ജില്ലാ പഞ്ചായത്തിനെ കൊച്ചുത്രേസ്യ നയിക്കും

ചെറുതോണി: രാഷ്ട്രീയത്തിലും പൊതുരംഗത്തും പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തുമായാണ് കൊച്ചുത്രേസ്യയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അരങ്ങേറ്റം. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയും മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റുമായ ഇവര്‍ക്ക് ജനപ്രതിനിധി സ്ഥാനം പുതുമയല്ല. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള രാജകുമാരി പഞ്ചായത്തില്‍ 1988 ല്‍ പഞ്ചായത്ത് അംഗമായിട്ടാണ് തുടക്കം. അന്ന് പഞ്ചായത്തിനെ ഒറ്റക്ക് നയിച്ചെന്ന പ്രത്യേകതയുമുണ്ട്. വീണ്ടും 1995ല്‍ വീണ്ടും പഞ്ചായത്തില്‍ ജയം. ഇത്തവണ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. തുടര്‍ന്ന് 2000ലും 2010ലും രാജാക്കാട് ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിലത്തെുന്നത്. രാഷ്ട്രീയം മാത്രമല്ല, 34 വര്‍ഷമായി ടീച്ചറായി ജോലിയും ചെയ്യുന്നുണ്ട്. ജീവിതം പൊതുപ്രവര്‍ത്തനത്തിനും വരുംതലമുറക്ക് അറിവ് പകരാനുമായി മാറ്റിവെച്ചതാണ് അവിവാഹിതയായ രാജകുമാരി കുരിശുങ്കല്‍ കുടുംബാംഗമായ കൊച്ചുത്രേസ്യ. 59ാം വയസ്സിലും ടീച്ചര്‍ക്ക് കോണ്‍ഗ്രസെന്നാല്‍ ജീവവായുവാണ്. രാജകുമാരി ജനറല്‍ സീറ്റില്‍ ഇത്തവണ അവസാന റൗണ്ടിലാണ് സീറ്റ് തരപ്പെട്ടത്. കഴിഞ്ഞതവണ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഷൈലജ സുരേന്ദ്രനെ പരാജയപ്പെടുത്തിയ ടീച്ചര്‍ ഇത്തവണ സി.പി.എം നേതാവ് വി.എന്‍. മോഹനനെയാണ് തോല്‍പിച്ചത്. കാല്‍ നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തന പരിചയമുള്ള ടീച്ചര്‍ക്ക് അവിചാരിതമായി വന്നത്തെിയ നിയോഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. കരിങ്കുന്നം ഡിവിഷനില്‍നിന്ന് ജയിച്ച മാത്യു ജോണാണ് (തമ്പി മാനുങ്കല്‍) ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 27 വര്‍ഷമായി കരിങ്കുന്നം സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. കേരള കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് മാത്യു ജോണ്‍. ഇയാള്‍ക്കെതിരെ മത്സരിച്ച എല്‍.ഡി.എഫിലെ നോബിള്‍ ജോസഫിന് ആറ് വോട്ട് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.