തൊടുപുഴ: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭ അധ്യക്ഷയായി മുസ്ലിം ലീഗിലെ സഫിയ ജബ്ബാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ടി.കെ. സുധാകരന്‍ നായരാണ് ഡെപ്യൂട്ടി ചെയര്‍മാന്‍. മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡിനെയാണ് സഫിയ പ്രതിനിധീകരിക്കുന്നത്. ഫലപ്രഖ്യാപനം കഴിഞ്ഞ ഉടന്‍ വരണാധികാരി ഇടുക്കി ആര്‍.ഡി.ഒ, ടി.ജി. സജീവ്കുമാര്‍ മുമ്പാകെ സഫിയ ജബ്ബാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 13നെതിരെ 14 വോട്ടുകള്‍ക്കാണ് സഫിയ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം റൗണ്ടില്‍ ബി.ജെ.പി വിട്ടുനിന്നു. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ 34 കൗണ്‍സിലര്‍മാരാണ് പങ്കെടുത്തത്. 23ാം വാര്‍ഡ് മെംബര്‍ ബി.ജെ.പിയിലെ രേണുക രാജശേഖരന്‍ രോഗം മൂലം ഹാജരായില്ല. ഇവര്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ നടത്തിയിട്ടുമില്ല. 35അംഗ കൗണ്‍സിലില്‍ യു.ഡി.എഫ്- 14, എല്‍.ഡി.എഫ് 13, ബി.ജെ.പി -എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ആദ്യഘട്ടം വോട്ടെടുപ്പില്‍ മൂന്ന് മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നു. ബി.ജെ.പിയിലെ ബിന്ദു പത്മകുമാര്‍, എല്‍.ഡി.എഫിലെ മിനി മധു, യു.ഡി.എഫിലെ സഫിയ ജബ്ബാര്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി ബിന്ദു പത്മകുമാറിന്‍െറ പേര് ബാബു പരമേശ്വരന്‍ നിര്‍ദേശിച്ചു. പി.ആര്‍. വിജയകുമാരി പിന്താങ്ങി. ഇടത് സ്ഥാനാര്‍ഥിയായി മിനി മധുവിന്‍െറ പേര് ആര്‍. ഹരി നിര്‍ദേശിച്ചു. രാജീവ് പുഷ്പാംഗദന്‍ പിന്താങ്ങി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി സഫിയ ജബ്ബാറിന്‍െറ പേര് സിസിലി ജോസ് നിര്‍ദേശിച്ചു. ജസി ആന്‍റണി പിന്താങ്ങി. ഇവര്‍ക്ക് യഥാക്രമം ഏഴ്, 13, 14 എന്ന ക്രമത്തിലാണ് വോട്ട് ലഭിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ കുറച്ച് വോട്ട് ലഭിച്ച ബിന്ദുവിനെ ഒഴിവാക്കി ആദ്യ രണ്ട് സ്ഥാനക്കാരെ ഉള്‍പ്പെടുത്തി വീണ്ടും വോട്ടെടുക്കുകയായിരുന്നു. ഇതില്‍ ബി.ജെ.പി വിട്ടുനിന്നു. 27പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 14 വോട്ട് നേടി സഫിയ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുതിയ ചെയര്‍പേഴ്സനെ കൗണ്‍സിലര്‍മാരായ ആര്‍. ഹരി, ബാബു പരമേശ്വരന്‍, പി.എ. ഷാഹുല്‍ഹമീദ്, ബിന്ദു പത്മകുമാര്‍, മിനി മധു, രാജീവ് പുഷ്പാംഗദന്‍ തുടങ്ങിയവര്‍ അനുമോദിച്ചു. ഉച്ചക്ക് രണ്ടിന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നു. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസിലെ ടി.കെ. സുധാകരന്‍ നായരുടെയും എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് സി.പി.ഐയിലെ സുമമോള്‍ സ്റ്റീഫന്‍െറയും ഗോപകുമാറിന്‍െറയും പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 14, 13, ഏഴ് എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും നടത്തിയ വോട്ടെടുപ്പില്‍ 13നെതിരെ 14 വോട്ട് നേടി സുധാകരന്‍ നായര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ബി.ജെ.പി വിട്ടുനിന്നു. തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ ഊഴമിട്ട് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഇതനുസരിച്ച് ആദ്യ രണ്ടുവര്‍ഷം മുസ്ലിം ലീഗിനും അടുത്ത ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് -എമ്മിനും അവസാന രണ്ടുവര്‍ഷം കോണ്‍ഗ്രസിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.