ബസ്, ഒാട്ടോ, ടാക്സി സർവിസുകൾ പുനരാരംഭിച്ചു ബംഗളൂരു: നാലാം ഘട്ട േലാക്ഡൗണിൽ കേന്ദ്ര മാനദണ്ഡ പ്രകാരം കർണാടക ഇളവ് പ്രഖ്യാപിച്ചതോടെ ബംഗളൂരു നഗരത്തിൽ ഉൾപ്പെടെ ജനത്തിരക്ക് ഏറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത അന്നു തന്നെയാണ് ഇളവുകളും പ്രാബല്യത്തിൽ വന്നത്. അന്തർ ജില്ല ബസ് സർവിസ് ഉൾപ്പെടെ ആരംഭിച്ചത് രോഗ വ്യാപനത്തിനിടയാക്കുമോ എന്ന് ആശങ്കയുണ്ട്. നിയന്ത്രിത മേഖല ഒഴിച്ചുള്ള സ്ഥലങ്ങളിൽ മാളുകൾ, ഹോട്ടലുകൾ, തിയറ്ററുകൾ എന്നിവ ഒഴിച്ച് ബാർബർ ഷോപ്പുകളും സലൂണുകളും ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതൽ തുറന്നു. സംസ്ഥാനത്തിനുള്ളിലെ ബസ് സർവിസിന് പുറമെ ഒാട്ടോ, ടാക്സി സർവിസുകളും പുനരാരംഭിച്ചു. പാർക്കുകൾ രാവിലെയും വൈകീട്ടും നിയന്ത്രണവിധേയമായി തുറന്നു. യാത്രാ നിരക്കിൽ മാറ്റമില്ല യാത്രാ നിരക്കിൽ മാറ്റമില്ലാതെ കർണാടകയിൽ ബസ് സർവിസ് ആരംഭിച്ചു. അന്തർ ജില്ല ബസ് സർവിസുകൾ കർണാടക ആർ.ടി.സിയും ബംഗളൂരുവിൽ ബി.എം.ടി.സിയും ഒാടിത്തുടങ്ങി. ചില ജില്ലകളിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. യാത്രക്കാർ കുറയുന്നത് പ്രതിസന്ധിയാകാമെങ്കിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് സർവിസ്. രണ്ടു മാസത്തെ ഇടവളേക്കുശേഷമാണ് ബസ് സർവിസ് ആരംഭിക്കുന്നത്. നിയന്ത്രിത മേഖല ഒഴിച്ചുള്ള മേഖലകളിലാണ് സർവിസ്. ചൊവ്വാഴ്ച 1500 നോൺ എ.സി ബസുകൾ ഒാടി. രാത്രി ഏഴിന് യാത്ര അവസാനിക്കുന്ന തരത്തിൽ പോയൻറ് ടു പോയൻറ് സർവിസുകളാണ് നടത്തിയത്. നോൺ എ.സി സരിഗെ, രാജഹംസ ബസുകളാണ് ഒാടിച്ചത്. ജില്ല കേന്ദ്രങ്ങളിൽനിന്നായിരുന്നു സർവിസ്. ബസ് സ്റ്റാൻഡുകളിലും പ്രധാന സ്റ്റോപ്പുകളിലും ഒരു മീറ്റർ അകലത്തിൽ യാത്രക്കാർക്ക് നിൽക്കാൻ അടയാളമിട്ടിരുന്നു. ബസിൽ കയറുന്നവർക്ക് മാസ്ക് നിർബന്ധം. ആരോഗ്യ പരിശോധനക്കുശേഷമാണ് ബസിൽ കയറ്റിയത്. ജലദോഷം, പനി എന്നിവ ഉള്ളവരെ കയറ്റിയില്ല. നിരവധി യാത്രക്കാർ പുലർച്ചെ തന്നെ സ്റ്റേഷനിൽ എത്തി. സാമൂഹിക അകലം പാലിക്കാനായി 30 യാത്രക്കാർക്കാണ് ബസിനുള്ളിൽ പ്രവേശനം. പോയൻറ് ടു പോയൻറ് ബസ് സർവിസുകളുടെ ബുക്കിങ് www.ksrtc.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ബംഗളൂരുവിൽനിന്ന് മംഗളൂരു, മൈസൂരു, ഉഡുപ്പി, ഹുബ്ബള്ളി, ശിവമൊഗ്ഗ, ദാവൻഗരെ, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളാണ് ആരംഭിച്ചത്. ബസ് ജീവനക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ യാത്രക്കാർ ഒാൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻഗണന നൽകണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് കാലത്ത് ജോലിയെടുക്കുന്ന ബി.എം.ടി.സി, കർണാടക ആർ.ടി.സി ജീവനക്കാർക്കായി 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ദിവസേന ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. പോയൻറ് ടു പോയൻറ് സർവിസുകൾ ആയതിനാൽ ബസ് പുറപ്പെട്ട് കഴിഞ്ഞാൽ പിന്നീട് അവസാനത്തെ സ്റ്റോപ്പിൽ മാത്രമെ നിർത്തൂ. അതിനാൽ യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് അധികൃതർ അറിയിച്ചു. ബി.എം.ടി.സിയിൽ ആഴ്ച പാസുകളും ഇ-വാലറ്റും ബംഗളൂരു നഗരത്തിൽ ബി.എം.ടി.