പരിശോധന നാലു ലക്ഷം കടന്നു; പുതുതായി 120 പേർക്ക് കോവിഡ്

-ബംഗളൂരുവിൽ മാത്രം 42 പേർക്ക് രോഗം -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6000 കടന്നു -മൂന്നു മരണം കൂടി ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 120 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും 68 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 68 പേരിൽ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും മഹാരാഷ്ട്രയിൽനിന്നാണ് എത്തിയത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,041 ആയി ഉയർന്നു. നിലവിൽ 3,108 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച 257 േപർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 2,862 ആയി ഉയർന്നു. ബംഗളൂരുവിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കം വഴി എട്ടുപേർക്കും ഇൻഫ്ലുവൻസ അസുഖബാധിതരായ 21 പേർക്കും ഇതര സംസ്ഥാനത്തുനിന്നും എത്തിയ എട്ടുപേർക്കും വിദേശത്തുനിന്നും എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. മൂന്നുപേർക്ക് രോഗം പകർന്നത് എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ധാർവാഡിൽ 58കാരിയും ബംഗളൂരുവിൽ 32കാരനും 57കാരനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗളൂരുവിൽ 32കാരനെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഇയാൾക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നു. യാദ്ഗിർ (27), വിജയപുര (13), കലബുറഗി (11), ബിദർ (5), ദക്ഷിണ കന്നട (4), ധാർവാഡ് (4), ദാവൻഗരെ (3), ഹാസൻ (3), ബെള്ളാരി (3), ബഗൽകോട്ട് (2), രാമനഗര (2), ബെളഗാവി (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ബുധനാഴ്ച േരാഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ബുധനാഴ്ചയോടെ കർണാടകയിലെ കോവിഡ് പരിശോധന ഫലം നാലു ലക്ഷം പിന്നിട്ടു. സാമ്പിൾ പരിശോധനയിലെ പോസിറ്റിവ് ശരാശരി 1.4 ശതമാനവും രോഗമുക്തി 44 ശതമാനവുമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. ബുധനാഴ്ച വരെ സംസ്ഥാനത്ത് 4,08,506 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 3,94,660 സാമ്പിളുകളും നെഗറ്റിവായിരുന്നു. ഇതിനുള്ള ലാബുകളുെട എണ്ണം വർധിപ്പിച്ചതോടെയാണ് കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനായത്. സംസ്ഥാനത്തിപ്പോൾ 71 ലാബുകളിലാണ് കോവിഡ് പരിശോധനയുള്ളത്. കഴിഞ്ഞ കുറച്ചു ദിവസമായി സാമ്പിൾ പരിശോധനയിൽ കുറവുണ്ടെങ്കിലും ശരാശരി ദിവസവും പതിനായിരം സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്. ബുധനാഴ്ച മാത്രം 8,249സാമ്പിൾ പരിശോധിച്ചതിൽ 7,576 സാമ്പിൾ ഫലം നെഗറ്റിവാണ്. അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് ഒാൺലൈൻ ക്ലാസില്ല ബംഗളൂരു: അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് സംസ്ഥാനത്ത് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് തത്സമയ ഒാൺലൈൻ ക്ലാസ് നടത്തില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. അതേസമയം, റെക്കോഡ് ചെയ്ത ക്ലാസുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. റെക്കോഡ് ചെയ്ത് അപ്ലോഡ് ചെയ്ത ഒാൺലൈൻ ക്ലാസുകൾ ഉണ്ടാകും. എന്നാൽ, കൃത്യമായ സമയം നിശ്ചയിച്ചുള്ള തത്സമയ ഒാൺലൈൻ ക്ലാസുകൾ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ചില സ്കൂളുകളിൽ പ്രൈമറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് തത്സമയ ഒാൺലൈൻ ക്ലാസ് എടക്കുന്നുണ്ട്. ഇതിൽ അഞ്ചാം ക്ലാസ് വരെയുള്ള തത്സമയ ക്ലാസുകൾ ഉടൻ നിർത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള തത്സമയ ഒാൺലൈൻ ക്ലാസുകൾ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.