ബംഗളൂരുവിലെ മുൻ അധോലോക നേതാവ് മുത്തപ്പ റായ് നിര്യാതനായി

ബംഗളൂരു: ഒരു കാലത്ത് ബംഗളൂരുവിനെ വിറപ്പിച്ച അധോലോക നായകനും പിന്നീട് മാനസാന്തരപ്പെട്ട് സാമൂഹിക പ്രവർത്തകനുമായി മാറിയ എൻ. മുത്തപ്പ റായ് അർബുദ ബാധയെതുടർന്ന് നിര്യാതനായി. 68 വയസായിരുന്നു. ദീർഘനാളായി തലച്ചോറിലെ അർബുദബാധയെതുടർന്ന ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെതുടർന്ന് ഏപ്രിൽ 30നാണ് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.43നായിരുന്നു അന്ത്യം. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, രവി പൂജാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുത്തപ്പ റായ് പിന്നീട് കുറ്റകൃത്യങ്ങളിൽനിന്നും മാറി, ജയ കർണാടക എന്ന സാമൂഹിക സാംസ്കാരിക സംഘടനക്ക് രൂപം നൽകുകയായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റിന് പിന്നാലെ രാമനഗരയിലെ ബിഡദിയിലെ വസതിയിൽ മുത്തപ്പ റായിയുമായി അന്വേഷണ സംഘം സംസാരിച്ചിരുന്നു. തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തിൽ ദക്ഷിണ കന്നടയിലെ പുത്തൂരിലാണ് ജനനം. വിജയ ബാങ്കിൽ ക്ലർക്കായിരുന്ന മുത്തപ്പ റായ്, ബംഗളൂരു കേന്ദ്രമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. ബിസിനസ് താത്പര്യങ്ങൾക്കാണ് പിന്നീട് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. 1980കളിൽ ബംഗളൂരുവിനെ ഭയപ്പെടുത്തിയിരുന്ന അധോലോക കുറ്റവാളി എം.പി. ജയരാജ് 1989ൽ കൊല്ലപ്പെട്ടതോടെയാണ് ബംഗളൂരുവിൻെറ അധോലോക സ്ഥാനം മുത്തപ്പ റായിയിൽ വന്നുചേരുന്നത്. ഇതിനിടയിൽ മുബൈയിലെ ദാവൂദ് ഇബ്രാഹിവുമായും അടുത്തു. മൈസൂരുവിലെ ജയിലിൽ വെച്ചും മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ വെച്ചും ജയരാജിനെ കൊലപ്പെടുത്താനുള്ള ശ്രമം മുത്തപ്പ റായിയുടെ നേതൃത്വത്തിൽ നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു. പിന്നീട് മുബൈയിൽനിന്നുള്ള ഷൂട്ടറെ എത്തിച്ച് 1989 നവംബറിലാണ് ബംഗളൂരുവിലെ ലാൽബാഗിന് സമീപത്തുവെച്ച് ജയരാജിനെ വെടിവെച്ചുകൊല്ലുന്നതും മുത്തപ്പ റായി ബംഗളൂരുവിെല അധോലോക നേതാവായി ഉയരുന്നതും. കൊലപാതകം, ഗൂഡാലോചന തുടങ്ങിയ നിരവധി കേസുകളിൽ മുത്തപ്പക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ രാജ്യം വിട്ട മുത്തപ്പയെ 2002ൽ യു.എ.ഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സി.ബി.ഐ, ഇൻറലിജൻസ് ബ്യൂറോ, റോ, കർണാടക പൊലീസ് തുടങ്ങിയ നിരവധി അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ പല കേസുകളിലും വെറുതെ വിടുകയായിരുന്നു. 2000ത്തിൽ മുത്തപ്പക്കുനേരെ കൊലപാതക ശ്രമം വന്നതോടെ കുറ്റകൃത്യങ്ങളിൽനിന്നും മാറി നടന്നു. തുടർന്ന് മാനസാന്തരപ്പെട്ട മുത്തപ്പ ജയ കർണാടക എന്ന പേരിൽ സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടന രൂപവത്കരിച്ചു. പിന്നാലെ തുളു, കന്നട സിനിമകളിലും അഭിനയിച്ചു. 2018ൽ പഴയ തോക്കുകളും കത്തികളും മറ്റും ആയുധ പൂജക്ക് വെച്ചതും വാർത്തയായിരുന്നു. 2013ൽ മുത്തപ്പയുടെ ജീവിതം ആസ്പദമാക്കി വിവേക് ഒബ്രോയിയെ നായകനാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ ദ ഗോഡ് ഫാദർ എന്നപേരിൽ സിനിമ എടുക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. മൃതദേഹം രാമനഗരയിലെ ബിഡദിയിൽ സംസ്കരിച്ചു. ഭാര്യയും രണ്ടു മക്കളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.