സഹപാഠിക്ക് സാന്ത്വനമേകാന്‍ വിദ്യാര്‍ഥികളുടെ തട്ടുകട

ആമയാര്‍: മൈതാന മധ്യത്തില്‍ കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുമ്പോള്‍ മനോവേദനയനുഭവിക്കുന്ന സഹപാഠിക്കുവേണ്ടി ധനസമാഹരണം നടത്തുന്നതിന്‍െറ തിരക്കിലാണ് ആമയാര്‍ എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം വളന്‍റിയേഴ്സ്. ആമയാര്‍ എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച നെടുങ്കണ്ടം ഉപജില്ലാ കായികമേളയിലാണ് കൂട്ടുകാരന്‍െറ മാതാവിന്‍െറ ചികിത്സക്കുള്ള പണം സമാഹരിക്കുന്നതിന് സഹപാഠികളും എന്‍.എസ്.എസ് വളന്‍റിയേഴ്സും ചേര്‍ന്ന് തട്ടുകട ആരംഭിച്ചിരിക്കുന്നത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറും ഫിസിക്സ് അധ്യാപകനുമായ ടി.പി. ഹാരിസിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച തട്ടുകടയുടെ ലക്ഷ്യം സ്കൂളിലെ രണ്ടാംവര്‍ഷ ഹ്യുമാനിറ്റീസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ മാതാവിന്‍െറ ഓപറേഷന് വേണ്ട ഭാരിച്ച ചെലവിലേക്ക് തുക കണ്ടത്തെുകയെന്നതാണ്. ക്ളാസുകളില്‍ പ്രതിദിന പിരിവ് നടത്തിക്കൊണ്ടിരിക്കെയാണ് ഉപജില്ലാ കായികമേളക്ക് സ്കൂള്‍ വേദിയാവുന്ന വിവരം അറിഞ്ഞത്. ഇതോടെ തട്ടുകടയെന്ന ആശയം വിദ്യാര്‍ഥികളുടെ മനസ്സില്‍ ഉയരുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചും സ്കൂളില്‍ തങ്ങി എന്‍.എസ്.എസ് യൂനിറ്റിലെ 50ഓളം വിദ്യാര്‍ഥികള്‍ മെയ്യും മനസ്സും മറന്ന് സജീവമായി രംഗത്തുണ്ട്. വിദ്യാര്‍ഥികളുടെ തന്നെ നേതൃത്വത്തിലാണ് തട്ടുകടയിലെ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കിയിരിക്കുന്നത്. രാവിലെ വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാന്‍സി റെജി തട്ടുകടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.