ചുള്ളിക്കാട് ജങ്ഷൻ

1 ‘‘അല്ലേലും കുടിയൻമാരാ ഒറിജിനൽ. വാൻഗോഗ് അസ്സല് കുടിയനായിരുന്നു. ഹെമിങ്‌വേ കുടിച്ചത്ര വോഡ്ക ആരു കുടിച്ചിട്ടുണ്ട്?’’ –വ്യാസന്റെ ഉച്ചത്തിലുള്ള ചോദ്യം മറ്റു മേശകൾക്ക് ചുറ്റുമിരിക്കുന്നവരും കേട്ടു. കൗണ്ടറിനോട് ചേർത്തിട്ടിരിക്കുന്ന ഉയരമുള്ള കസേര വെട്ടിത്തിരിച്ച് പഞ്ഞിപോലെ വെളുത്ത നീൾമുടിയും താടിയുമുള്ള വൃദ്ധൻ തലയാട്ടി ചിരിച്ചു. ‘‘ഡാ, ഇവിടെ കേട്ടാൽ പോരേ, ഒന്ന് പതുക്കെ പറ’’ –ഞാൻ വ്യാസന്റെ കൈയിലമർത്തി. അലയടിക്കുന്ന കടലിൽനിന്ന് പത്ത് മീറ്റർ മാറി ഡെപ്യൂട്ടി മേയറുടെ ബന്ധു നിയമങ്ങൾ ലംഘിച്ച് പണിത കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാർ വ്യാസൻ വായടച്ചതോടെ മദ്യമൊന്ന് തുളുമ്പിയാൽ...

1

‘‘അല്ലേലും കുടിയൻമാരാ ഒറിജിനൽ. വാൻഗോഗ് അസ്സല് കുടിയനായിരുന്നു. ഹെമിങ്‌വേ കുടിച്ചത്ര വോഡ്ക ആരു കുടിച്ചിട്ടുണ്ട്?’’ –വ്യാസന്റെ ഉച്ചത്തിലുള്ള ചോദ്യം മറ്റു മേശകൾക്ക് ചുറ്റുമിരിക്കുന്നവരും കേട്ടു. കൗണ്ടറിനോട് ചേർത്തിട്ടിരിക്കുന്ന ഉയരമുള്ള കസേര വെട്ടിത്തിരിച്ച് പഞ്ഞിപോലെ വെളുത്ത നീൾമുടിയും താടിയുമുള്ള വൃദ്ധൻ തലയാട്ടി ചിരിച്ചു.

‘‘ഡാ, ഇവിടെ കേട്ടാൽ പോരേ, ഒന്ന് പതുക്കെ പറ’’ –ഞാൻ വ്യാസന്റെ കൈയിലമർത്തി.

അലയടിക്കുന്ന കടലിൽനിന്ന് പത്ത് മീറ്റർ മാറി ഡെപ്യൂട്ടി മേയറുടെ ബന്ധു നിയമങ്ങൾ ലംഘിച്ച് പണിത കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാർ വ്യാസൻ വായടച്ചതോടെ മദ്യമൊന്ന് തുളുമ്പിയാൽ കേൾക്കാവുന്നത്ര നിശ്ശബ്ദമായി. അപ്പോൾ മാളങ്ങളിൽ പതുങ്ങിയിരിക്കുന്ന ഇഴജന്തുക്കളെ പോലെ, ബാറിന്റെ ഇരുണ്ട മൂലകളിൽ തെളിഞ്ഞ ദാഹമടങ്ങിയ കണ്ണുകളുടെ തിളക്കംകൊണ്ട് മുറിവേറ്റ പോലെ അവൻ പെട്ടെന്നെഴുന്നേറ്റ് താഴത്തേക്കുള്ള മരക്കോണിക്കു നേരെ നടന്നു. ധൃതിയിൽ ബില്ലിലെ കാശ് കൊടുത്ത് ഞാൻ പുറത്തിറങ്ങുമ്പോഴേക്കും വ്യാസൻ തിരകളിൽ കാലു നനച്ചുകഴിഞ്ഞിരുന്നു. തിരക്കിട്ട് നടന്നു ചെന്ന എന്റെ അരയിൽ കൈകൾ ചുറ്റി ചേർത്തുപിടിച്ച്് ഇടതു വശത്തേക്ക് വിരൽ ചൂണ്ടി. തിരമാലകൾ നനക്കാതിരിക്കാൻ മുണ്ടിന്റെ കോന്തല മുകളിലേക്കുയർത്തിപ്പിടിച്ച് ഒരാൾ നടക്കുന്നു. ശബ്ദം തീരെ താഴ്ത്തി വ്യാസൻ പറഞ്ഞു.

‘‘അതാ കവി വരുന്നു.’’

നരച്ച വെളുപ്പ് കലർന്ന പരുത്ത കാവി കോട്ടൺ ജുബ്ബയുടെ അടിഭാഗം കാറ്റിൽ ഉലച്ച് ചിറകുവിരിച്ച പെലിക്കൺ പക്ഷിയെപ്പോലെയുള്ള മധ്യവയസ്‌കൻ. സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്കും ആളെ പിടികിട്ടി. പതിവിലും ഉയരത്തിൽ ചാടിവീണ തിരമാലയിൽനിന്ന് തെന്നിമാറി കടലിനെ ശാസിക്കുന്ന മട്ടിൽ കവി നോക്കുന്നു. കൊടുങ്കാറ്റു കുലച്ച കടലൊന്ന് ഭയന്നപോലെ.

