സംസ്ഥാനത്ത് പുതുതായി 138 പേർക്കുകൂടി കോവിഡ്; 111 പേരും മഹാരാഷ്​​ട്രയിൽനിന്ന് എത്തിയവർ

26 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു ബംഗളൂരു: കർണാടകയിൽ പുതുതായി 138 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,743 ആയി ഉയർന്നു. ഇതിനിടെ വെള്ളിയാഴ്ച മാത്രം 26 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 597 ആയി. നിലവിൽ 1104 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ബംഗളൂരു(5), മാണ്ഡ്യ (8), ബെളഗാവി (1), ദാവൻഗരെ (3), ഹാസൻ (14), ബാഗൽകോട്ട് (1), ബിദർ (9), ചിക്കബെല്ലാപുര (47), വിജയപുര (7), ഉത്തര കന്നട (1), ദക്ഷിണ കന്നട (1), ഉഡുപ്പി (3), ധാർവാഡ് (2), ശിവമൊഗ്ഗ (2), റായ്ച്ചൂർ (10), തുമകുരു (8), യാദ്ഗിർ (2), ചിത്രദുർഗ (1), ബംഗളൂരു റൂറൽ (5), ചിക്കമഗളൂരു (5), ഹാവേരി (3) എന്നിങ്ങനെയാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആകെ രോഗം സ്ഥിരീകരിച്ച 138 പേരിൽ 111 പേരും മഹാരാഷ്ട്രയിൽനിന്ന് വിവിധ ജില്ലകളിലേക്ക് തിരിച്ചെത്തിയവരാണ്. വെള്ളിയാഴ്ച ചിക്കബെല്ലാപുരയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ധാർവാഡിൽ ഡൽഹിയിൽനിന്ന് എത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഏഴുമാസം പ്രായമായ കുഞ്ഞിന് ദുബൈയിൽനിന്ന് ജീവൻരക്ഷ മരുന്നെത്തിച്ച് എസ്.വൈ.എസ് ബംഗളൂരു: ബംഗളൂരുവിലുള്ള ഏഴുമാസം പ്രായമായ കുഞ്ഞിന് ദുബൈയിൽ നിന്ന് മരുന്ന് എത്തിച്ച് നൽകി 'എസ്.വൈ.എസ് സാന്ത്വന'ത്തി‍ൻെറ ജീവകാരുണ്യ പ്രവർത്തനം. ഇന്ത്യയിൽ എവിടെയും മരുന്ന് ലഭിക്കാതിരുന്നതോടെയാണ് അന്വേഷണം ദുബൈയിൽ എത്തിച്ചേർന്നത്. രാജ്‌കുമാർ- കിരൺകുമാരി ദമ്പതികളുടെ മകൻ റയാൻ എന്ന ഏഴു വയസ്സുകാരനാണ് അപസ്മാരത്തിനുള്ള മുരന്ന് എത്തിച്ചുനൽകാൻ എസ്.വൈ.എസ് മെഡിക്കൽ എമർജൻസി ടീം ഇടപെട്ടത്. കൊൽക്കത്ത സ്വദേശിയായ രാജ്‌കുമാറും കുടുംബവും കഴിഞ്ഞ 12 വർഷമായി ബംഗളൂരുവിലാണ് താമസം. ബംഗളൂരുവിൽ റസ്റ്റാറൻറ് നടത്തുകയാണ് രാജ്കുമാർ. അസുഖമുള്ള കുഞ്ഞിനെ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ ആശുപത്രിയിലും കർണാടകയിൽ എവിടെയും കുഞ്ഞിനുള്ള മരുന്ന് കിട്ടാതായി. ഇവരുടെ ബന്ധു ബംഗളൂരുവിലെ കോവിഡ് ഹെൽപ് ഡെസ്കിൽ വിവരം അറിയിക്കുകയും അവർ തൃശൂർ കലക്ടറേറ്റിൽ ബന്ധപ്പെടുകയുമായിരുന്നു. കലക്ടറേറ്റിൽനിന്ന് എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി എസ്. ശറഫുദ്ധീനെ ബന്ധപ്പെടുകയും അദ്ദേഹം മരുന്ന് എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. തുടർന്ന് എസ്.വൈ.എസ് സാന്ത്വനം നാഷനൽ ഡെസ്ക് കോഒാഡിനേറ്റർ ശരീഫ് ബംഗളൂരു, നാഗ്പൂർ, പുണെ, ഡൽഹി എന്നിവിടങ്ങളിൽ എല്ലാം ഈ മരുന്നിനായി അന്വേഷണം നടത്തിയെങ്കിലും എവിടെയും സ്റ്റോക്കുണ്ടായിരുന്നില്ല. തുടർന്ന് ദുബൈയിലെ ഐ.സി.എഫ്, ആർ.എസ്.സി സംഘടനകൾ വഴിയും അന്വേഷണം നടത്തി. സാന്ത്വനം വളൻറിയറായ റഈസ് മരുന്ന് വാങ്ങി വിമാനം വഴി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. എസ്.വൈ.എസ് വളൻറിയർമാർ മരുന്ന് തലപ്പാടി അതിർത്തിയിൽ എത്തിക്കുകയും തുടർന്ന് കർണാടക എസ്.