തൊഴിലാളികൾക്ക് ഫോൺ സന്ദേശം; സർക്കാറിന് ഹൈകോടതിയുടെ വിമർശനം

തൊഴിലാളികളുടെ യാത്ര ഒഴിവാക്കാനുള്ള നീക്കമെന്ന് ചീഫ് ജസ്റ്റിസ് ബംഗളൂരു: ലോക്ഡൗണിനെതുടർന്ന് നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്ത അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ പുറപ്പെടുന്നുണ്ടെന്ന തരത്തിൽ ഫോണുകളിലേക്ക് സന്ദേശം അയച്ച് പരിഭ്രാന്തിയുണ്ടാക്കിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. സാങ്കേതിക പ്രശ്നത്തെതുടർന്നാണ് സേവാസിന്ധു വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവരോട് യാത്ര ഉറപ്പാക്കാൻ ആവശ്യപ്പെട്ട് മൊബൈൽ സന്ദേശം അയച്ചതെന്നായിരുന്നു അധികൃതർ വിശദീകരിച്ചിരുന്നത്. എന്നാൽ, മതിയായ സമയംപോലും നൽകാതെ, രജിസ്റ്റർ ചെയ്ത നിരവധി തൊഴിലാളികളെ ഒഴിവാക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ നിരീക്ഷിച്ചു. മൊബൈൽ സന്ദേശം ലഭിച്ച പരിഭ്രാന്തരായ നിരവധി പേർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രമിക് ട്രെയിനിൽ പോകണമെങ്കിൽ രജിസ്റ്റർ ചെയ്ത നമ്പറി‍ൻെറ അവസാന ആറക്കം ഉൾപ്പെടുത്തി വൈകീട്ട് ആറിനുമുമ്പ് തിരിച്ചയക്കണമെന്നായിരുന്നു അറിയിപ്പ്. സാങ്കേതിക തടസ്സംമൂലം പലർക്കും മറുപടി അയക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാറി‍ൻെറ നടപടിക്കെതിരെ ഒാൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഒാഫ് ട്രേഡ് യൂനിയൻസ് ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി വിമർശനം. സർക്കാർ നടപടിയെ വിമർശിച്ച ഹൈകോടതി, സേവാസിന്ധുവിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വിവരങ്ങൾ നൽകണമെന്നും തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന ഉറപ്പ് നൽകണമെന്നും ഉത്തരവിട്ടു. ലോക്ഡൗൺ: കർണാടകയിൽ വൻ പ്രതിസന്ധിയുണ്ടാക്കുമെന്ന് സർവേ ബംഗളൂരുവില്‍ 50 ശതമാനം സ്റ്റാര്‍ട്ടപ്പുകളും നിര്‍ത്തേണ്ടിവരും ബംഗളൂരു: കോവിഡ്-19‍ൻെറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെതുടർന്ന് കർണാടക വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നെന്ന് സർവേ. വ്യാപകമായ രീതിയിൽ ജോലിനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടാകുമെന്നും അസിം പ്രേംജി സര്‍വകലാശാല സര്‍വേ വ്യക്തമാക്കുന്നു. സൻെറര്‍ ഫോര്‍ അഡ്വക്കെസി ആൻഡ് റിസര്‍ച്ച് (സി.എഫ്.എ.ആര്‍), ഗൗരി മീഡിയ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ വിവിധ മേഖലയിലെ ജനവിഭാഗങ്ങൾ കടക്കെണിയിലകപ്പെട്ടുപോകുമെന്നാണ് സര്‍വേയുടെ പ്രധാന കണ്ടെത്തല്‍. പലര്‍ക്കും അടുത്ത മാസത്തെ വീട്ടുവാടക കൊടുക്കാന്‍ പണമില്ലെന്നും വീട്ടുചെലവുകള്‍ നടത്താന്‍ വായ്പ എടുക്കേണ്ട അവസ്ഥയിലാണ് പലരുമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേര്‍ പുരുഷന്‍മാരും 32 ശതമാനം പേര്‍ സ്ത്രീകളും ഒരു ശതമാനം പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്. കർണാടകയിലെ നഗര മേഖലയിലാണ് കൂടുതൽ പ്രതിസന്ധി. പലർക്കും