തൊടുപുഴ: ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണനല്‍കുമെന്ന് കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്‍െറ കോഓഡിനേറ്ററും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഫാം, ഹൈറേഞ്ച് സംരക്ഷണസമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസനസമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ദേശീയ കര്‍ഷകസമാജം, സനാതനം കര്‍ഷകസമിതി, കര്‍ഷകവേദി, വെസ്റ്റേണ്‍ ഗാട്ട് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, പരിയാരം കര്‍ഷകസമിതി, ദേശീയ കര്‍ഷകസമിതി, തീരദേശ പ്രസ്ഥാനമായ കടല്‍, കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി, കേരകര്‍ഷകസംഘം, സംസ്ഥാന ഇ.എഫ്.എല്‍ പീഡിത കൂട്ടായ്മ, റബര്‍ കര്‍ഷക സംരക്ഷണസമിതി, അഗ്രികള്‍ചര്‍ ഫോറം, സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍, സെന്‍റര്‍ ഫോര്‍ ഫാര്‍മേഴ്സ് ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച്, ഫാര്‍മേഴ്സ് ക്ളബ് അസോസിയേഷന്‍ തുടങ്ങി 32 ഓളം കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളാണ് ദ പീപ്പിള്‍ കര്‍ഷക ഐക്യവേദിയിലുള്ളത്. കാര്‍ഷിക നാണ്യവിളകളുടെ വിലത്തകര്‍ച്ച കാര്‍ഷികമേഖലയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതിലും ക്രൂരമാണ് സര്‍ക്കാര്‍ ഭരണസംവിധാനങ്ങളുടെ കര്‍ഷക നീതിനിഷേധ നിലപാടുകള്‍. തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികളുണ്ടായിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ളെങ്കില്‍ വരും നാളുകളില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് വി.സി. സെബാസ്റ്റ്യന്‍ മുന്നറിയിപ്പ് നല്‍കി. ആസിയാന്‍ കരാറുകളിലൂടെ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ വിദേശശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത് മുന്‍ യു.പി.എ സര്‍ക്കാറാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകോര്‍പറേറ്റുകളെ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് നിക്ഷേപങ്ങള്‍ക്കായി ക്ഷണിച്ചിരിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷിക മേഖല വീണ്ടും വന്‍ പ്രതിസന്ധിയിലാകുമെന്നും കര്‍ഷകജനത ഇതിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.