സൗഹൃദം ഭാവിച്ച് ഞങ്ങൾ കൂടെ നടന്നു. വശത്തേക്ക് തല ചെരിച്ച് അയാൾ ചോദ്യഭാവത്തിൽ നെറ്റി ചുളിക്കുന്നു.

‘‘കവിയെന്താ ഈ നേരത്തിവിടെ?’’

ശകാരം പ്രതീക്ഷിച്ചതാണ്. പക്ഷേ, അതുണ്ടായില്ല.

‘‘നിങ്ങൾക്ക് ശിവനെ അറിയുമോ, വെട്ടുകാരൻ ശിവൻ?’’

‘‘അറിയില്ല സാർ. വേണേൽ കണ്ടുപിടിക്കാം.’’

‘‘വേണ്ട ഞാൻ അന്വേഷിച്ചോളാം. നിങ്ങൾ പോയ്‌ക്കോളൂ.’’

വ്യാസൻ പക്ഷേ വിടാൻ ഭാവമില്ല.

‘‘വെട്ടുകാരനെന്ന് പറയുമ്പോ?’’

‘‘മരം വെട്ടില്ലേ? അതുതന്നെ.’’

‘‘ഈ നഗരത്തിണ്ടെങ്കിൽ കണ്ടുപിടിക്കാം സാർ.’’

‘‘നരകത്തിലാവേണ്ടവനല്ല അവൻ.’’

കവി കേട്ടത് നരകമെന്നാണെന്നു തോന്നുന്നു. തിരകൾ നനച്ചിട്ടു പോയ പൂഴിമണലിൽ കാൽപ്പാട് പതിപ്പിച്ചു മുന്നോട്ടു നടന്നു. തെല്ലൊരകലത്തിൽ ഞങ്ങളും.

‘‘നമ്മൾ കൂടെ ചെല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോ?’’

‘‘ഈ കടപ്പുറത്ത് രാത്രിയിൽ ആരൊക്കെ വരുമെന്ന് നിനക്കറിയില്ലേ? കവിയെ തിരിച്ചറിയുന്നവരാവില്ല അവരൊന്നും. അദ്ദേഹത്തിന് വല്ലതും സംഭവിച്ചാൽ നിനക്കൊന്നുമില്ലായിരിക്കും.’’ –പുച്ഛം കലർന്ന ദഹിപ്പിക്കുന്ന നോട്ടത്തിന്റെ അകമ്പടിയിലാണ് വ്യാസന്റെ മറുപടി.

വലിയൊരു പുസ്തക പ്രസാധനശാലയുടെ ചുമതലക്കാരനാണ് അവൻ. സാഹിത്യകാരൻമാരുമായൊക്കെ അടുത്ത ബന്ധമുണ്ട്. കവിയുമായും നേരിട്ടുള്ള പരിചയം കാണും. തീരത്തുനിന്ന് പത്തോ പന്ത്രണ്ടോ മീറ്റർ അകലെ വെള്ളിനിറമുള്ള ഒരു വെളിച്ചം. നിമിഷങ്ങൾ ഇടവിട്ട് വീണ്ടും വീണ്ടും മിന്നുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത്, വെള്ളിനിറത്തിൽ വലിയൊരു മീൻ ഉയർന്നു ചാടുന്നതാണ്. നിലാവത്ത് അതിന്റെ ഉടൽ പ്രകാശിക്കുന്നു.

‘‘പൊത്താനിയാണത്. വല്ലപ്പോഴുമേ ഇങ്ങനെ കാണൂ. ആഴക്കടലിൽനിന്ന് കൂട്ടംതെറ്റി വന്ന ഒറ്റയാൻ. മുമ്പൊരിക്കൽ ഇവിടെ വെച്ച് തന്നെ ശിവൻ കാണിച്ചുതന്നിരുന്നു ഇതിനെ.’’

കാഴ്ചയുടെ രസമോ ശിവനോടുള്ള സ്‌നേഹമോ കാരണമാവാം കവി ആർദ്രനായി. വെളിച്ചം വന്ന ഭാഗത്തേക്ക് നോക്കി നനഞ്ഞ മണ്ണിലിരുന്നു. അൽപം മാറി ഞങ്ങളും. ഉയർന്നു താഴ്ന്ന് ഇരു വശത്തേക്കും നുര പാറ്റി ചാടിക്കളിച്ച്, ഇരുട്ടത്തും തിളങ്ങുന്ന വെള്ളത്തിരകളെ നോക്കിയുള്ള ഇരുപ്പ് നീണ്ടുപോയി. ഒടുവിൽ അകലെനിന്ന് കേൾക്കുന്ന ഏതോ നിലവിളിക്ക് ചെവി വട്ടംപിടിച്ച് പതിഞ്ഞതെങ്കിലും കനമുള്ള ശബ്ദത്തിൽ ശിവന്റെ കഥ പറയാൻ തുടങ്ങി.

