത് മത്സരയോട്ടം സൃഷ്ടിക്കുകയാണ്. ഇതോടൊപ്പം ഓര്‍ഡിനറി പെര്‍മിറ്റുള്ള ചില ബസുകളും ഫാസറ്റ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് യാത്രക്കാരില്‍നിന്ന് അധിക കൂലി ഈടാക്കി അനധികൃത സര്‍വിസ് നടത്തുന്നു. സ്വകാര്യ ബസുകള്‍ക്കെതിരെ ഇടുക്കി ആര്‍.ടി ഓഫിസില്‍ പരാതിപ്പെട്ടാലും നടപടി ഉണ്ടാകാറില്ളെന്നും യാത്രക്കാര്‍ പറഞ്ഞു. രേഖാമൂലം പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നാണ് ആര്‍.ടി.ഒ അധികൃതര്‍ പറയുന്നത്. പെര്‍മിറ്റ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ കൊല്ലം-കുമളി റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റായി സര്‍വിസ് നടത്തി അധികകൂലി ഈടാക്കിയതിനെതിരെ ഗ്രാമ്പി സ്വദേശി ഇടുക്കി ആര്‍.ടി ഓഫിസില്‍ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.