സ്കൂള്‍ വളപ്പില്‍ അധ്യാപകനെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു

ആലപ്പുഴ: വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ അധ്യാപകനെ സ്കൂള്‍ വളപ്പില്‍ മര്‍ദിച്ചു. ലജ്നത്തുല്‍ മുഹമ്മദിയ്യ സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകന്‍ ബിനി ഇസ്ഹാക്കിനാണ് മര്‍ദനമേറ്റത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഇടതുകൈയുടെ ചൂണ്ടുവിരല്‍ ഒടിഞ്ഞു. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ളസ് വണ്‍ വിദ്യാര്‍ഥി ക്ളാസില്‍ എത്തിയിട്ടില്ളെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബന്ധുക്കളായ മൂന്നംഗ സംഘമാണ് അധ്യാപകനെ ആക്രമിച്ചത്. പഠിപ്പുമുടക്കായിരുന്ന വ്യാഴാഴ്ച ഒരു ക്ളാസിലെ കുട്ടികള്‍ക്ക് സ്പെഷല്‍ ക്ളാസ് വെച്ചിരുന്നു. ഈ ക്ളാസില്‍ രാവിലെ എത്തിയ കുട്ടികളില്‍ ഏഴുപേര്‍ ഒരു പിരീഡിനുശേഷം ക്ളാസ് കട്ടുചെയ്ത് മുങ്ങിയെന്നാണ് അധ്യാപകന്‍ പറയുന്നത്. കുട്ടി ക്ളാസില്‍ എത്തിയില്ളെന്ന വിവരം അധ്യാപകന്‍ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഉച്ചക്കുശേഷം വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ പിതാവിന്‍െറ സഹോദരന്മാര്‍ വഴക്കുപറയുകയും തല്ലുകയും ചെയ്തു. എന്നാല്‍, രാവിലെ ക്ളാസില്‍ പോയപ്പോള്‍ എഴുതിയെടുത്ത നോട്ട് കാണിച്ച് ക്ളാസില്‍ പോയിരുന്നുവെന്ന് കുട്ടി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് തെറ്റായ വിവരം നല്‍കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ സ്കൂളില്‍ എത്തിയത്. ആദ്യം വാക്കുതര്‍ക്കം ഉണ്ടായെങ്കിലും മറ്റ് അധ്യാപകര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ച് എല്ലാവരെയും പറഞ്ഞുവിട്ടു. പിന്നീട് അധ്യാപകന്‍ വീട്ടിലേക്ക് പോകാന്‍ സഹ അധ്യാപകനൊപ്പം ബൈക്കില്‍ ഗേറ്റിന്‍െറ ഭാഗത്ത് എത്തിയപ്പോള്‍ കാത്തുനിന്ന മൂന്നംഗസംഘം മര്‍ദിക്കുകയായിരുന്നു. ഈ സമയവും കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ കുട്ടിയെ അധ്യാപകന്‍ പിടിച്ചുതള്ളിയതായി പറയുന്നു. കുട്ടിയും ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഷെജീര്‍, റഹീം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപകനെ സ്കൂളില്‍ കയറി ആക്രമിച്ചതില്‍ കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.