2

ഈ കടല് കണ്ടാണ് ശിവൻ വളർന്നത്. കടലും കടപ്പുറവും അവന്റെ ലോകമായിരുന്നു. നഗരത്തിൽനിന്ന് അൽപം മാറി കടലിന്റെ നനവ് വിടാത്ത കുഞ്ഞു വീടുകളുള്ള കോളനിയിലെ മീൻപിടിത്തക്കാരനായ രൈരുവിന് രണ്ടാം കല്യാണത്തിൽ പിറന്ന മൂന്നു മക്കളിൽ ഇളയവൻ. കൊടും വറുതിയും രോഗങ്ങളും വിതച്ച മഴക്കാലത്ത് അഞ്ചു വയറിന്റെ പശി മാറ്റാൻ കടലിൽ തോണിയിറക്കിയ രൈരുവിന്റെ ആയുസ്സ് ശിവന് അഞ്ചുവയസ്സ് തികയും മുമ്പേ അറ്റുപോയിരുന്നു. വീട്ടുവേലക്ക് പോയാണ് ചോതി പിന്നെ മക്കളെ പോറ്റിയത്. പത്താം ക്ലാസ് കഴിഞ്ഞ് പഠിപ്പ് നിർത്തിയ ശിവൻ മൂത്ത ചേച്ചിയുടെ കെട്ട്യോനൊപ്പം കിഴക്കൻ മലയോരത്ത് കൂപ്പിൽ പണിക്ക് പോയതാണ്.

അവിടത്തെ മൂപ്പനായിരുന്ന അളിയനെ ആന ചവിട്ടിക്കൊന്നതോടെ തിരിച്ചുപോന്നു. അപ്പോഴേക്കും ആ നാട്ടിലെ കൂട്ടുകെട്ട് ശിവനെ ഒരു നക്‌സലൈറ്റാക്കി മാറ്റിയിരുന്നു. അർധപട്ടിണിക്കാരായ ആളുകൾക്ക് നക്‌സലെന്നു കേൾക്കുമ്പോൾ ഭയവും സ്‌നേഹവും ഒരുമിച്ച് തോന്നിയിരുന്ന കാലമായിരുന്നു. ആയിടക്ക് നഗരത്തിലെ ഏതോ ബസിന് കല്ലെറിഞ്ഞ കുട്ടികളെ പിടികൂടാൻ കോളനിയിൽ തിരച്ചിൽ നടത്തിയ പൊലീസുകാർക്ക് ശിവന്റെ കുടിയിൽനിന്ന് മാവോ സെ തൂങ്ങിന്റെ പുറംചട്ടയുള്ള പുസ്തകവും കോമ്രേഡ് മാസികയും കിട്ടി. ഒപ്പം ഇത്തിരി കഞ്ചാവുംവെച്ച് അവർ കോടതിയിൽ ഹാജരാക്കി. ആ കേസ് തീരുംവരെ ആറുമാസം ജയിലിൽ കിടന്നു.

ജയിൽമോചിതരായ സഖാക്കൾക്ക് പന്നിയങ്കര അങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ കവിത ചൊല്ലാനെത്തിയപ്പോഴാണ് കവി ശിവനെ കാണുന്നത്. അന്ന് രാത്രി അവന്റെ വീട്ടിലാണ് പാർത്തത്. അമ്മയും പെങ്ങൻമാരും അകത്ത് പായ വിരിച്ചു കിടന്നപ്പോൾ പട്ടാളക്കാരനായ കൂട്ടുകാരൻ സമ്മാനിച്ച ഹെർക്കുലീസ് റം പങ്കിട്ട് കഴിച്ച് കവിക്കൊപ്പം ശിവൻ തീരത്ത് തിരയെണ്ണി കിടന്നു. പൂഴിമണ്ണിൽ കവിയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ വലിയൊരാളായി മാറിയപോലെ അവന് തോന്നി.

‘‘പരിചയപ്പെട്ടതു തൊട്ട് എന്തിനും എനിക്കൊരു താങ്ങായിരുന്നു അവൻ. മെഡിക്കൽ കോളജിനു മുന്നിൽവെച്ച് ഒരു ജനകീയ വിചാരണ കാണാൻ പോയ എന്നെ അറസ്റ്റുചെയ്യാൻ തുനിഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ അവൻ കുത്തിനു പിടിച്ചു നിർത്തി.’’ അകലെനിന്നു തള്ളിവരുന്ന തിരയിൽ കണ്ണു തറപ്പിച്ച് കവി തുടർന്നു. പിന്നെ എന്തോ ഓർത്തപോലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

ലഹരിയുടെ പിടിത്തത്തിലായിരുന്ന ഞങ്ങളുടെ കാലുകൾ ഒപ്പമെത്താൻ ആയാസപ്പെട്ടു. ചൂളംവിളിച്ചു വന്ന വാതങ്ങളും പിറകെപ്പിറകെ വന്ന തിരകളും കടന്ന് കുറച്ചേറെ ദൂരം പോയിക്കാണും. കിഴക്കുനിന്നൊഴുകിയെത്തുന്ന ശോഷിച്ച പുഴയുണ്ടാക്കിയ അഴിമുഖത്തിനടുത്ത് നിരനിരയായി വീടുകൾ നിൽക്കുന്നേടത്ത് വഴിയവസാനിക്കുന്നു.

