പണിതിട്ടും പണിതീരാത്ത റോഡുകളും കലുങ്കുകളും

തൊടുപുഴ: തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പണിതുയര്‍ത്തിയ റോഡുകളും കലുങ്കുകളും തുടര്‍ച്ചയായി പൊളിച്ചുപണിയുന്നത് യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ദുരിതമായി. വെങ്ങല്ലൂര്‍-കോലാനി ബൈപാസ് റോഡ്, വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപാസ് റോഡ്, തൊടുപുഴ-കാഞ്ഞിരമറ്റം റോഡില്‍ മാരിയില്‍ ലോഡ്ജിന് സമീപമുള്ള കലുങ്ക്, ഇ.എസ്.ഐ ഓഫിസിന് മുന്‍വശമുള്ള കലുങ്ക്, റോട്ടറി ജങ്ഷനില്‍ അമ്പലം ബൈപാസ് റോഡിലുള്ള കലുങ്ക്, റോട്ടറി ജങ്ഷന്‍-തൊടുപുഴ പുളിമൂട്ടില്‍കവല റോഡിലുള്ള കലുങ്ക് തുടങ്ങിയവയാണ് പണിതിട്ടും പണി തീരാത്ത പ്രവൃത്തികള്‍. ഇവിടെയെല്ലാം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍, പരാതികളെ പാടെ അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുകയായിരുന്നു. കലുങ്കുകളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. തൊടുപുഴ റോട്ടറി ജങ്ഷനിലും റോട്ടറി ജങ്ഷന്‍-തൊടുപുഴ പുളിമൂട്ടില്‍കവല റോഡിലുള്ള കലുങ്ക് എന്നിവയാണ് വീണ്ടും നിര്‍മിച്ച് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്. അശാസ്ത്രീയ കലുങ്ക് നിര്‍മാണം തുടരുന്നതാണ് വീണ്ടും പൊളിച്ചുപണിയാന്‍ കാരണമെന്ന് ആക്ഷേപം തുടര്‍ച്ചയായുണ്ടാകുന്നുണ്ടെങ്കിലും ഇതൊന്നും ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ല. ലക്ഷങ്ങള്‍ മുടക്കി റോട്ടറി ജങ്ഷന്‍-തൊടുപുഴ പുളിമൂട്ടില്‍കവല റോഡിലുള്ള കലുങ്ക് നിര്‍മാണം നടത്തി മൂന്നുപ്രാവശ്യം പൊളിച്ചുപണിതെങ്കിലും ഇപ്പോഴും മഴ കനത്താല്‍ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. റോട്ടറി ജങ്ഷന്‍-തൊടുപുഴ അമ്പലം ബൈപാസ് റോഡിലുള്ള തടസ്സമാണ് വെള്ളക്കെട്ടിന് തടസ്സമെന്നാണ് ഉദ്യോഗസ്ഥരുടെ പുതിയ കണ്ടുപിടിത്തം. ഇതോടെ പുതുക്കി പണിത കലുങ്ക് പൊളിച്ച് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതോടെ ബൈപാസ് വഴിയുള്ള ഗതാഗതവും പാതിമുടങ്ങിയ അവസ്ഥയിലായി. ലക്ഷങ്ങളാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പൊടിയുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതയും ജല നിര്‍ഗമന മാര്‍ഗമില്ലാത്തതുമാണ് യഥാര്‍ഥ കാരണമെന്ന് യാത്രക്കാരും ജനങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് കലുങ്ക് വീണ്ടും പുനര്‍ നിര്‍മിക്കുന്നത്. ഇവിടെ കലുങ്ക് എത്ര വലുതാക്കിയാലും പുഴയിലേക്കുള്ള ജലനിര്‍ഗമന മാര്‍ഗത്തിലുള്ള കൈയേറ്റങ്ങളും തടസ്സങ്ങളും നീക്കാതെ വെള്ളക്കെട്ട് ഒഴിവാകില്ളെന്നാണ് നാട്ടുകാര്‍ ചുണ്ടിക്കാട്ടുന്നത്. തൊടുപുഴ ഇ.എസ്.ഐ ജങ്ഷനിലുള്ള കലുങ്ക് പണി പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് ശേഷം വീണ്ടും പുതുക്കി പണിയേണ്ടിവന്നു. പക്ഷേ ഇപ്പോഴും ഇവിടെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഇതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തൊടുപുഴ-കാഞ്ഞിരമറ്റം റൂട്ടില്‍ മാരിയില്‍ റോഡിലുള്ള കലുങ്ക് തുടര്‍ച്ചയായി പൊളിച്ചുപണിയുന്നത് യാത്രക്കാര്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വീണ്ടും വീണ്ടും പണിയുന്ന അവസ്ഥയാണ് ഈ കലുങ്കിനുള്ളത്. കലുങ്ക് ഉയര്‍ത്തി നിര്‍മിച്ചെങ്കിലും നിര്‍മാണത്തിലെ അപാകത മൂലം ഇവിടെ വീണ്ടും കലുങ്ക് പൊളിച്ചിട്ടിരിക്കുകയാണ്. വീണ്ടും ലക്ഷങ്ങളുടെ നിര്‍മാണം നടത്തേണ്ട സ്ഥിതിയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ട് അനുദിനം ശക്തി പ്രാപിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.