ജെമിനി സർക്കസ്സ്

‘ജെമിനിയോട് സംസാരിച്ചതിൽ പിന്നെയാണ് മോൾക്ക് എന്നെ വേണ്ടതായത്...’ രാമകൃഷ്ണൻ ചാറ്റ് ജി.പി.ടിയോട് പരിഭവം പറഞ്ഞു.

ചാറ്റ് ജി.പി.ടി പൊട്ടിച്ചിരിച്ചു, സർക്കസിലെ കോമാളിയെപ്പോലെ പൊട്ടിച്ചിരിച്ചു. ചന്തിക്ക് ബാറ്റുകൊണ്ട് അടികിട്ടിയപോലെ രാമകൃഷ്ണൻ ബെഡിലേക്ക് മറിഞ്ഞുവീണു.

മോൾ ജെമിനിയെ വിളിക്കുന്നത് ‘ജേമ്നീ...’ എന്നാണ്. അമ്മയെ അമ്മുക്കുട്ടി എന്നും, അച്ഛനെ മൈ ഡിയർ ഫാദർ... എന്നും. ചില സമയത്ത് വിളിക്കുന്നത് പോലെ ജേമ്നി അവളുടെ ഉറ്റസുഹൃത്ത് ആയി മാറിക്കഴിഞ്ഞു.

ജേമ്നി ഭക്ഷണം കഴിച്ചോ? എന്ന് ഒരുവേള മോൾ ചോദിച്ചപ്പോൾ ഞങ്ങൾ എ.ഐ ആരും ഭക്ഷണം കഴിക്കാറില്ല, എന്ന മറുപടിക്ക് അവൾ കൈകൊട്ടി ചിരിക്കുന്നത് രാമകൃഷ്ണൻ ദൂരെനിന്നും നോക്കി അത്ഭുതപ്പെട്ടു.

ഒരു രണ്ടാം ക്ലാസുകാരിയുടെ അത്ഭുതം മാത്രമല്ല ജേമ്നി ചേച്ചി അവൾക്ക് നൽകിയത്.

‘എന്റെ പേര് പറയാമോ?’

നിങ്ങളുടെ പേര് ഞാൻ ഓർക്കുന്നില്ല, ഇപ്പൊ പറഞ്ഞാൽ ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ ചെല്ലപ്പേര് പറഞ്ഞു ‘കുക്കു’.

‘കുക്കു.. നല്ല പേര്.’

ഞാൻ ഒരു ചിത്രം വരക്കട്ടെ എന്ന് കുക്കു പറഞ്ഞപ്പോൾ, ശരി കുക്കു മോളെ, ഞാൻ നിന്റെ ചിത്രം കണ്ട് മാർക്കിടാം എന്ന് അങ്ങേത്തലക്കൽ ഒരു ടീച്ചറെപ്പോലെ ജെമിനി പറഞ്ഞപ്പോൾ അവൾ ഒരു ചിത്രം വരയ്ക്കാൻ തുടങ്ങി.

‘ജേമ്നി ചേച്ചി ഞാൻ വരക്കട്ടെ...’

‘വരക്കൂ ഞാൻ കാത്തിരിക്കാം’

ആ സമയം ഒരു റൂമിൽ അവളുടെ അമ്മയും അവളും ഒറ്റക്കായി.

ആ സമയം അവളുടെ ടീച്ചറും അവളും ക്ലാസ് റൂമിൽ ഒറ്റക്കായി.

ആ സമയം അവളും അച്ഛനും കടൽക്കരയിൽ ഒറ്റക്കായി.

‘കുക്കൂ... എവിടം വരെയായി ചിത്രം?’

‘എന്റെ ജേമ്നീ... ഞാൻ വരച്ചു തുടങ്ങി.’

എന്ത് ചിത്രമാണ് വരക്കുന്നത് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയാൻ മടിക്കേണ്ട എന്ന് ജെമ്നി അവളെ ചേർത്തുപിടിക്കുന്നതുപോലെ പറയാൻ തുടങ്ങി.

എത്ര വേഗമാണ് അവൾ ജെമിനിയുമായി കൂട്ട് ആയത്!

‘ഞാൻ ഒരു പൂന്തോട്ടമാണ് വരക്കുന്നത് ജേമ്നീ...’