‘‘ഈ കോളനിയിലായിരുന്നു അവന്റെ വീട്.’’

അവിടേക്ക് തിരിയുന്ന വഴിയിലേക്ക് കവി കയറി. അവിടെ ചെറിയ കൾവർട്ടിനടുത്ത് ഇരുമ്പുകാലിൽ ഉറപ്പിച്ചു നിർത്തിയ പച്ചച്ചായമടിച്ച ബോർഡിൽ വെളുത്ത അക്ഷരങ്ങൾ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു കാണുന്നു. ‘ചുള്ളിക്കാട് ജങ്ഷൻ.’

രാത്രി പഴകിയെങ്കിലും വീടുകളിൽ വെളിച്ചമുണ്ട്. ചെറിയ കുട്ടികൾ കോളനിക്ക് നടുവിലൂടെയുള്ള പാതക്കരികിൽ ഓടിക്കളിക്കുന്നു. കൗമാരം പിന്നിട്ടു തുടങ്ങിയ ഒരു സംഘം പാർട്ടിയാപ്പീസിനു മുന്നിലെ സിമന്റ് ബെഞ്ചുകളിലിരുന്ന് ഉച്ചത്തിൽ സംസാരിക്കുന്നു. ആൺകുട്ടികൾ മാത്രമല്ല രണ്ട്-മൂന്നു പെൺകുട്ടികളുമുണ്ട്. അൽപമകലെ ലൈൻമുറിയുടെ ഒന്നാംനിലയിൽനിന്ന് തബലയുടെ മുരൾച്ചക്കും മേൽ കേട്ടുതഴഞ്ഞ പാട്ട്.

‘‘ഇവരന്നേ ഇങ്ങിനെയാണ്. രാത്രിയിലും ഉണർന്നിരിക്കും.’’

നിരയിട്ട ഒറ്റമുറി കടയ്ക്കു മുന്നിൽ ബ്രേക്കിട്ടപോലെ നിന്ന് ചുവരിൽ ഒട്ടിക്കിടന്ന പോസ്റ്ററിലേക്ക് കവി തുറിച്ചുനോക്കി. കാലപ്പഴക്കംകൊണ്ട് ചുവപ്പ് നരച്ചുപോയിരുന്നെങ്കിലും കറുപ്പു നിറത്തിലുള്ള ചുരുട്ടിപ്പിടിച്ച മുഷ്ടികളുടെ ചിത്രങ്ങളും ‘ബൂർഷാസി തുലയട്ടെ’ എന്ന അക്ഷരങ്ങളും ഇരുണ്ടവെട്ടത്തിലും തെളിഞ്ഞു കാണുന്നു.

‘‘അവനൊട്ടിച്ചതാണീ പോസ്റ്റർ.’’

3

‘‘വിപ്ലവം പറഞ്ഞു നടന്നോണ്ടായില്ല, അമ്മയേയും ചേച്ചിമാരേയും നോക്കണം. അതിനു പണിക്കു പോണം.’’ കവി ശിവനെ ഗുണദോഷിച്ചു. പെരച്ചൻ മുതലാളിയുടെ വള്ളത്തിൽ വലക്കാർക്കൊപ്പം അവനും പോയിത്തുടങ്ങി. തിരകളിൽ താണും പൊന്തിയും പോവുന്ന ശിവഗംഗയുടെ അമരത്ത് കാലുറപ്പിച്ചു നിന്ന് വല വീശാൻ വലിയ ആയാസം തോന്നിയില്ല. ആനകളിക്കുന്ന കടൽത്തിര മേൽ തുഴയെറിയുന്നതിലും മിടുക്കനായിരുന്ന ശിവൻ ഉള്ളപ്പോൾ മീൻ കൂടുതൽ കിട്ടുന്നത് പെരച്ചൻ ശ്രദ്ധിക്കാതിരുന്നില്ല. മറ്റുള്ളവർക്ക് കൊടുക്കുന്നതിലും അധികമായി ഇരുപത് രൂപ ശിവന്റെ കൂലിയിൽ വെച്ചുകൊടുക്കാൻ അയാളെ പ്രേരിപ്പിച്ചതും അതായിരുന്നു. എണ്ണിനോക്കി അവനത് തിരിച്ചുകൊടുത്തു. ‘‘എല്ലാർക്കും കൊടുക്കുന്നതുപോലെ മതിയെനിക്കും’’ –അവൻ കമ്യൂണിസ്റ്റായി.

മറ്റു വലക്കാരെ പോലെ കിട്ടുന്ന കാശ് ശിവൻ ധൂർത്തടിച്ചില്ല. വീട്ടുചെലവ് കഴിച്ച് മിച്ചംവരുന്നത് സൂക്ഷിച്ചുവെച്ചു. ചേച്ചിയുടെ മകളെ പഠിപ്പിച്ചു. രണ്ടാമത്തെ ചേച്ചിയുടെ വിവാഹം നടത്തി.

കവി പറഞ്ഞു, ‘‘നീയും കല്യാണം കഴിക്കണം.’’

‘‘എന്തിന്?’’

‘‘ഒരു കൂട്ടുവേണ്ടേ?’’

