കേരളത്തി​​െൻറ യാത്രവിലക്ക്​ കർണാടക തിരുത്തി

കേരളത്തിൻെറ യാത്രവിലക്ക് കർണാടക തിരുത്തി യാത്രവിലക്ക് തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് മാത്രം ബംഗളൂരു: കേരളമടക്കം നാല് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മേയ് 31 വരെ വിലക്കേർപ്പെടുത്തിയ നടപടി കർണാടക തിരുത്തി. വിലക്കിൽ നിന്ന് കേരളത്തെ ഒഴിവാക്കി. ചൊവ്വാഴ്ച പുലർച്ചെ 12.25നാണ് കർണാടക ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് തിരിച്ചെത്തുന്നവരിൽ കോവിഡ് കേസ് കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതായി തിങ്കളാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ച്, ആരോഗ്യ വകുപ്പ് ഇക്കാര്യം ഒൗദ്യോഗിക ട്വിറ്റർ പേജിൽ അറിയിക്കുകയും ചെയ്തു. നിലവിൽ കർണാടകയിലേക്ക് മടങ്ങാൻ കർണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ് ലഭിച്ചവർക്ക് തടസ്സമില്ലെന്നും അടിയന്തര സാഹചര്യമുള്ളവർക്കും അവശ്യ സർവിസുകൾക്കും പ്രവേശനാനുമതി നൽകുമെന്നും അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് മടങ്ങിയെത്തിയവരിലാണ് കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽനിന്ന് മടങ്ങിയെത്തിയ ഒരാൾക്കും പോലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നാലാം ഘട്ട ലോക്ഡൗണിൽ ഇരു സംസ്ഥാനങ്ങളും കൂടിയാലോചിച്ച് അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയായിരുന്നു കർണാടകയുടെ നടപടി. മാതൃകാപരമായ രീതിയിൽ കോവിഡിനെ ചെറുക്കുന്ന കേരളത്തിനും യാത്ര വിലക്ക് ഏർപ്പെടുത്തിയത് വിമർശന വിധേയമായതോടെ കർണാടക നിലപാട് തിരുത്തി. അതിർത്തി പങ്കിടുന്ന ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് കർണാടകയിലേക്ക് യാത്ര അനുമതിയുണ്ട്. കർണാടകയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടക വഴി പോകുന്നവരെയും നിയന്ത്രണം ബാധിക്കില്ല. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.