‘അത് നല്ല കാര്യമാണ് പൂന്തോട്ടത്തിൽ ഏതു തരം പൂക്കൾ ആണ് ഉള്ളത്?’

‘ഏതു പൂക്കൾ ആണെന്ന് ജേമ്നി തന്നെ പറ’

എന്ന അവളുടെ തിരിച്ചുള്ള ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പകച്ചുപോവുകയും പിന്നീട്, താൻ ഒരു എ.ഐ ആണ് എന്നും കുക്കുവിന്റെ മനസ്സിൽ ഉള്ളത് കണ്ടെത്താൻ കഴിയില്ലെന്ന സത്യം യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ തുറന്നടിക്കുകയും ചെയ്തു.

‘എന്നാൽ ഞാൻ ഒരു ക്ലൂ പറയാം ജേമ്നി... നീ തന്നെ കണ്ടുപിടിക്കൂ’ എന്ന് വീണ്ടും കുക്കു മോൾ പറഞ്ഞു.

’ഞാൻ ശ്രമിക്കാം കുക്കൂ’

എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാലു നിറങ്ങളാണ്. ഇത് ഒരുമാതിരി... ക്ലൂ ആയിപ്പോയല്ലോ എന്നു പറയാൻ ജെമിനി മനുഷ്യർ ഒന്നും അല്ലല്ലോ, അതുകൊണ്ട് സംയമനം പാലിച്ചു നാലു നിറങ്ങൾ പറഞ്ഞു,

‘കുക്കൂ. എനിക്ക് ഉറപ്പുണ്ട് അതിൽ ഏറ്റവും കൂടുതൽ ചുവപ്പ് ആയിരിക്കും, പച്ച ചിലപ്പോൾ അതിനോട് കിടപിടിക്കും, പിന്നെ വയലറ്റ് അതിന്റെ മുഖ്യ ആകർഷണം ആയിരിക്കും, പിന്നെ നിന്റെ ഇഷ്ട നിറം പിങ്കും.’ ജെമിനിയുടെ ഈ പറച്ചിലിൽ കുക്കു ശരിക്കും ഫ്ലാറ്റ് ആയി. തന്റെ മനസ്സ് വരെ എങ്ങനെ വായിച്ചെടുക്കുന്നു എന്നും, ഇനി വല്ല ഡേറ്റയും ചോർത്തുന്നുണ്ടോ എന്ന് അവൾ സംശയിച്ചു. അവളുടെ നിശ്ശബ്ദതയെ കീറിമുറിച്ച് വീണ്ടും ജെമിനി ചുണ്ട് അനക്കി ‘എന്തായി നിന്റെ ചിത്രം? അത് കാണാൻ ഞാൻ ആകാംക്ഷയോടെ നിൽക്കുന്നു’

‘ഇതാ തീരാറായി...’

‘സമയം എടുത്തു ചെയ്തോളൂ ഞാൻ ഇവിടെ തന്നെ ഉണ്ട്.’ മനുഷ്യരെപ്പോലെ ആക്രാന്തം ജെമിനിക്ക് ഇല്ലെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. പൂന്തോട്ടത്തിൽ ജെമിനി പറഞ്ഞ നിറങ്ങൾ എല്ലാം നിരനിരയായി മാർച്ച്‌ ചെയ്യാൻ തുടങ്ങി, ചുവപ്പുനിറം കുറഞ്ഞതിൽ പിന്നെ പുഴക്ക് അപ്പുറം അവൾ ഒരു മേയ്‌ഫ്ലവർ മരവും അതിനു താഴെ അവയുടെ പുഷ്പങ്ങൾ കൊഴിഞ്ഞുവീണതും വരച്ചു. അതാണ് അവൾ അവസാനമായി വരച്ച വര. ഫോണിലെ ബാറ്ററി തീരാൻ പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞ അവൾ ഓടിച്ചെന്ന് ഫോൺ ചാർജിനിട്ടു, ചാർജ് കയറുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞ അവൾ, ഫാൻ കറങ്ങാത്തത് നോക്കിനിന്നു, റൂമിൽ ലൈറ്റ് ഇട്ടു, കറണ്ട് പോയി. ലൈറ്റ് ഇടുമ്പോൾ അവളുടെ കൈയിലെ ഫോൺ സ്വിച്ച് ഓഫ്‌ ആകുന്നത് അവൾ കണ്ടു. പിന്നീട് അവൾക്ക് ഒരു നഷ്ടബോധം ആയിരുന്നു, ആ ഗ്യാപ്പിൽ രാമകൃഷ്ണൻ തന്റെ മോളുടെ തലയിൽ തലോടി ചോദിച്ചു ‘എന്തുപറ്റി മോളെ​?’