‘‘നിങ്ങളൊക്കെയില്ലേ?’’

‘‘ഞങ്ങളെ കൊണ്ടെല്ലാം നടക്കില്ല.’’

‘‘അതിനു ഞാൻ വേറെ വഴിനോക്കാം.’’

എത്ര തിരക്കുണ്ടെങ്കിലും മാസത്തിലൊരു തവണയെങ്കിലും കവി വരും. ശിവനൊപ്പം റഹ്മത്ത് ഹോട്ടലിൽ ചെന്ന് ബീഫ് ബിരിയാണി കഴിക്കും. ഓൾഡ് മങ്കിന്റെ ഹാഫ് ബോട്ടിൽ വാങ്ങി, കടപ്പുറത്ത് ചെന്നിരിക്കും. തിരകളുടെ ശബ്ദത്തിനൊപ്പം കവിയുടെ നതോന്നതയും തരംഗിണിയും മഞ്ജരിയുമുയരും. അങ്ങനെ പല കവിതകളും ആദ്യം ചൊല്ലിക്കേട്ടത് ശിവനായിരുന്നു. പിന്നീടത് വാരികകളിൽ അടിച്ചുവരുമ്പോൾ അവനത് വാങ്ങി നോക്കി ഊറിച്ചിരിക്കും. പലതിനും കടലിന്റെയീണമാണെന്ന് അവനല്ലേ അറിയൂ?

വലയിൽ കുരുങ്ങി തോണിക്കകത്ത് ചത്തുമലച്ചു കിടക്കുന്ന മീനുകളുടെ കണ്ണിലും പൊരിവെയിലത്ത് കടൽവെള്ളത്തിന്റെ സ്ഫടികത്തിളക്കത്തിലും കവിത കുരുങ്ങിക്കിടക്കുന്നത് കണ്ട ലോകത്തെ ഒരേയൊരു മുക്കുവൻ ശിവനായിരിക്കും. അവനോട് മിണ്ടിയും പറഞ്ഞും കവിയുടെ അക്ഷരങ്ങളിൽ കടലും കുരുങ്ങാൻ തുടങ്ങിയിരുന്നു. കടലും കവിതയും തമ്മിലൊരു ബാർട്ടർ!

കടലിൽനിന്നു പിടിച്ചു കൊണ്ടുവന്ന മീൻ വിറ്റ് ശിവന് കൈനിറയെ പണം കിട്ടി. കവിക്കാവട്ടെ കവിതകൊണ്ട് കാര്യമായൊന്നും കിട്ടിയിരുന്നില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ തന്നെ കാണാനെത്തുന്ന കവിയുടെ കീശയിൽ നോട്ടിന്റെ ചുരുൾ ശിവൻ തിരുകിവെക്കും. കവിയത് ദുർബലമായി പ്രതിരോധിക്കുമ്പോൾ അവൻ പറയും.

‘‘നെങ്ങടെ കവിതോണ്ട് ഞാൻ പിടിച്ച മീൻ വിറ്റ കാശാണ്.’’

ഇടക്ക് അവർ പുഷ്പാ ടാക്കീസിൽ സിനിമക്ക് പോവും. കവിക്ക് മമ്മൂട്ടിയെയും അവന് മോഹൻലാലിനെയുമാണിഷ്ടം. പാട്ടിന്റെ കാര്യത്തിലും അങ്ങനെയാണ്. കവിക്ക് ജയചന്ദ്രനും അവന് യേശുദാസും. നല്ല സുഹൃത്തുക്കൾ ചില കാര്യങ്ങളിൽ വിയോജിക്കണമെന്ന തുടക്കത്തോടെ ഒരു കവിതയെഴുതി കവി ശിവനു നൽകി. എന്തുകൊണ്ടോ അതുമാത്രം ഒരു വാരികക്കും അയച്ചില്ല. കവിയുടെ കൈപ്പടയിലൊതുങ്ങി.

ഒറ്റത്തവണയേ ശിവൻ കവിയുടെ നാട്ടിൽ ചെന്നിട്ടുള്ളൂ. കവിക്കൊരു കുഞ്ഞുണ്ടായപ്പോൾ കമ്മത്തിലെയ്നിൽനിന്ന് വാങ്ങിയ വെള്ളി അരഞ്ഞാണവും കൈയിൽ കരുതി ശിവൻ ചെന്നു. അന്നു രാത്രി അവിടെ തങ്ങി കോഴിക്കോട്ടേക്ക് തീവണ്ടി കയറിയ അവനെ പിന്നെ കവി കണ്ടിട്ടില്ല.

