ഇന്ന് മുതൽ സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ്

-ബംഗളൂരുവിൽനിന്നും മൈസൂരുവിലേക്കും ബെളഗാവിയിലേക്കും ട്രെയിൻ ഒാടും ബംഗളൂരു: നാലാം ഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും ബെളഗാവിയിലേക്കും വെള്ളിയാഴ്ച മുതൽ ട്രെയിൻ സർവിസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ് നടത്താൻ കേന്ദ്ര അനുമതി കൂടി ലഭിച്ചതോടെയാണ് നടപടിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ മുന്നോട്ടുപോയത്. രണ്ടു മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ് ആരംഭിക്കുന്നത്. കർശന സുരക്ഷാ മാർഗനിർദേശങ്ങളോടെയായിരിക്കും ട്രെയിൻ സർവിസ്. ബംഗളൂരു- ബെളഗാവി ട്രെയിൻ ബംഗളൂരുവിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ബെളഗാവിയിൽനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സർവിസ് നടത്തുക. ബംഗളൂരുവിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് ഹുബ്ബള്ളിയിൽ വൈകീട്ട് 3.25നും ബെളഗാവിയിൽ 4.30നും എത്തും. തിരിച്ച് ശനിയാഴ്ച രാവിലെ എട്ടിന് ബെളഗാവിയില്‍ നിന്നു പുറപ്പെട്ട് 10.50ന് ഹുബ്ബള്ളിയിലും വൈകീട്ട് 4.30ന് ബംഗളൂരുവിലും എത്തും. യശ്വന്തപുര, തുമകുരു, അരസിക്കരെ, ബിരൂര്‍, ചിക്കജജുര്‍, ദാവന്‍ഗരെ, ഹരിഹര്‍, റണെബെന്നൂര്‍, ഹാവേരി, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ബംഗളൂരു - മൈസൂരു ട്രെയിൻ ബംഗളൂരുവില്‍ നിന്ന് രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചക്ക് 12.45ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചക്ക് 1.45ന് മൈസൂരുവില്‍ നിന്നു പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ബംഗളൂരുവിലെത്തും. കെങ്കേരി, രാമനഗര, മദ്ദൂര്‍, മാണ്ഡ്യ, പാണ്ഡവപുര, നാഗനഹള്ളി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ യാത്രക്കാർക്കായി 14 കമ്പാർട്ട്മൻെറുകളാണുണ്ടാകുക. സാമൂഹിക അകലം പാലിച്ച് 1,484പേർക്കാണ് യാത്ര ചെയ്യാനാകുക. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് മാത്രമെ ടിക്കറ്റ് എടുക്കാനാകൂ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് യാത്രക്കാർ സ്റ്റേഷനിൽ എത്തണം. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ലോക്ഡൗണിനുശേഷം പ്രത്യേക ട്രെയിനുകളും ചരക്ക് ട്രെയിനുകളും ഡൽഹിയിൽനിന്നുള്ള രാജധാനി ട്രെയിനുമാണ് ഇതുവരെ സർവിസ് നടത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ഹുബ്ബള്ളി ജനശതാബ്ദി എക്സ്പ്രസ് ബംഗളൂരു: കെ.എസ്.ആര്‍. ബംഗളൂരു - ഹുബ്ബള്ളി - കെ.എസ്.ആര്‍. ബംഗളൂരു ജനശതാബ്ദി എക്‌സ്പ്രസ് ജൂണ്‍ ഒന്നിന് സർവിസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. കെ.എസ്.ആര്‍. ബംഗളൂരു - ഹുബ്ബള്ളി ജനശതാബ്ദി എക്‌സ്പ്രസ് (02079) രാവിലെ ആറിന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട് ഉച്ചക്ക് 1.45ന് ഹുബ്ബള്ളിയിലെത്തും. യശ്വന്തപുര, തുമകുരു, അര്‍സിക്കെരെ, ബിരുര്‍, ചിക്കജജുര്‍, ദാവന്‍ഗരെ, ഹരിഹര്‍, റണെബെന്നൂര്‍, ഹാവേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. കർണാടകയിലേക്ക് വരാനായി അപേക്ഷിച്ചവർ 1.90 ലക്ഷം ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ കർണാടകയിലേക്ക് മടങ്ങിയെത്തുന്നതിനായി അപേക്ഷ നൽകിയവരുടെ എണ്ണം 1.90 ലക്ഷമായി. ഇതുവരെ 1.26 ലക്ഷം പേർക്കാണ് കർണാടക സർക്കാർ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ് നൽകിയത്. ഇതിൽ 1.1 ലക്ഷത്തോളം പേർ നിർബന്ധിത സർക്കാർ നിരീക്ഷണത്തിലാണ്. നേരത്തെ എത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചത്. കഴിഞ്ഞയാഴ്ചയാണ് നിർബന്ധിത സർക്കാർ നിരീക്ഷണം ഏർപ്പെടുത്തിയത്. നിർബന്ധിത നിരീക്ഷണത്തിൽ പരാതികൾ ഉയർന്നതോടെ രോഗ ലക്ഷണമില്ലാത്തവരെ സ്റ്റാമ്പ് ചെയ്ത് വീടുകളിൽ നിരീക്ഷണത്തിലാക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം, പാസിന് അപേക്ഷിച്ചവരിൽ ഭൂരിഭാഗം പേരും മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. കോവിഡ്19 വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് കഴിഞ്ഞദിവസമാണ് സംസ്ഥാന സർക്കാർ മേയ് 31വരെ താൽകാലിക വിലക്കേർപ്പെടുത്തിയത്. നിലവിൽ പാസ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഈ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് പുതുതായി പാസ് നൽകുന്നതും താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ 37 ശതമാനം പേരും (70,739) ബംഗളൂരുവിലേക്ക് തിരിച്ചെത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ ജോലിയെടുക്കുന്ന കന്നടിഗർ ഉൾപ്പെടെ മടങ്ങിവന്നതോടെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവ് കേസുകൾ ഒരോ ദിവസവും ഉയരുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന ശ്രമിക് ട്രെയിനുകളും താൽകാലികമായി കർണാടകയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇതുവരെ കർണാടകയിലേക്ക് രണ്ടു ശ്രമിക് ട്രെയിനുകൾ മാത്രമാണ് എത്തിയത്. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങി നിരവധിപേര്‍ ബംഗളൂരു: മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു കര്‍ണാടകത്തിലേക്ക് വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര - കര്‍ണാടക അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. ഹാസന്‍, ഉഡുപ്പി, ചിക്കബെല്ലാപുര, കാര്‍വാര്‍, മംഗളൂരു, ധാര്‍വാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് മുംബൈയില്‍ നിന്ന് വരുന്നതിനിടെ കുഗ്നൊള്ളി ചെക്‌പോസ്റ്റില്‍ കുടുങ്ങിപ്പോയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണത്തിനു ബുദ്ധിമുട്ടുകയാണ് ഇവര്‍. മന്ത്രി രമേഷ് ജാര്‍ക്കിഹോളി, ഡെപ്യൂട്ടി കമീഷണര്‍ എസ്.ബി. ബൊമ്മനഹള്ളി, എസ്.പി. ലക്ഷ്മണ്‍ നിംബാര്‍ഗി എന്നിവരോട് കര്‍ണാടകത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത് വരെ ഇവരോട് മഹാരാഷ്ട്രയിലെ കാഗല്‍, കൊല്‍ഹാപുര്‍ എന്നിവിടങ്ങളില്‍ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവിടെ സര്‍ക്കാര്‍ സൗകര്യത്തില്‍ കഴിഞ്ഞുകൂടാമെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. കൂടുതൽ യാത്രക്കാരെ കയറ്റി; ബി.എം.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ ബംഗളൂരു: അനുവദനീയമായതിനേക്കാൾ കൂടുതൽ യാത്രക്കാരെ ബസിൽ കയറ്റിയ ഡ്രൈവറെയും കണ്ടക്ടറെയും ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി.) സസ്‌പെന്‍ഡ് ചെയ്തു. ലോക്ഡൗണിനു ശേഷം ബസ് സര്‍വിസ് പുനരാരംഭിച്ച ആദ്യദിവസം മജസ്റ്റിക് ബസ് സ്റ്റാൻഡില്‍ നിന്ന് യെലഹങ്കയിലേക്കു സർവിസ് നടത്തിയ അവസാന ബസിലാണ് കൂടുതൽ ആളുകൾ കയറിയത്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ ബസില്‍ കയറ്റിയതിലൂടെ കണ്ടക്ടറും ഡ്രൈവറും സാമൂഹിക അകലം പാലിക്കണമെന്ന നിയമം ലംഘിച്ചെന്നും ഇതിനാലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തതെന്നും ബി.എം.ടി.സി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ മൊബൈലില്‍ വിഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സര്‍വിസ് പുനരാരംഭിച്ചത് കടുത്ത നിയന്ത്രണങ്ങളോടെയാണ്. ബസില്‍ 30 യാത്രക്കാര്‍ മാത്രമേ പാടുള്ളൂവെന്നും നിന്നു യാത്ര ചെയ്യാന്‍ അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാരെല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിബന്ധനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.