സി ബസുകൾ സർവിസ് ആരംഭിച്ചതോടെ പണമിടപാട് ഒഴിവാക്കാൻ യാത്രക്കാർക്കായി ഒാൺലൈൻ ഇ-വാലറ്റ് സൗകര്യവും ആഴ്ച പാസുകളും ഏർപ്പെടുത്തി. ആഴ്ച പാസുകൾ എടുക്കുന്നവർക്കോ ഇ-വാലറ്റ് സൗകര്യമുള്ളവർക്കോ ബസുകളിൽ യാത്ര ചെയ്യാം. യാത്രക്കാരുമായി കണ്ടക്ടർമാർ ഇടപഴകുന്നത് കുറക്കാനും പണമിടപാട് ഒഴിവാക്കാനുമാണ് ഈ സൗകര്യമേർപ്പെടുത്തിയത്. 300 രൂപയാണ് ആഴ്ച പാസിൻെറ വില. പാസ് എടുത്താൽ ഒരാഴ്ച എത്രതവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം. പാസില്ലാത്തവർക്ക് ടിക്കറ്റ് തുക ഒാൺലൈൻ വാലറ്റ് വഴി നൽകാം. പേടിഎം, ഗൂഗിൾപേ തുടങ്ങിയ ഇ-വാലറ്റുകൾക്കായി ബസിൽ ക്യൂ.ആർ കോഡ് സ്റ്റിക്കറുകൾ പതിപ്പിച്ചു. ചൊവ്വാഴ്ച യാത്രാ പാസുള്ളവരെ മാത്രമാണ് ബി.എം.ടി.സി ബസിൽ പ്രവേശിപ്പിച്ചത്. കണ്ടക്ടർമാർ ടിക്കറ്റ് നൽകിയില്ല. 70 രൂപയുടെ ദിവസ പാസും ഒരു മാസത്തേക്കുള്ള പാസും നൽകുന്നുണ്ട്. പാസിൻെറ കാലയളവില്‍ പരിധിയില്ലാതെ ബി.എം.ടി.സി ബസുകളില്‍ യാത്ര ചെയ്യാം. ദിവസ പാസ് കണ്ടക്ടറില്‍ നിന്ന് ലഭിക്കും. ആഴ്ച, മാസ പാസുകള്‍ ബി.എം.ടി.സി ബസ് ടെർമിനലുകളിലെ ഒാഫിസിൽനിന്ന് ലഭിക്കും. യാത്രക്കാർക്കും ജീവനക്കാർക്കും മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹ്യ അകലം പാലിച്ച് ക്യൂ നിന്നാണ് യാത്രക്കാര്‍ ബസില്‍ കയറിയത്. ആദ്യദിനം കൂടുതല്‍ തിരക്കുള്ള റൂട്ടുകളിലാണ് ബി.എം.ടി.സി സർവിസ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വിസ് നടത്തുമെന്ന് ബി.എം.ടി.സി അധികൃതര്‍ പറഞ്ഞു. പാർസൽ വിതരണം നിർത്തിവെക്കുമെന്ന് ഉടമകൾ ബംഗളൂരു: നാലാം ഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടും ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി നൽകാത്തതിനെതിരെ പ്രതിഷേധവുമായി കർണാടക പ്രദേശ് ഹോട്ടൽസ് ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.പി.എച്ച്.ആർ.എ) രംഗത്ത്. ഹോട്ടൽ തുറന്ന് ആളുകളെ ഇരുത്തി ഭക്ഷണം നൽകാൻ അനുമതി നൽകിയില്ലെങ്കിൽ നിലവിലുള്ള പാർസൽ സംവിധാനം നിർത്തിവെക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. അസോസിയേഷന് കീഴിൽ സംസ്ഥാനത്ത് 40,000ത്തിലധികം ഹോട്ടലുകളുണ്ട്. സാമൂഹിക അകലം ഉൾപ്പെടെ ഉറപ്പാക്കി നിലവിലുള്ള ഡൈനിങ് രീതിയിൽ മാറ്റം വരുത്തി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗളൂരു കേന്ദ്രമായ ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് പി.സി. റാവു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ കണ്ടു. ബംഗളൂരുവിൽ നിരവധി ഹോട്ടലുകളാണ് ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷന് കീഴിലുള്ളത്. ബസ് സർവിസ് ഉൾപ്പെടെ ആരംഭിച്ച സാഹചര്യത്തിൽ ഹോട്ടലുകളും കൃത്യമായ മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കണം. പാർസൽ, ഒാൺലൈൻ ഡെലിവറി എന്നിവ കൊണ്ടു മാത്രം ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും ജീവനക്കാരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസമായി കച്ചവടം കുറഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിഞ്ഞിട്ടില്ല. പ്രവർത്തനാനുമതി നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്നുമാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.