ശിവനവിടെയില്ലാതെ പോയ മൂന്നു ദിവസംകൊണ്ട് കടപ്പുറത്ത് വലിയൊരു ലഹള നടന്നു. പ്രീഡിഗ്രി തോറ്റശേഷം അടുത്തുള്ള ഹോട്ടലിൽ കാഷ്യറായി ജോലിചെയ്തിരുന്ന, പെരച്ചന്റെ തലതെറിച്ച മകൻ ജിതേഷ് കൂട്ടുകാർക്കൊപ്പം പങ്കിട്ട് കുടിച്ച ബ്രാണ്ടിയുടെ ഊക്കിൽ നാട്ടിലെ മസാലക്കച്ചവടക്കാരനായിരുന്ന കോമുട്ടി ഹാജിയുടെ മകൾ റുബീനയോട് കാണിച്ച പോക്രിത്തരത്തിൽനിന്നായിരുന്നു തുടക്കം. പാർട്ടിക്കാരിടപെട്ട് പ്രശ്‌നം ഒതുക്കിയതാണ്. പിന്നെയാരൊക്കയോ ചേർന്ന് കുത്തിപ്പൊക്കി. പള്ളിക്കമ്മിറ്റിയും സമാജവുമായി പിരിഞ്ഞ് പോർവിളിയായി. ജിതേഷിന് നട്ടുച്ചക്ക് കടപ്പുറത്തുവെച്ച് നല്ല പെട കിട്ടി. പകരം ചോദിക്കാൻ പോയവർ കോമുട്ടി ഹാജിയുടെ മൂത്തമകൻ ലത്തീഫിന്റെ പള്ളക്ക് കത്തി കേറ്റി. അന്നു രാത്രി തന്നെ പെരച്ചന്റെ ശിവഗംഗ കത്തിയമർന്നു. എല്ലാം കൈവിട്ടു പോയിക്കൊണ്ടിരുന്ന സമയത്താണ് ശിവൻ നാട്ടിൽ തിരിച്ചെത്തുന്നത്.

ഹാജിയാരെ വെട്ടിമലർത്തുമെന്ന് എവിടെനിന്നോ കൊണ്ടുവന്ന വടിവാളുമായി അട്ടഹസിച്ചു നിന്ന ജിതേഷിനെ അവന്റെ വീട്ടുമുറ്റത്തുവെച്ച് ശിവൻ വട്ടംപിടിച്ചു, പിടിവലിയിൽ ജിതേഷിന്റെ വലതു കൈ മുട്ടിനു മുകൾഭാഗത്ത് അറ്റ് താഴെവീണു. നിലത്തു മണ്ണിൽ ചോരതെറിപ്പിച്ച് പിടക്കുന്ന കൈയും തോർത്തിൽ പൊതിഞ്ഞുകെട്ടി ജിതേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കൂടെ നിന്ന ശിവനെ ആശുപത്രി വരാന്തയിൽവെച്ച് പെരച്ചൻ കവിളത്തടിച്ചു. ഒന്നും മിണ്ടാതെ അന്നവിടെനിന്നിറങ്ങിയതാണ്. പൊലീസ് കേസ് തീർപ്പാക്കാൻ സ്‌റ്റേഷനിലോ പിന്നീട് കോടതിയിലോ ചെന്നില്ല. ജിതേഷിന്റെ കൈ ഡോക്ടർമാർ തുന്നിച്ചേർത്തു. നിയന്ത്രണമില്ലാതെ തൂങ്ങിയാടുന്ന കൈയുമായി നടക്കുന്ന അവനെയും കണ്ണിൽ കനലാളുന്ന പെരച്ചനെയും നേരിടാനാവാത്തതുകൊണ്ടാവണം പിന്നെ ശിവൻ തിരിച്ചുവന്നില്ല.

‘‘അന്നത്തെ സംഭവത്തോടെ നാട്ടിലെ ലഹള ശമിച്ചു. സത്യത്തിൽ ശിവന്റെ ആ ഇടപെടലാണ് അന്ന് വലിയ കലാപമില്ലാതെ ഈ നാടിനെ രക്ഷിച്ചത്’’ –ഇതുകൂടി പറഞ്ഞ് കവി വീണ്ടും മൗനിയായി.

 

4

‘‘പിന്നെന്തിനാ ഇങ്ങളിപ്പം ഓന തിരക്കി ഇവ്ട വന്നത്?’’ –വ്യാസന്റെ ചോദ്യം അവഗണിച്ച് കവി നടന്നു.

കുറച്ചകലെ മുളങ്കാലിൽ കുത്തിനിർത്തിയ ട്യൂബ്‌ലൈറ്റുകളുടെ പ്രകാശത്തിൽ ഒരാൾക്കൂട്ടം. അടുക്കും തോറും ആരവമുയരുന്നു. കടപ്പുറത്തെ പന്തുകളി ടൂർണമെന്റാണ്. വലിയ വട്ടത്തിൽ കൂടിനിൽക്കുന്ന മനുഷ്യർക്ക് നടുവിൽ പന്തുതട്ടുന്ന നൈറ്റ് സെവൻസ്. അങ്ങോട്ടേക്കാണ് കവിയുടെ കുതിപ്പ്.

‘‘ഗോൾ...’’ ആരവം കേട്ട് കവി വേഗം കൂട്ടി.

‘‘ഇയാൾക്ക് ഫുട്‌ബോൾ പ്രാന്താ. ശിവനെ വിട്ടു. ഇനി പന്തുകളി കാണാനുള്ള പുറപ്പാടാ.’’ ഞാൻ അടക്കം പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിലേക്ക് കയറാതെ അൽപം മാറി കവി കാത്തുനിന്നു. പത്തു മിനിറ്റങ്ങനെ നിന്നുകാണും. കളി തീർന്ന് ആളുകൾ പിരിഞ്ഞുപോകുമ്പോൾ ചെറുപ്പക്കാരുടെ ഒരു സംഘത്തിനു നേരെ കവി കൈയുയർത്തി.

