പാണാവള്ളിയില്‍ വയോജനങ്ങള്‍ക്കായി പകല്‍വീട്

പൂച്ചാക്കല്‍: വയോജനങ്ങള്‍ക്ക് പകല്‍ സമയത്ത് വിശ്രമിക്കുന്നതിന് പാണാവള്ളിയില്‍ പകല്‍വീട് ഒരുങ്ങുന്നു. പാണാവള്ളി ഒമ്പതാം വാര്‍ഡില്‍ പഞ്ചായത്ത് നിര്‍ദേശിച്ച അഞ്ചുസെന്‍റ് സ്ഥലത്താണ് നിര്‍മാണം പുരോഗമിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. കെട്ടിടത്തിനുള്ളില്‍ ടൈലുകള്‍ പതിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും വിനോദോപാതികളും ഇനി സ്ഥാപിക്കാനുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. 2010ലാണ് ഇതിന്‍െറ പണി തുടങ്ങിയത്. പിന്നീട് കുറേനാള്‍ മുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് കെട്ടിടം, മതില്‍ എന്നിവ നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയത്. പി.ഡബ്ള്യു.ഡിയില്‍നിന്ന് വിരമിച്ച പാണാവള്ളി സ്വദേശി സലീമാണ് ഇതിന്‍െറ നിര്‍മാണ കരാര്‍ എടുത്തിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തിന് മുമ്പ് വയോജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ് പറഞ്ഞു. എന്നാല്‍, പകല്‍വീട്ടിലേക്ക് എത്തിപ്പെടുന്നതിന് ആകെയുള്ളത് ഒരു പൂഴിറോഡാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നടക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. പാണാവള്ളി പഞ്ചായത്ത് കാര്യാലയത്തിന് തെക്കുഭാഗത്തെ നീലംകളത്തിന് സമീപത്തുനിന്ന് തുടങ്ങുന്നതാണ് ഈ റോഡ്. ഇത് നന്നാക്കാന്‍ നടപടിയില്ളെങ്കില്‍ പകല്‍വീട്ടിലേക്ക് എത്താന്‍ വയോജനങ്ങള്‍ പ്രയാസപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.