മാപ്പിളപ്പാട്ടിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിച്ച് വടുതലയിലെ യുവജനസംഘം

വടുതല: വടുതല നൂറുല്‍ ഇസ്ലാം അറബിക് മാപ്പിള ഗായകസംഘത്തിന് കീഴില്‍ മാപ്പിളകലകള്‍ പഠിച്ച് അവയുടെ പെരുമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍. മാപ്പിളപ്പാട്ട് കലയുടെ വളര്‍ച്ചക്കായി ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ ശ്രദ്ധേയമാകവുകയാണ്. മൂന്നരപ്പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള റഹ്മത്തുല്ല ഇസ്ലാം യുവജനസംഘത്തിന്‍െറ പുതുതലമുറയാണ് മാപ്പിളപ്പാട്ടിനെയും മാപ്പിളകലയെയും നെഞ്ചോടുചേര്‍ത്ത് വളര്‍ത്തുന്നത്. 1980കളില്‍ കെ.എം. കൊച്ചുമുഹമ്മദാണ് റഹ്മത്തുല്ല ഇസ്ലാം യുവജനസംഘത്തിന് നേതൃത്വം കൊടുത്തത്. കൊച്ചിയില്‍നിന്ന് വന്ന അലി ആശാന്‍ കോല്‍ക്കളിയും ദഫ്മുട്ടും ഒപ്പനയും പഠിപ്പിച്ച് കുട്ടികളുടെ അരങ്ങേറ്റം കുറിച്ചത് അക്കാലത്താണ്. പിന്നീട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. തുടര്‍ന്ന് വടുതല നൂറുല്‍ ഇസ്ലാം അറബിക് ഗായകസംഘം എന്ന കലാസമിതിക്ക് രൂപംനല്‍കി. പഴയകാലത്തെ മാപ്പിളകലാപാരമ്പര്യത്തിന് കോട്ടം തട്ടാതെ കുട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയും അഭിനന്ദനം പിടിച്ചുപറ്റി. പഴയകാലത്തെ കലാപ്രേമികളായ എ. മാമു പള്ളിവെളി, മക്കാര്‍ കൊച്ചുകിഴക്കേവെളി, സിദ്ദീഖ് നക്കംചേരി എന്നിവരുടെ പരിശ്രമത്തിലാണ് സംഘടന മികച്ച കലാസമിതിയായി മാറിയത്. ടി.കെ. അഷ്റഫ് വടുതലയുടെ മേല്‍നോട്ടത്തില്‍ കളത്തില്‍പീടിക കെ.കെ. കുട്ടിമൂസയുടെ വീട്ടില്‍ കല പഠിപ്പിക്കുകയും ചെയ്തു. 15 വര്‍ഷത്തോളം സംഘടന സ്റ്റേജ് പരിപാടികളും കല്യാണവീടുകളിലെ പരിപാടികളും നടത്തി. സലിം കാളഞ്ചേരില്‍, ഷംസുദ്ദീന്‍ പുല്ലുട്ടുശേരില്‍, നാസി കളത്തില്‍പീടിക എന്നിവര്‍ കൈമുട്ട് മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിലും കൊച്ചി എഫ്.എം നിലയത്തിലും പരിപാടി അവതരിപ്പിക്കുന്നു. 25 വര്‍ഷമായി സംഘം ആകാശവാണിയിലൂടെ മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി എന്നിവ ശ്രോതാക്കളിലേക്ക് എത്തിക്കുന്നു. പാണാവള്ളി സ്വദേശിയായ സലീം കാളഞ്ചേരില്‍ ജനുവരിയില്‍ ആകാശവാണിയില്‍ നടന്ന റീസൗണ്ട് ഒഡിഷനില്‍ വിജയിച്ചിരുന്നു. സര്‍ക്കാറിന്‍െറ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അംഗത്വവും നേടി. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച നിരവധി കലാസംഘങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചിലത് പാടെ വിസ്മൃതിയിലാവുകയും ചെയ്തപ്പോള്‍ കലയോടുള്ള ആത്മാര്‍ഥ സ്നേഹത്തോടെ ത്യാഗം സഹിച്ചും മാപ്പിളകലയെ ഉന്നതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇവിടത്തെ പുതുതലമുറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.