വൈ.എസ് കമ്മിറ്റി ബംഗളൂരുവിലെത്തിക്കുകയും ചെയ്തു. ബംഗളൂരു ജില്ല എസ്.വൈ.എസ് പ്രസിഡൻറ് ബശീർ സഅദി മരുന്ന് രാജ്‌കുമാറിന് കൈമാറി. വിദേശരാഷ്ട്രങ്ങളിൽ കഴിയുന്ന നിരവധി രോഗികൾക്ക് ഇതിനകം എസ്.വൈ.എസ് സാന്ത്വനം വഴി മരുന്നുകൾ എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ട ലോക്ഡൗൺ ആരംഭിച്ച ദിവസം മുതൽ എസ്.വൈ.എസ് വളൻറിയർമാർ അവശ്യസേവനങ്ങളുമായി സജീവമാണ്. ശ്രമിക് ട്രെയിനിൽ പോകുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക സർക്കാർ വഹിക്കും ബംഗളൂരു: പ്രത്യേക ശ്രമിക് ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് തുക കർണാടക സർക്കാർ വഹിക്കും. കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽനിന്നും ടിക്കറ്റ് തുക ഈടാക്കുന്നതിൽ ഹൈകോടതിയിൽനിന്നും വിമർശനം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നിലപാട് മാറ്റിയത്. മേയ് 31വരെ സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് തുകയായിരിക്കും സർക്കാർ വഹിക്കുക. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് തുക നൽകാൻ തൊഴിലാളികൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ പിന്തുണ നൽകുന്നതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു. കേന്ദ്ര മാർഗനിർദേശ പ്രകാരം തൊഴിലാളികളെ ട്രെയിനിൽ അയക്കുന്ന സംസ്ഥാനമായിരിക്കണം തുക നൽകേണ്ടത്. അങ്ങനെ നൽകിയില്ലെങ്കിൽ യാത്രക്കാരിൽനിന്നോ അതല്ലെങ്കിൽ യാത്രക്കാർ എത്തുന്ന സംസ്ഥാനമോ ടിക്കറ്റ് തുക നൽകണം. ലോക്ഡൗണിനുശേഷം അന്തർ സംസ്ഥാന തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ എെന്താക്കെയാണെന്ന് അറിയിക്കാൻ നേരത്തേ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമ്പോഴാണ് തൊഴിലാളികൾക്ക് ടിക്കറ്റ് തുക നൽകാൻ കഴിയാത്തതി‍ൻെറ ബുദ്ധിമുട്ട് ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ നിരീക്ഷിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും ശ്രമിക് ട്രെയിനിൽ കർണാടകയിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് കർണാടക സർക്കാറാണ് ടിക്കറ്റ് തുക നൽകുന്നത്. സംസ്ഥാനത്ത് ചില ജില്ലകളിൽ ഉഷ്ണതരംഗം ബംഗളൂരു: വടക്കൻ കർണാടകയിൽ അടുത്ത കുറച്ചു ദിവസത്തേക്ക് ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോഴുള്ള ചൂട് അടുത്ത രണ്ടു മൂന്നു ദിവസം കൂടി തുടരും. ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര തുടങ്ങിയ ജില്ലകളിലായിരിക്കും ഊഷ്ണതരംഗത്തെ തുടർന്ന് കഠിനമായ ചൂട് അനുഭവപ്പെടുക. കലബുറഗിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43.1 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ രാവിലെ 11. 30നും ഉച്ചക്കുശേഷം 3.30നും ഇടയിൽ കർഷകർ കൃഷിയിടങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ചിക്കമഗളൂരു, ചിത്രദുർഗ, ഹാസൻ, മാണ്ഡ്യ, മൈസൂരു തുടങ്ങിയ മലനാട് മേഖലയിൽ നേരിയ തോതിൽ മഴ പെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.