രണ്ടുമാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. നഗര മേഖലകളില്‍ പണിയെടുക്കുന്ന 59 ശതമാനം കുടിയേറ്റ തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടിണി ഉൾപ്പെടെ ഒഴിവാക്കാൻ സർക്കാർ സ്വീകരിക്കേണ്ട നടപടിയും സർവേയിൽ വിശദീകരിക്കുന്നുണ്ട്. പൊതുവിതരണ സംവിധാനം വ്യാപിപ്പിക്കണമെന്നും അടുത്ത ആറുമാസത്തേക്ക് സൗജന്യ റേഷന്‍ വിതരണം നടപ്പാക്കണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇതിനിടെ, കോവിഡിനെതുടർന്ന് ബംഗളൂരുവിലെ 50 ശതമാനത്തോളം സ്റ്റാർട്ടപ്പുകളും അടച്ചുപൂട്ടൽ ഭീഷണിയിലായി. ഇതിലൂടെ അരലക്ഷത്തോളം പേർക്കാണ് ജോലി നഷ്ടമുണ്ടാകുക. പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുക എന്നതാണ് നിലവില്‍ സ്റ്റാര്‍ട്ടപ്പുകളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് സര്‍വേ വ്യക്തമാക്കുന്നു. ബിസിനസ് കുറഞ്ഞതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സ്റ്റാർട്ടപ്പുകൾ. അടുത്ത മൂന്നുമാസത്തിനുള്ളിൽ ബംഗളൂരുവിലെ രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ നിർത്തേണ്ട സാഹചര്യമാണുള്ളത്. നീക്കിയ കാവിപ്പതാകകൾ വീണ്ടും സ്ഥാപിച്ചു; വിജയനഗറിൽ പ്രതിഷേധം വ്യാപകം ബംഗളൂരു: ബംഗളൂരുവിലെ വിജയനഗർ മാർക്കറ്റിലെ കടകൾക്ക് മുന്നിലെ കാവിപ്പതാകകൾ നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും കാവിപ്പതാകകൾ പ്രത്യക്ഷപ്പെട്ടു. പ്രദേശത്തെ മതസൗഹാർദം തകർക്കാനുള്ള നീക്കമാണെന്ന് വ്യാപാരികളും തെരുവുകച്ചവടക്കാരും ആരോപിച്ചു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ സ്ഥാപിച്ച കാവിപ്പതാകകൾ നീക്കം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വീണ്ടും കടകൾക്ക് മുന്നിൽ കാവിപ്പതാകകൾ സ്ഥാപിക്കുകയായിരുന്നു. പരാതിയെതുടർന്ന് നീക്കം ചെയ്ത പതാകകൾ ഭീഷണിപ്പെടുത്തി വീണ്ടും ബജ്രംഗ്ദൾ പ്രവർത്തകർ സ്ഥാപിക്കുകയായിരുന്നുവെന്നും പൊലീസി‍ൻെറ ഭാഗത്തുനിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികളും അഭിഭാഷകരും പറയുന്നു. പ്രത്യേക മതവിഭാഗത്തിലുള്ളവരുടെ കടകളുടെ ബോർഡിൽ മാത്രമാണ് കാവിക്കൊടികൾ ഉയർത്തിയത്. ഇതുസംബന്ധിച്ച അഞ്ചോളം പരാതി ബംഗളൂരു പൊലീസിന് ലഭിച്ചിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. മേയ് 18നാണ് പ്രദേശത്തെ ചില കടകളിൽ മാത്രം കൊടി സ്ഥാപിച്ചത്. മതപരമായ രീതിയിൽ കടകളെ വേർതിരിക്കുന്ന തരത്തിൽ പ്രദേശത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് കൊടികൾ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വിജയനഗർ പൊലീസിൽ പരാതി നൽകി. ചില കടകളിൽ ഉടമകളുടെ അനുമതിയോടെയാണ് കാവിക്കൊടി സ്ഥാപിച്ചതെന്നും മറ്റുള്ളവയിൽ അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കൊടി സ്ഥാപിക്കാൻ അനുമതി തേടിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിവരം നൽകാൻ ബി.ബി.എം.പിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.