??. ?????

മഹാകവി ടി. ഉബൈദിന്‍െറ ഓര്‍മക്ക് 44 വയസ്സ്

കാസര്‍കോട്: കവിത, ചരിത്രം, മതം തുടങ്ങിയ മേഖലകളില്‍  ബഹുമുഖ പ്രതിഭ. രചിച്ചത് 29 പുസ്തകങ്ങള്‍. മഹാകവികളായ വള്ളത്തോള്‍, പി. കുഞ്ഞിരാമന്‍നായര്‍ എന്നിവരുമായി അടുപ്പം. മലയാളം കടന്ന് കന്നടയോളം വളര്‍ന്നു. പേര് ടി. ഉബൈദ്. എന്നാല്‍, തൊട്ടുനോക്കാന്‍ അദ്ദേഹത്തിന്‍േറതായി ഒരു പുസ്തകംപോലും ഇന്ന് കിട്ടാനില്ല. ആണ്ടുനേര്‍ച്ച പോലെ ജന്മദിനം ആഘോഷപൂര്‍വം കൊണ്ടാടാന്‍ അദ്ദേഹം സ്ഥാപിച്ചതായി പറയുന്ന കാസര്‍കോട് സാഹിത്യവേദിയുണ്ടെന്നത് മാത്രമാണ് ആശ്വാസം. 1908 ഒക്ടോബര്‍ ഏഴിന് തളങ്കരയില്‍ ജനിച്ച കവി 64ാം വയസ്സില്‍ 1972 ഒക്ടോബര്‍ മൂന്നിനാണ് മരിച്ചത്.

നവരത്ന മാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, രണ്ട് ഉല്‍ബോധനങ്ങള്‍, ചന്ദ്രകല, ഗാനവീചി കവിതാ സമാഹാരങ്ങള്‍, തിരുമുല്‍കാഴ്ച, ഹസ്രത്ത് മാലിക് ദിനാര്‍, മണ്ണിലേക്ക് മടങ്ങി, നമ്മുടെ നദികള്‍, തെരഞ്ഞെടുത്ത കഥകള്‍, വള്ളത്തോള്‍ കവിതഗളു (കന്നട), മുസ്ലിമിനെ മൊറെഗളു, പതിത പുഷ്പങ്ങള്‍ (വിവര്‍ത്തനം), കേരള കേസരി ജീവചരിത്രം, മുന്തിരി പഴങ്ങള്‍ (ബാലസാഹിത്യം), മാപ്പിള സാഹിത്യ ചരിത്രം, മാപ്പിളപ്പാട്ട് വൃത്തങ്ങള്‍, ഛന്ദശാസ്ത്രം, തെരഞ്ഞെടുത്ത കവിതകള്‍, കഥാകവിതകള്‍, നബിചരിതം, കലികാലം, വഖാഫത്ത് മാല എന്നിങ്ങനെ പോകുന്നു ഉബൈദ് കൃതികളുടെ നീണ്ട നിര. കവിത, കഥ, ചരിത്രം, ജീവചരിത്രം, ഭാഷാ ശാസ്ത്രങ്ങള്‍, മതം, തത്വചിന്ത എന്നിങ്ങനെ അദ്ദേഹം വിഹരിക്കാത്ത മേഖലകളില്ല. 29ല്‍ 12 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താത്തവയാണ്.  എന്നാല്‍, 44 വര്‍ഷം മുമ്പ് മരിച്ച മഹാകവിയുടെ പേരിലുള്ള ഒരു പുസ്തംപോലും കണ്ടത്തൊനാകാതെ നാണക്കേടിലേക്ക് പടികയറുകയാണ് സാഹിത്യലോകം.

ടി. ഉബൈദിനെക്കുറിച്ച് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പഠനകേന്ദ്രം ഒരു പുസ്തകം ഇറക്കിയിരുന്നു. ഇതിനു പിന്നാലെ 2008ല്‍ ഇറങ്ങിയ ഉബൈദ് സ്മരണികയും ഇബ്രാഹിം ബേവിഞ്ച എഴുതിയ പുസ്തകവും മഹാകവിയെ അറിയാന്‍ ഉപകരിക്കും. ഉത്തര മലബാറിന്‍െറ ഭാഷയും പ്രയോഗങ്ങളും ചരിത്രവും എല്ലാം ഉബൈദിന്‍െറ പുസ്തകത്തെ അധികരിച്ച് പഠിക്കാന്‍ പുതിയ തലമുറക്ക് അവസരമില്ല എന്നതാണ് യാഥാര്‍ഥ്യം. ഉബൈദിന്‍െറ പേരില്‍ കാസര്‍കോട്ട് ഒരു ലൈബ്രറിയുണ്ട്. അതിലും ഉബൈദിന്‍െറ പുസ്തകം ഇല്ല. ജന്മനാട്ടില്‍ ഒരു ബസ് വെയ്റ്റിങ് ഷെഡും അദ്ദേഹത്തിന്‍െറ പേരിലുണ്ട്.

‘ 25 വര്‍ഷത്തോളമായി ഉബൈദിന്‍െറ രചനകള്‍ വിപണിയില്‍ ലഭ്യമല്ല. ഉബൈദിനെപ്പോലെയുള്ളവരുടെ രചനകളൊന്നും പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരാ പ്രസാധകര്‍ തയാറാകുന്നില്ല. ഉബൈദിന്‍െറ രചനകള്‍ പല കേന്ദ്രങ്ങളിലും സമാഹരിച്ചിട്ടുണ്ട്. സ്മരണികകളായും സമാഹാരങ്ങളായും പുറത്തുവന്നിട്ടുണ്ട്. മരണശേഷം എല്ലാ വര്‍ഷവും  കാസര്‍കോട് സാഹിത്യവേദി അനുസ്മരണ സമ്മേളനങ്ങള്‍ നടത്താറുണ്ട്’ -സാഹിത്യവേദി മുന്‍ സെക്രട്ടറി അഷ്റഫലി ചേരങ്കൈ പ്രതികരിച്ചു.

Tags:    
News Summary - writer t ubaid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.