തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വർധന: നഗരത്തിൽ തിരക്കേറുന്നു

മടങ്ങിവരുന്നവർക്കായി സേവാസിന്ധു പാസിന് പ്രത്യേക ലിങ്ക് ബംഗളൂരു: ലോക്ഡൗൺ നാലാം ഘട്ടം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗളൂരു നഗരത്തിലേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. സേവാസിന്ധു വെബ്സൈറ്റ് വഴി കൂടുതൽ പേർക്ക് പാസ് നൽകിത്തുടങ്ങിയതോടെയാണ് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. വിമാന സർവിസും പുനരാരംഭിച്ചതോടെ കഴിഞ്ഞദിവസം മുതൽ നഗരത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ മടങ്ങിയെത്തി തുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരത്തിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. തീരദേശ കർണാടകയിൽനിന്ന് ബംഗളൂരുവിലേക്ക് പ്രവേശിക്കുന്ന നെലമംഗല ടോൾ ഗേറ്റിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. രണ്ടു മാസത്തിനുശേഷമാണ് തിങ്കളാഴ്ച കൂടുതൽ പേരും മടങ്ങിയെത്തിയത്. കോവിഡ് ഭീതിയെ തുടർന്ന് ഭൂരിഭാഗം പേരും സ്വകാര്യ വാഹനങ്ങളിലാണ് എത്തിയത്. ചരക്ക് വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. അതാണ് തിരക്ക് വലിയരീതിയിൽ ഉയരാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ കോവിഡ് വ്യാപനം ഇപ്പോൾ കുറവായതിനാൽതന്നെ ജനജീവിതം സാധാരണ നിലയിലാണ്. തിങ്കളാഴ്ച മുതൽ നഗരത്തിലെ ഭൂരിഭാഗം സർക്കാർ ഒാഫിസുകളും പൂർണമായും പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര വിമാന സർവിസ്, സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ്, കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസ് സർവിസുകളും ആരംഭിച്ചു. ഇതോടെ നഗരം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയെന്നും വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, നഗരത്തിൽ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും കടകളിൽ ആളുകൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. തുണിക്കടകളിലും ജ്വല്ലറികളിലും ആളുകൾ എത്തുന്നത് വിരളമാണ്. അതിനാൽതന്നെ വലിയ പ്രതിസന്ധിയാണ് വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത്. ജൂണോടെ സാധാരണ നില കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ, സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്നും വ്യാപാരികൾ പറയുന്നു. ഹോട്ടലുകൾ ഇപ്പോൾ പാർസൽ സർവിസാണുള്ളത്. ജൂൺ മുതൽ പൂർണതോതിൽ പ്രവർത്തിക്കാനുള്ള അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ആഭ്യന്തര വിമാന സർവിസ് ഉൾപ്പെടെ പുനരാരംഭിച്ച പശ്ചാത്തലത്തിൽ സേവാസിന്ധു വഴി പാസ് നൽകുന്നത് കൂടുതൽ വേഗത്തിലാക്കി. വെബ്സൈറ്റിലെ ലിങ്കുകളിലും മാറ്റം വരുത്തി. കർണാടകയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, വിദേശ രാജ്യങ്ങളിൽനിന്ന് കർണാടകയിലേക്ക് എത്തുന്നവർ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് മടങ്ങിവരുന്നവർ എന്നീ മൂന്നു വിഭാഗത്തിന് പുറമെ ട്രെയിൻ, വിമാനയാത്രക്കാർക്ക് ലിങ്ക് ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിമാനത്തിലും ട്രെയിനിലുമായി വരുന്നവർക്കാണ് പ്രത്യേക പാസിനുള്ള ലിങ്ക് തുറന്നത്. ക്വാറൻറീൻ മാർഗനിർദേശവും നൽകിയിട്ടുണ്ട്. അപേക്ഷിച്ചിട്ടും പാസ് ലഭിക്കാത്തവർക്ക് അവരുടെ കാരണം വിശദമാക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ട്. വെബ്സൈറ്റ് ലിങ്ക്:https://sevasindhu.karnataka.gov.in/Sevasindhu/English ബി.