പൂച്ചാക്കല്‍–ഉളവെയ്പ്പ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധം

പൂച്ചാക്കല്‍: പൂച്ചാക്കല്‍-ഉളവെയ്പ്പ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ വക പുറമ്പോക്ക് സ്ഥലം കൈവശപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കമാണ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തലിന് പിന്നില്‍. സ്വകാര്യ വ്യക്തിയുടെ നടപടിക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരക്കെ ആരോപണമുണ്ട്. പൂച്ചാക്കല്‍ വടക്കേക്കരയില്‍നിന്ന് തുടങ്ങി ഉളവെയ്പ്പ് കൊല്ലശ്ശേരി വരെ 1700 മീറ്റര്‍ റോഡാണ് പി.ഡബ്ള്യു.ഡി 1.10 കോടി മുടക്കി പുനര്‍നിര്‍മിക്കുന്നത്. നിലവില്‍ ഈ റോഡ് കുത്തിപ്പൊളിച്ച് മെറ്റല്‍ നിരത്തിയ നിലയിലാണ്. റോഡിലെ പൊടിശല്യം സമീപവാസികള്‍ക്ക് അസഹനീയമായി. റോഡ് നിര്‍മാണം മുടങ്ങിയതോടെ ഉളവെയ്പ്പ് നിവാസികളുടെ പ്രധാന സഞ്ചാരപാതയാണ് തടസ്സപ്പെട്ടത്. തൈക്കാട്ടുശ്ശേരി കൂട്ടുങ്കല്‍ പാറായില്‍ എബ്രഹാം ജോര്‍ജ് തരകന്‍െറ നേതൃത്വത്തില്‍ റോഡ് നിര്‍മാണം തടയുകയും ചേര്‍ത്തല മുന്‍സിഫ് സിവില്‍ കോടതിയില്‍ റോഡ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കലക്ടര്‍ക്കും പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കുമാണ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്. 45 വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന ഈ റോഡിന്‍െറ 100 മീറ്റര്‍ വരുന്ന ഭാഗം തന്‍േറതാണെന്നുള്ള സ്വകാര്യ വ്യക്തിയുടെ അവകാശവാദം അന്യായമാണെന്നും അടിസ്ഥാനരഹിതമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. രണ്ടുമാസത്തേക്ക് ഈ റോഡില്‍ക്കൂടി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പൂച്ചാക്കലിലെ പ്രധാന ആശുപത്രിയില്‍ എത്താന്‍ രോഗികള്‍ വലയുകയാണ്. ചിറക്കല്‍, ഉളവെയ്പ്പ്, തളിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രധാന മാര്‍ക്കറ്റായ പൂച്ചാക്കലിലേക്ക് എത്താനും പ്രയാസപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.