‘‘ഒന്നു നിൽക്കണേ.’’

നാലഞ്ചു പേർ ശബ്ദം തിരിച്ചറിഞ്ഞ് കവിക്ക് ചുറ്റുംകൂടി.

‘‘നിങ്ങളിലാർക്കെങ്കിലും വെട്ടുകാരൻ ശിവനെ അറിയുമോ?’’ കൂട്ടത്തിൽ പ്രായംകൂടിയ ഒരുവൻ തലയാട്ടി.

‘‘ജിതേഷിന്റെ കൈ വെട്ടിയ ശിവനല്ലേ? കൊറച്ച് ദെവസായി വന്നിട്ട്. സംഗീത് ഹോട്ടലിന്റെ സൈഡിലെ ചായ്പിലിണ്ട്.’’

കവിയുടെ മുഖം വിടർന്നു. ഒന്നും പറയാതെ ഇടത്തോട്ട് തിരിഞ്ഞ് ഒറ്റ നടത്തം. ഒപ്പമെത്താൻ ഞങ്ങൾ ബുദ്ധിമുട്ടി. മുന്നിലെ ടാറിട്ട റോഡിലേക്ക് കയറി രണ്ടു വളവ് തിരിഞ്ഞ് ഓടു മേഞ്ഞ രണ്ടുനില കെട്ടിടത്തിന് മുന്നിൽ ചെന്നാണ് നിന്നത്. താഴത്തെ നിലയിലെ നീലച്ചായമടിച്ച ചുവരിന് കുറുകെ കെട്ടിടത്തിന്റെ അതേ വീതിയിലുള്ള ബോർഡിൽ എഴുതിവെച്ചിരിക്കുന്നു. ‘സംഗീത് ഹോട്ടൽ’. ഗ്ലാസിട്ട മുൻ ഭാഗത്തുകൂടെ നോക്കിയാൽ അകത്തേക്ക് കാണാം. രാത്രി പന്ത്രണ്ടര മണിക്കും ഒറ്റ സീറ്റുമൊഴിവില്ലാത്ത തിരക്ക്. കവിയെ കണ്ടതും കൗണ്ടറിലുള്ള വൃദ്ധൻ എഴുന്നേറ്റു നിൽക്കുന്നു.

‘‘നാസർക്കാ, ശിവനുണ്ടോ ഇവിടെ?’’

‘‘ണ്ട്, കയിഞ്ഞായ്ച്ച വന്നതാ. കണ്ടാ തിരിയാത്ത കോലത്തിലാ. വന്നപ്പേ ആത്ത് കേറി കെടന്നു. പിന്നെ മിണ്ടാട്ടൊല്ല. ഞാൻ കൊടുക്ക്ന്ന ബീഫും വെള്ളേപ്പോം ചെലപ്പം തിന്നും. അതായിര്ന്നല്ലോ പണ്ടേ ഓനിഷ്ടം?’’

കവി അയാളുടെ കൈപിടിച്ച് ഹോട്ടലിന്റെ അടുക്കള വഴി പിറകിലത്തെ മുറിയിലേക്ക് ധൃതിയിൽ നടന്നു. മുറിയെന്നു പറയാനാവില്ല. വീതി കുറഞ്ഞൊരു കട്ടിലും ഒരു സ്റ്റൂളും കഴിച്ചാൽ രണ്ടാൾക്ക് നിൽക്കാനുള്ള ഇടമേയുള്ളൂ. മുകളിലെ കഴുക്കോലിൽ തൂക്കിയിട്ടിരിക്കുന്ന ബൾബ് പൊടിപിടിച്ചു കിടക്കുന്നു. അരണ്ട വെളിച്ചം. കട്ടിലിൽ നരച്ച താടിയും മുടിയുംകൊണ്ട് മിക്കവാറും മുഖം മറഞ്ഞിരിക്കുന്ന ശോഷിച്ച രൂപം. കാവിമുണ്ടും കോളറില്ലാത്ത കറുപ്പ് ടീഷർട്ടുമാണ് വേഷം. കവി കട്ടിലിലിരുന്ന് അയാളുടെ നെറ്റിയിൽ കൈവെച്ചു. മുഖത്തെ മറച്ചിരുന്ന നീൾമുടി പിറകോട്ട് മാടിവെച്ചു. താടിരോമങ്ങൾ വകഞ്ഞുമാറ്റി വെളിവായ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

‘‘നീയെവിടെയായിരുന്നു ശിവാ, ഇത്രയും കാലം?’’

ഉണങ്ങിവീണ കവുങ്ങിന്റെ തലഭാഗംപോലെ ചേതനയറ്റു കിടക്കുന്ന മനുഷ്യരൂപത്തിന്റെ മുഖത്ത് ഭാവമാറ്റമില്ല. ശൂന്യമായ കണ്ണുകളുടെ നോട്ടം ഞങ്ങളുടെ മുഖങ്ങളും പിന്നിട്ട് മുകളിലെവിടേക്കോ നീളുന്നു. വരണ്ടുകീറിയ ചുണ്ടുകൾക്കിടയിലൂടെ വെളിവാകുന്ന കറപിടിച്ച പല്ലുകൾ കൂട്ടിയിടിക്കുന്ന മട്ടിൽ, പ്രാവിൻകൂടുപോലെ ദുർബലമായ ശരീരം ഇടക്കിടെ വിറക്കുന്നു. ഇടതു കൈത്തണ്ടയിൽ മൂന്നു ചുറ്റായി വരിഞ്ഞു കെട്ടിയ കറുത്ത ചരടിൽ കോർത്തിരിക്കുന്ന ചെമ്പു തകിടിൽ വിചിത്രമായ അക്ഷരങ്ങൾപോലെ എന്തോ കോറിവരച്ചിരിക്കുന്നു.

