അരൂര്‍–അരൂക്കുറ്റി റോഡ് വികസനം; യോജിച്ച പ്രക്ഷോഭത്തിന് നീക്കം

അരൂര്‍: അരൂര്‍-അരൂക്കുറ്റി റോഡ് വികസിപ്പിക്കാന്‍ അടിയന്തര നടപടികള്‍ അനിവാര്യമെന്ന് വിവിധ സംഘടനകള്‍. ഇതിനുവേണ്ടി യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അരൂക്കുറ്റി കായല്‍ കടക്കുന്നതിന് നിലനിന്നിരുന്ന ഫെറി സര്‍വിസിലേക്കുള്ള നടപ്പാതയാണ് വികസിച്ച് പഞ്ചായത്ത് റോഡായതും ഒടുവില്‍ പൊതുമരാമത്ത് വകുപ്പിന്‍െറ ടാറിട്ട റോഡായതും. പിന്നീട് അരൂര്‍-അരൂക്കുറ്റി പാലം നിര്‍മിച്ചപ്പോള്‍ തന്നെ റോഡ് വികസനം നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധികൃതര്‍ ഈ ആവശ്യം ചെവിക്കൊണ്ടില്ല. പാലം ഉദ്ഘാടനം ചെയ്തശേഷം മടങ്ങിയ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി അരൂര്‍-അരൂക്കുറ്റി റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ടതുമാണ്. മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും റോഡ് വികസനത്തിന് നടപടിയുണ്ടായില്ല. റോഡിന് വീതി കുറവാണ്. വളവുതിരിവുകള്‍ അധികമുണ്ട്. ചേര്‍ത്തല മുതല്‍ അരൂക്കുറ്റിവരെയുള്ള ഏഴോളം പഞ്ചായത്തുകളില്‍നിന്ന് ആയിരക്കണക്കിനു യാത്രക്കാരാണ് ദേശീയപാതയില്‍ എത്താന്‍ ഈ റോഡിനെ ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്ഥലമെടുപ്പ് പ്രതീക്ഷിച്ച് റോഡരികിലെ പല സ്ഥലമുടമകളും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. എന്നിട്ടും, റോഡ് വികസനത്തിന് നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഴുവന്‍ രാഷ്ര്ട്രീയ പാര്‍ട്ടികളെയും വിളിച്ചുകൂട്ടി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ ചില സന്നദ്ധ സംഘടനകള്‍ ശ്രമിക്കുന്നത്. റോഡ് വികസനം ആവശ്യപ്പെട്ട്് പ്രചരണജാഥ, ഫോട്ടോപ്രദര്‍ശനം, ധര്‍ണ എന്നിവയാണ് ആദ്യഘട്ട പരിപാടികള്‍. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരണയോഗം ഈ മാസം 15ന് നടത്തുമെന്ന് കണ്‍വീനര്‍ എന്‍.എ. ആന്‍റണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.