ജ്യോതിർ ആദിത്യ രാവിലെ എഴുന്നേറ്റ് ഫോണുമെടുത്ത് പുറകുവശത്തെ മുറ്റത്തേക്കു ചെന്നു. അവന്റെ അച്ഛൻ പുഷ്കരൻ അവിടെ കുത്തിയിരുന്ന് വളരെ മനോഹരമായി പല്ലുതേക്കുന്നുണ്ട്. പല്ലുതേച്ച് ഒരു കട്ടനും കുടിച്ചിട്ടാണ് പുഷ്കരൻ എന്നും വാർപ്പുപണിക്കു പോവുക. പുഷ്കരന്റെ ഭാര്യ ജയപ്രദ പ്രഭാതഭക്ഷണമുണ്ടാക്കി മേശപ്പുറത്ത് അടച്ചുവെച്ചിട്ട് പതിവുപോലെ തൊഴിലുറപ്പിനു പോയി. ജ്യോതിർ ഫോണെടുത്ത് തന്റെയച്ഛൻ പല്ലുതേക്കുന്ന വീഡിയോ പകർത്തി. പുഷ്കരന് വളരെ സന്തോഷം തോന്നി....
ജ്യോതിർ ആദിത്യ രാവിലെ എഴുന്നേറ്റ് ഫോണുമെടുത്ത് പുറകുവശത്തെ മുറ്റത്തേക്കു ചെന്നു. അവന്റെ അച്ഛൻ പുഷ്കരൻ അവിടെ കുത്തിയിരുന്ന് വളരെ മനോഹരമായി പല്ലുതേക്കുന്നുണ്ട്. പല്ലുതേച്ച് ഒരു കട്ടനും കുടിച്ചിട്ടാണ് പുഷ്കരൻ എന്നും വാർപ്പുപണിക്കു പോവുക. പുഷ്കരന്റെ ഭാര്യ ജയപ്രദ പ്രഭാതഭക്ഷണമുണ്ടാക്കി മേശപ്പുറത്ത് അടച്ചുവെച്ചിട്ട് പതിവുപോലെ തൊഴിലുറപ്പിനു പോയി. ജ്യോതിർ ഫോണെടുത്ത് തന്റെയച്ഛൻ പല്ലുതേക്കുന്ന വീഡിയോ പകർത്തി. പുഷ്കരന് വളരെ സന്തോഷം തോന്നി. സിനിമയിൽ മുഖം കാട്ടണമെന്നും ലോകമറിയുന്ന ഒരു കലാകാരനായി മാറണമെന്നുമുള്ള മോഹം പണ്ടയാൾക്കുണ്ടായിരുന്നു. പക്ഷേ, കാലം പുഷ്കരനോടു പറഞ്ഞത്, ‘‘കോൺക്രീറ്റ് കുഴയ്ക്ക് മോനേ പുഷ്ക്കരാ’’ എന്നാണ്.
ജീവിതത്തിൽ ഒരുവട്ടമെങ്കിലും താൻ മമ്മൂട്ടിയായി മാറിയെന്ന ചിന്തയിൽ പുഷ്കരൻ ജ്യോതിറിനുവേണ്ടി ആഞ്ഞു പല്ലുതേച്ചു. ആദ്യമൊക്കെ ജ്യോതിറിനെ കുറിച്ചു പുഷ്കരന് ടെൻഷനുണ്ടായിരുന്നു. ഒരു പണിക്കും പോകാതെ എപ്പോഴും ഫോണിൽ കളിക്കുന്ന ഇവൻ തന്റെ കാലം കഴിഞ്ഞാൽ എങ്ങനെ ജീവിക്കുമെന്നോർത്ത് അയാൾ തേങ്ങിയിരുന്നു. പക്ഷേ, ജ്യോതിറിന് അതൊന്നും ഒരു വിഷയമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുഷ്കരനും തീരുമാനമെടുത്തു: താൻ ടെൻഷനടിച്ചാൽ തനിക്കു മാത്രം കേട്. അതിനാൽ സ്വന്തം കാര്യം നോക്കി ജീവിക്കാം.
‘‘അച്ഛാ... ഇന്ന് പുഴയിൽ പോയി കുളിക്കുന്നില്ലേ?’’
ജ്യോതിർ ചോദിച്ചു.
‘‘അയ്യോ ഇല്ലെടാ. ഇന്ന് ഞാൻ ബക്കറ്റിൽ ആണ് കുളി.’’
‘‘അങ്ങനെ പറയല്ലേ... ദേ ഞാൻ വീഡിയോ പിടിക്കുന്നതു കണ്ടില്ലേ? ഇതു യൂട്യൂബിലിടാനുള്ളതാ... അച്ഛൻ പണ്ട് കുട്ടിക്കരണം മറിഞ്ഞു പുഴയിൽ തുള്ളാറില്ലേ... എന്തായിരുന്നു അതിന്റെ പവറ്! ഇപ്പോ അതുപോലൊന്ന് തുള്ളിനോക്ക്... വീഡിയോ സൂപ്പറാവും...’’
ജ്യോതിർ പുഷ്കരനെ പ്രോത്സാഹിപ്പിച്ചു.