എം.ടി.സി ബസ് സർവിസ് വർധിപ്പിച്ചു ബംഗളൂരു: ടിക്കറ്റ് നൽകി തുടങ്ങിയതോടെ ബി.എം.ടി.സി ബസുകളിൽ കൂടുതൽ ആളുകൾ കയറി തുടങ്ങി. ഇതോടെ ഇതുവരെ നടത്തിയ ഷെഡ്യൂളുകൾക്ക് പുറമെ കൂടുതൽ സർവിസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ചൊവ്വാഴ്ച മുതലാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്. തിരക്ക് വർധിക്കുന്നതിനാൽ പ്രതിദിനം 4000 ബസുകൾ ഒാടിക്കുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു. രാവിലെയും വൈകീട്ടുമായിരിക്കും കൂടുതൽ സർവിസുകൾ നടത്തുക. സാമൂഹിക അകലം നിർബന്ധമായതിനാൽ ഒരു ബസിൽ 27 യാത്രക്കാരെയാണ് കയറ്റുന്നത്. യാത്രക്കാർക്ക് ഫേസ്മാസ്ക് നിർബന്ധമാണ്. യാത്രക്കാരും കണ്ടക്ടറും തമ്മിൽ നേരിട്ടുള്ള ഇടപാടുകൾ കുറക്കാൻ ആയിരം ബസുകളിൽ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യം ബി.എം.ടി.സി സജ്ജീകരിച്ചു. ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ഗൂഗ്ൾ പേ, പേ.ടി.എം തുടങ്ങിയ ഒാൺലൈൻ ഇടപാടിലൂടെ പണം നൽകി ടിക്കറ്റ് വാങ്ങാം. കോവിഡ് വ്യാപന ഭീതിയുള്ളതിനാൽ ബി.എം.ടി.സി ബസുകളിൽ ദിവസ, ആഴ്ച, മാസ പാസുകളായിരുന്നു ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. ദിവസ പാസിന് 70 രൂപയായിരുന്നു. ഒരു ദിവസം രണ്ടു യാത്ര മാത്രം നടത്തുന്ന ദിവസക്കൂലിക്കാർക്ക് 70 രൂപയുടെ പാസ് നഷ്ടമായിരുന്നു. ഇതേതുടർന്ന് പ്രതിഷേധം ഉയർന്നതോടെയാണ് ടിക്കറ്റ് ഏർപ്പെടുത്തിയത്. അതേസമയം, കണ്ടക്ടറും യാത്രക്കാരും തമ്മിലുള്ള കൈമാറ്റങ്ങൾ കുറക്കാൻ ബി.എം.ടി.സി ടിക്കറ്റ് നിരക്ക് അഞ്ചിൻെറ ഗുണിതങ്ങളാക്കി മാറ്റി. വിക്ടോറിയ ആശുപത്രിയിലെ കോവിഡ് വാർഡിൽ ചെറിയ പെരുന്നാളാഘോഷം ബംഗളൂരു: കോവിഡ്-19‍ൻെറ ആശങ്കകൾക്കിടെ പ്രതീക്ഷ പകർന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചെറിയ പെരുന്നാളാഘോഷം. കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലാണ് തിങ്കളാഴ്ച ചികിത്സയിലുള്ളവർക്കായി ചെറിയ പെരുന്നാൾ ആഘോഷിച്ചത്. കോവിഡ് വാർഡിലുള്ള ഭൂരിഭാഗം പേർക്കും രോഗ ലക്ഷണമൊന്നുമില്ല. കുട്ടികൾക്കായി പ്രത്യേക കളികളും വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരവും നടത്തി. കോവിഡ് വാർഡിലുള്ള 96 രോഗികളിൽ 88 പേർക്കും രോഗ ലക്ഷണമൊന്നുമില്ല. ഇതിൽ 14പേർ കുട്ടികളാണ്. ചികിത്സയിലുള്ളവരിൽ ഡോക്ടറും പൊലീസുകാരനും നഴ്സും ഉണ്ട്. ചെറിയ പെരുന്നാൾ ദിനം സാമൂഹിക അകലം ഉറപ്പാക്കി നമസ്കാരം നടത്താനുള്ള മാറ്റുകളും നൽകിയിരുന്നു. ആശുപത്രിയിലെ ഒറ്റപ്പെടലിൽനിന്ന് അവരെ പ്രചോദിപ്പിക്കാനാണ് ഇത്തരത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.