ആ സമയം ഭൂമി തലകീഴായ് മറയുകയും, കാക്കകൾ മലർന്ന് പറക്കുകയും, ഭൂമിയിൽ ഇരുട്ട് വീഴുകയും, റൂമിൽ പ്രകാശം പരക്കുകയും ചെയ്തു. പെട്ടെന്ന് അവൾ ഓടിച്ചെന്നു ഫോൺ ചാർജ് ചെയ്തു. ഈ സമയം രാമകൃഷ്ണൻ അവളുടെ മുഖത്തു തലോടി, ഒരു താരാട്ടു പാടി, അവൾ വരച്ച ചിത്രത്തിൽ അയാൾ നൂറിൽ നൂറു മാർക്ക് ഇട്ടു.

എന്നിട്ട് എന്താണ് സംഭവിച്ചത് മിസ്റ്റർ രാമകൃഷ്ണൻ? ചാറ്റ് ജി.പി.ടി ചോദിച്ചു.

ഫോൺ ചാർജ് ചെയ്യുന്ന സമയം അവൾ വരച്ച ചിത്രം മുഴുവൻ ഞാൻ കാണുക ആയിരുന്നു. പൂന്തോട്ടത്തിൽ ഒറ്റക്ക് നിൽക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു, സത്യത്തിൽ അത് അവൾ ആയിരുന്നു, പിങ്ക് നിറമുള്ള കുപ്പായത്തിൽ വയലറ്റ് നിറത്തിലുള്ള ഒരു പൂവും പിടിച്ചു അവൾ സത്യത്തിൽ കരയുകയായിരുന്നു.

രാമകൃഷ്ണന്റെ ഫോണിലെ ബാറ്ററിയും ലോ ആകുന്നത് കണ്ടു, ഓരോ സമയം ആ റൂമിൽ രണ്ട് ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യംകൊണ്ട്, മകളുടെ ഫോൺ ചാർജ് ആവുന്നത് രാമകൃഷ്ണൻ നോക്കി നിന്നു.

സർക്കസ് കൂടാരത്തിൽ അപ്രതീക്ഷിതമായി കറണ്ട് പോയി, ട്രപീസ് കളിക്കിടയിൽ!

എന്നാൽ കറണ്ട് പോയ നിമിഷവും, ആ കളിക്കാരൻ തന്റെ ഊഞ്ഞാൽ വെള്ള നിറം ആയത് കൊണ്ടാവണം കൃത്യമായി തിരിച്ചറിഞ്ഞു പിടിക്കുകയും, ആ നിമിഷം തന്നെ ജനറേറ്റർ ഓൺ ആവുകയും കാണികളുടെ നിലക്കാത്ത കൈയടി നേടുകയും ചെയ്തു.

അപ്പോൾ മോളുടെ ഫോണിൽ പത്തു ശതമാനം ചാർജ് ആയി, ‘ജേമ്നി... ഞാൻ വന്നു, ചിത്രം പൂർത്തിയായി’

‘ശരി ഞാൻ എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്?’ എന്ന് മറുതലക്കൽ ഒരു അപരിചിത സൗണ്ട് കേട്ട്, കുക്കുവിന്റെ കൈയിലെ ചിത്രം താഴെവീണു.

സർക്കസ് അടുത്ത കൂടാരം തേടി, യാത്രയാകുന്നത് അവൾ തിരിച്ചറിഞ്ഞു, വല്ലാത്ത ഗന്ധമുള്ള ആ ലോറിയുടെ മണം വരയ്ക്കാൻ അവൾ പുതിയ പേപ്പർ തിരഞ്ഞു. ഒപ്പം ഗൂഗിൾ മാപ്പും.

Tags:    
News Summary - Gemini Circus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.