കർണാടകയിൽ കോവിഡ് പരിശോധനക്ക് തുക ഈടാക്കുന്നു

തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ പരിശോധനക്ക് 650 രൂപ അടക്കണം ബംഗളൂരു: കർണാടകത്തിലേക്ക് മറ്റു രാജ്യങ്ങളിൽനിന്നും കോവിഡ് തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്നും വ്യോമ, റെയിൽ മാർഗമെത്തുന്നവർ ഇനിമുതൽ കോവിഡ് പരിശോധനക്ക് തുക അടക്കണമെന്ന് സർക്കാർ ഉത്തരവ്. സർക്കാറിൻെറ കീഴിൽ സൗജന്യ നിർബന്ധിത നിരീക്ഷണ കേന്ദ്രങ്ങളുടെ കുറവും ഗ്രാമീണമേഖലയിൽ ഉൾപ്പെടെ പണം കൊടുത്ത് ലോഡ്ജുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചതുമാണ് തീരുമാനത്തിലേക്ക് സർക്കാറിനെ നയിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ തീവ്രബാധിത സ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കായിരിക്കും ഇത് ബാധകം. സ്വകാര്യ ലാബുമായി സഹകരിച്ചാണ് നിശ്ചിത തുക ഫീസ് ഈടാക്കി ആളുകൾ എത്തിയ ഉടൻ സാമ്പിൾ ശേഖരിക്കുക. നെഗറ്റിവാകുന്നവരെ വീടുകളിൽ നിരീക്ഷണത്തിലേക്ക് മാറ്റും. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളുടെ കിയോസ്‌ക്കുകള്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ക്രമീകരിക്കും. 650 രൂപയാണ് സ്രവ പരിശോധനക്ക് യാത്രക്കാരില്‍നിന്ന് ഈടാക്കുക. 24 മണിക്കൂറിനുള്ളില്‍ ഫലം പുറത്തുവരും. പരിശോധന ഫലം പോസിറ്റിവായാല്‍ പരിധിയില്‍പെട്ട ജില്ല കുടുംബാരോഗ്യ ക്ഷേമ ഉദ്യോഗസ്ഥനെയും ബി.ബി.എം.പി. ചീഫ് ഹെല്‍ത്ത് ഓഫിസറെയും അറിയിക്കണം. തുടർന്ന് രോഗികളെ ആംബുലൻസിൽ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കും. പരിശോധന ഫലം സംബന്ധിച്ച വിവരങ്ങള്‍ ലാബുകള്‍ യാത്രക്കാരെയും സംസ്ഥാന സര്‍ക്കാറിൻെറ നോഡല്‍ ഓഫിസറെയും അറിയിക്കണം. വിമാനത്താവളം, റെയില്‍വേ അധികൃതര്‍ സ്രവ ശേഖരണത്തിനുള്ള കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കണം. നിലവിൽ തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പണം നൽകിയും അല്ലാതെയുമുള്ള ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഇപ്പോൾ തന്നെ കൂടുതൽ ആളുകൾ ഉള്ളതിനാൽ പുതുതായി എത്തുന്നവരെ എത്രയും വേഗം പരിശോധിച്ച് പോസിറ്റിവായവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് പുതിയ നടപടി. കേരളത്തിൽനിന്ന് കർണാടകയിലെത്തുന്നവർക്ക് നിലവിൽ 14 ദിവസത്തെ ഹോം ക്വാറൻറീനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മാറ്റമില്ല. എന്നാൽ, തീവ്രബാധിത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേന്ദ്രം മാറ്റം വരുത്തിയാൽ പുതുതായി മറ്റു സംസ്ഥാനങ്ങളും ഈ നിബന്ധനക്ക് കീഴിൽ വരും. മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വിമാനത്തിൽ വരുന്നവരുടെ സാമ്പിൾ ബംഗളൂരുവിലെ ക്സൈടൺ ഡയഗ്നോസ്റ്റിക്സിലും ട്രെയിനിൽ വരുന്നവരുടെ സാമ്പിൾ ന്യൂബെര്‍ഗ് ആനന്ദ് റഫറന്‍സ് ലബോറട്ടറീസ്, കാന്‍കൈറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ആസ്റ്റര്‍ ലാബ്, നാരായണ ഹൃദയാലയ ലാബ്, വൈദേഹി ആശുപത്രി ആൻഡ് ലാബ്, സിന്‍ജെന്‍ ഇൻറര്‍നാഷനല്‍ ലാബ് എന്നിവിടങ്ങളിലുമായിരിക്കും പരിശോധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.