മാങ്കുളത്ത് വീണ്ടും സി.പി.എമ്മിന് പ്രസിഡന്‍റ്

മാങ്കുളം: യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച മാങ്കുളം പഞ്ചായത്തില്‍ സി.പി.എമ്മിലെ ഷാജി മാത്യു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗങ്ങളുള്ള മാങ്കുളം പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും അംഗങ്ങളാണ്. ഇതില്‍ യു.ഡി.എഫിലെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന് ശേഷം മാങ്കുളം വികസന സമിതിയുടെ പ്രവര്‍ത്തകന്‍ സണ്ണി വരിക്കയിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദേവികുളം കോടതിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനത്തെിയ സാബുവിനെ പ്രസിഡന്‍റാക്കാന്‍ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം ചെല്ലമ്മ ചെമ്പന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഷാജിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ ഏഴു വോട്ട് ലഭിച്ച ഷാജി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ദേവികുളം സര്‍വേ സൂപ്രണ്ട് അനില്‍ പ്രഖ്യാപിക്കുകയായിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരണാധികാരിക്കെതിരെ തിരിയുകയും വരണാധികാരി മദ്യപിച്ചതായി ആരോപിക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എമ്മിലെ ത്രേസ്യാമ്മ ഒൗസേപ്പ് (മോളി പീറ്റര്‍) വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ രാധാമണി വിജയനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് മോളി വിജയിച്ചത്. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സാബു ജോസഫ് പരാജയപ്പെടുകയും സി.പി.എം വിജയിക്കുകയും ചെയ്തതോടെ ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഉദ്വേഗമുണര്‍ത്തിയെങ്കിലും അട്ടിമറിയൊന്നും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.