കരിമ്പിൻചണ്ടിപോലെ ശോഷിച്ച കൈത്തണ്ടയിൽനിന്ന് ശ്രദ്ധാപൂർവം കവി ആ ചരട് അഴിച്ചെടുത്ത് ജുബ്ബയുടെ കീശയിലിട്ടു. ഒന്നുകൂടി ശിവന്റെ നെറ്റിയും തലയും തടവി. എഴുന്നേറ്റു നിൽക്കാൻ തുനിഞ്ഞപ്പോൾ കവിയുടെ വലതുകൈയിൽ ശിവൻ പതുക്കെ പിടിച്ചു. കവി വീണ്ടും കട്ടിലിലിരുന്നു. പക്ഷേ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറയുന്നില്ല. പതുക്കെ തലചെരിച്ച് ഉറക്കത്തിലേക്ക് വഴുതി.

‘‘അവൻ ഉറങ്ങട്ടെ. നാളെ വരാം.’’

‘‘ഓനിനി തോന ഇണ്ടാവൂലാന്നാ ന്നലെ നോക്ക്യ വാസവൻ ഡോക്ടറ് പറഞ്ഞേ. മരിക്കാൻവേണ്ടി പഴേ കുടി നോക്കിവന്നതാ’’ –നാസർക്ക പറഞ്ഞത് കേൾക്കാതെ അവിടെ നിന്നിറങ്ങി കടൽത്തീരത്തേക്ക് കവി നടന്നു. ആഞ്ഞടിക്കുന്ന തിരകളെ ഗൗനിക്കാതെ വെള്ളത്തിലേക്കിറങ്ങിനിന്നു കീശയിൽനിന്ന് ചരടെടുത്ത് പിതൃതർപ്പണം ചെയ്യുംപോലെ വെള്ളത്തിൽ മുക്കി ഉപേക്ഷിച്ചു. തിരകളത് നക്കിയെടുത്തിരിക്കണം. തിരിച്ച് കരയിലേക്ക് കയറി പൂഴിമണ്ണിലിരുന്നു.

‘‘അതെന്തായിരുന്നു സാർ?’’ –ഇത്തവണ ചോദിച്ചത് ഞാനായിരുന്നു.

‘‘ശിവന്റെ ഭൂതകാലത്തേക്കുള്ള താക്കോൽ. എല്ലാരും മാറിയിട്ടും അവൻ മാറിയിരുന്നില്ല. ഇനി ചികയേണ്ട.’’

ഒടുങ്ങാത്ത സംശയങ്ങളുമായി ഞങ്ങൾ കവിയുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

 

‘‘നാലു വർഷം മുമ്പ് കൊച്ചിയിൽ രാജ്യത്തെ തീവ്രസ്വഭാവമുള്ള ഇടതുപക്ഷ സംഘടനകളുടെ പ്രതിനിധികളുടെ സമ്മേളനം നടന്നിരുന്നു. അതിൽ പങ്കെടുക്കാൻ റൂർക്കലയിൽനിന്നു വന്ന ഒരു സഖാവിന്റെ കൈയിൽ ഇതുപോലെ ചരടും തകിടും ഞാൻ ശ്രദ്ധിച്ചിരുന്നു. കമ്യൂണിസ്റ്റുകാർക്ക് ഉറുക്കും കെട്ടുമൊന്നും പതിവില്ലാത്തതുകൊണ്ട് അയാളോട് ഞാനത് തിരക്കി. ഖനിത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗമായിരുന്നു അയാൾ. പരസ്പരം തിരിച്ചറിയാനുള്ള സൂചനയായിട്ടാണ് അവരത് കെട്ടുന്നത്.’’

അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ശിവൻ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കവിക്കെങ്ങനെ മനസ്സിലായി?

ചോദിച്ചിട്ട് കാര്യമില്ല. കവിതയും കടലും കമ്യൂണിസവും കൂടിച്ചേരുന്ന ജങ്ഷനിൽ ചില ദുരൂഹതകൾ ബാക്കിയാവും.

‘‘ഞാൻ പോവുന്നു. രണ്ടു മണിക്ക് നാട്ടിലേക്കൊരു ബസ്സുണ്ട്.’’ കടലിന്റെ നനവിൽനിന്നു കുതറിമാറി അതിവേഗത്തിൽ നടക്കുന്ന ആ മനുഷ്യനെ ഞങ്ങൾ നോക്കിനിന്നു.

Tags:    
News Summary - Malayalam Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT
access_time 2025-11-03 03:30 GMT
access_time 2025-10-27 03:00 GMT
access_time 2025-10-20 04:30 GMT