ആലപ്പുഴ: ചെങ്ങന്നൂര്‍ ബുധനൂര്‍ സെന്‍റ് ഏലിയാസ് പള്ളി ശ്മശാനം നടത്തിപ്പില്‍ നിയമലംഘനമുണ്ടാവുകയാണെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം പി. മോഹനദാസ് ബുധനൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബുധനൂര്‍ പള്ളിയിലെ ശവക്കല്ലറ സമീപത്തെ വീട്ടിലെ കിണര്‍ വെള്ളം മലിനപ്പെടുത്തുന്നു എന്ന പരാതിയിലാണ് നടപടി. എന്നാല്‍, ദൂരപരിധി അനുസരിച്ച് സംസ്കാരം നടത്തുന്നതിന് ഉത്തരവ് തടസ്സമാകില്ല. ബുധനൂര്‍ ശിവാലയത്തില്‍ രാജമ്മ ശിവരാമന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വീടിനോട് ചേര്‍ന്നാണ് സെന്‍റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളിയും ശ്മശാനവും സ്ഥിതിചെയ്യുന്നത്. ശ്മശാനത്തില്‍നിന്ന് നാലുമീറ്റര്‍ അകലെയാണ് ഇവര്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍. അടുത്തകാലത്ത് കിണറിന് 13 മീറ്റര്‍ അകലെയായി സെല്ലാര്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇതില്‍ മൃതദേഹങ്ങള്‍ അടക്കുന്നതായും പരാതിയില്‍ പറയുന്നു. കമീഷന്‍ ജില്ലാ കലക്ടറില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. കുടിവെള്ളം മലിനമാകുന്ന തരത്തില്‍ പുതുതായി നിര്‍മിച്ച കല്ലറയില്‍ മൃതദേഹം സംസ്കരിക്കാന്‍ പാടില്ളെന്ന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാതിക്കാരിയുടെ കിണറ്റില്‍നിന്ന് 13.60 മീറ്റര്‍ അകലെ നിര്‍മിച്ചിട്ടുള്ള 34 കല്ലറകളിലും മൃതദേഹം സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു. 1995 ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം കുടിവെള്ള സ്രോതസ്സില്‍നിന്ന് 25 മീറ്റര്‍ അകലെയാണ് കോണ്‍ക്രീറ്റ് കല്ലറ നിര്‍മിക്കേണ്ടത്. സാധാരണ കല്ലറ 50 മീറ്റര്‍ അകലെയായിരിക്കണം. എന്നാല്‍, ബുധനൂര്‍ പള്ളിയിലെ കല്ലറകള്‍ക്ക് കുടിവെള്ള സ്രോതസ്സുമായി 8.55 മീറ്റര്‍ അകലം മാത്രമാണുള്ളതെന്ന് ഡി.എം.ഒയുടെ വിശദീകരണത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.