അഞ്ചു സംസ്ഥാനങ്ങളിൽനിന്നുള്ള വിമാനങ്ങൾ നിയന്ത്രിക്കണമെന്ന്​ സർക്കാർ

ബംഗളൂരു: മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽനിന്നുള്ള വിമാനങ്ങളുടെ വരവ് നിയന്ത്രിക്കണമെന്ന് കർണാടക വ്യോമയാന മന്ത്രാലയത്തോടാവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേർ കർണാടകയിലേക്ക് എത്തുന്നതും അവരെ നിരീക്ഷണത്തിലാക്കാനുള്ള ബുദ്ധിമുട്ടും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കണക്കിലെടുത്താണ് തീരുമാനം. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് അടക്കമാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തുക. ട്രെയിൻ, റോഡ് വഴി മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളിൽനിന്നുള്ള കർണാടകയിലേക്ക് മേയ് 31വരെ യാത്രവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തിൻെറ പുതിയ തീരുമാനം. നേരത്തെ ഇൗ അഞ്ച് സംസ്ഥാനങങ്ങളിൽ നിന്നുള്ള വിമാനഗതാഗതം വിലക്കിയെന്ന വാർത്ത പുറത്തുവന്നിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ വിലക്കില്ലെന്നും നിയന്ത്രണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമുള്ള വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനയാത്രക്കാരടക്കമുള്ളവരെ പരിമിതപ്പെടുത്തുമെന്ന് ജെ.സി. മധുസ്വാമി പറഞ്ഞു. ഈ അഞ്ചു സംസ്ഥാനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം എത്തിയവർക്ക് വ്യാപകമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ക്വാറൻറീനിലുള്ളവർ അവരുടെ നിർബന്ധിത നിരീക്ഷണം പൂർത്തിയാക്കി വീടുകളിലെ നിരീക്ഷണത്തിലേക്ക് പോകുന്ന മുറക്ക് യാത്ര അനുവദിക്കാനാണ് തീരുമാനം. അതുവരെ വിലക്ക് തുടരും. നേരത്തെ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് വിമാനത്തിൽ എത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിലും കഴിയണം. അതേസമയം, കർണാടകയിൽനിന്ന് ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തിരിച്ചുപോകുന്നതിന് വിലക്കില്ല. രോഗലക്ഷണമില്ലാത്ത ഒരുപാട് പേർക്ക് പ്രത്യേകിച്ച് മഹാരാഷ്ട്രയിൽനിന്ന് എത്തുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് മന്ത്രിമാർ വിലക്ക് ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും മധുസ്വാമി പറഞ്ഞു. കൂടുതൽ പേർ എത്തുമ്പോൾ അവർക്കെല്ലാം ക്വാറൻറീൻ സൗകര്യം നൽകാനാകില്ല. ഇതോടൊപ്പം വിദേശത്തുനിന്നു വരുന്ന യാത്രക്കാരിൽ രോഗലക്ഷണമില്ലാത്തവരെ ഏഴുദിവസത്തിനുശേഷം കോവിഡ്-19 പരിശോധനക്ക് വിധേയമാക്കുന്നതും ഒഴിവാക്കി. വിമാനയാത്രക്കാർക്ക് നിലവിൽ ഏഴു ദിവസം ഇൻസിറ്റിറ്റ്യൂഷനൽ ക്വാറൻറിനും അതിനുശേഷം േകാവിഡ് പരിശോധന െനഗറ്റീവായാൽ വീട്ടിൽ ഏഴുദിവസം നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പുതിയ തീരുമാനപ്രകാരം ഏഴുദിവസത്തെ ഇൻസിറ്റിറ്റ്യൂഷനൽ ക്വാറൻറീനുശേഷം രോഗലക്ഷണമില്ലെങ്കിൽ രോഗപരിശോധന നടത്താതെതന്നെ വീട്ടിൽ നിരീക്ഷണത്തിലാക്കും. താപനില 99.5ന് താഴെ ആയവരെയായിരിക്കും വീടുകളിലേക്ക് നിരീക്ഷണത്തിൽ പറഞ്ഞയക്കുക. ഏഴു ദിവസത്തിനുശേഷം എല്ലാ വിദേശ യാത്രക്കാരെയും ആർ.ടി. പി.സി.ആർ പരിശോധനക്ക് വിധേയമാക്കുന്നത് ചെലവ് വർധിപ്പിക്കുകയാണെന്നും ഇത് ഭാവിയിൽ കിറ്റുകൾ കുറയാൻ കാരണമാകുമെന്നുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.