‘പുഴയിൽ മുങ്ങിക്കുളിച്ച് ജോലിക്കു പോകുന്ന ഗ്രാമീണന്റെ ഒരു ദിവസം’ എന്ന തലക്കെട്ട് അവന്റെ തലയിൽ മിന്നി. ഓരോ ദിവസവും ഒന്നുവീതം മൂന്നുനേരം വീഡിയോകളാണ് ജ്യോതിർ ആദിത്യ തന്റെ യൂട്യൂബ് ചാനലിൽ ഇടുക.
വീഡിയോ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ‘‘കൂട്ടുകാരേ, ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കില്ലല്ലോ?’’ എന്ന് അരുമയോടെ ഓർമിപ്പിക്കാനുള്ള പ്രത്യേക പാടവം അവനുണ്ട്.
‘‘എടാ... അതു വേണോ? അടിയൊഴുക്കുള്ള സമയമാ...’’
‘‘അച്ഛാ..? എന്നും എന്റെ മുന്നിൽ പോരാളിയെ പോലെ ഒഴുക്കിനെതിരെ മാത്രം നീന്തിയിട്ടുള്ള അച്ഛൻ തന്നെയാണോ ഈ വാക്കുകൾ പറയുന്നത്?’’
ജ്യോതിർ ദുഃഖത്തോടെ ചോദിച്ചു.
ഇതോടെ ജ്യോതിറിനു മുന്നിൽ തന്നെക്കുറിച്ചുള്ള ഹീറോ ഇമേജ് തകർന്ന് താനൊരു ഭീരുവായി മാറിയോ എന്ന ചിന്ത പുഷ്കരനെ ആശങ്കപ്പെടുത്തി.
അതോടെ ആവേശത്തോടെ മുണ്ടുമടക്കിക്കുത്തിയിട്ട് അയാൾ പുഴയെ ലക്ഷ്യമാക്കി നടന്നു. പെട്ടെന്നൊന്ന് മുങ്ങിക്കയറിയിട്ട് പണിക്കു പോകാമെന്നുറച്ച് പുഷ്കരൻ തെങ്ങിൽ കയറി.
പുഴയിലേക്കു വളഞ്ഞുനിൽക്കുന്ന തെങ്ങിന്റെ തുഞ്ചത്തേക്ക് കുരങ്ങ് തോറ്റുപോകുംപോലെ പുഷ്കരൻ കുതിച്ചു.
തുഞ്ചത്തെത്തിയതും താഴെനിന്നും ജ്യോതിർ പറഞ്ഞു:
‘‘അച്ഛാ... ഞാൻ ആക്ഷൻ പറയുമ്പോൾ തുള്ളിയാൽ മതി. വായുവിൽ രണ്ടുവട്ടം മലക്കം മറിയണം...’’
പുഷ്കരൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു. രണ്ടല്ല മൂന്നുവട്ടം പമ്പരം പോലെ തിരിഞ്ഞ് എത്ര താൻ തുള്ളിയ പുഴയാണിത്. ഈ പുഴ തന്റെ അമ്മയാണ്. ‘കരയുമ്പോൾ കൂടെ കരയുകയും ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്യുന്ന പുഴയാണിത്’ എന്ന ഇതുവരെ ആരും കേൾക്കാത്ത തന്റെ വർണന പുഷ്കരനോർത്തു.
ജ്യോതിർ ഫ്രെയിം സെറ്റ് ചെയ്തിട്ടു പറഞ്ഞു:
‘‘അച്ഛാ... സ്റ്റാർട്ട്... തുള്ളിക്കോ...’’
പുഷ്കരൻ തെങ്ങിൽനിന്നും കൈവിട്ട് രണ്ടിനു പകരം മൂന്നുവട്ടം കുട്ടിക്കരണം മറിഞ്ഞ് പുഴയിൽ ലാൻഡ് ചെയ്തു.
‘‘അച്ഛാ... സൂപ്പർ...’’
ജ്യോതിർ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് എടുത്ത വിഷ്വൽ പരിശോധിച്ചു. കൊള്ളാം, അച്ഛൻ നന്നായി ചെയ്തിട്ടുണ്ട്. ആ കൈകൂർപ്പിച്ചുള്ള വരവും കാലിന്റെ മസിലുപിടപ്പിക്കലുമെല്ലാം സൂപ്പറായി വന്നിട്ടുണ്ട്. ഇനി അച്ഛൻ പതിയെ കരയിലേക്കു നീന്തിവരുന്നത് എടുക്കാം.ജ്യോതിർ പുഴയിലേക്കു നോക്കി. പുഷ്കരനെ കാണുന്നില്ല. അച്ഛൻ ഇതെവിടെ മറഞ്ഞു? ഇതാണ് അച്ഛന്റെ പ്രശ്നം. ഒരു കാര്യം ചെയ്യുമ്പോൾ കൃത്യമായി ചെയ്യാതെ ഇടക്കുവെച്ച് കയറിപ്പോകും. ഈ അർപ്പണബോധമില്ലായ്മ കൊണ്ടാണ് അച്ഛനൊരിക്കലും സിനിമയിൽ കേറി രക്ഷപ്പെടാത്തത്. കഷ്ടം! ജ്യോതിർ ആദിത്യ നിരാശയോടെ വീട്ടിലേക്കു നടന്നു. കുറേ അകലെയായി പുഴയുടെ മുകൾപ്പരപ്പിൽ അന്നേരം ഏതാനും കുമിളകൾ ഉണ്ടായി. അത് അധികം ശബ്ദം കേൾപ്പിക്കാതെ സാവകാശം പൊട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.