കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളൊക്കെ സജീവമായിനിന്ന കാലത്താണ് എ​​െൻറ കുട്ടിക്കാലവും വായനയും ആരംഭിക്കുന്നത്. സാമൂഹിക പ്രവർത്തനങ്ങളിലെല്ലാം ഏർപ്പെടുന്ന അധ്യാപകരുടെയും പരിഷത്ത് പോലെയുള്ള സംഘടനകളുടെയുമൊക്കെ ലൈബ്രറികളിലും വീട്ടിലും ബാലസാഹിത്യ കൃതികൾ ധാരാളമായി ലഭിക്കുമായിരുന്നു. എ​​െൻറ കുടുംബത്തിലും ബാലസാഹിത്യ കൃതികളും റഷ്യൻ കൃതികളുടെ പരിഭാഷകളുമുണ്ടായിരുന്നു. വായന തുടങ്ങുന്നത് പ്രധാനമായും രാധിക പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുള്ള റഷ്യൻ ബാലസാഹിത്യ കൃതികളിലൂടെയാണ്.  ഉദാഹരണത്തിന് ‘ചുക്കും ഗെക്കും’ പോലെയുള്ള വിശ്വപ്രസിദ്ധമായ ബാലസാഹിത്യ കഥകൾ. ഇത് കൂടാതെ വീടിനടുത്തുള്ള ലൈബ്രറികളിൽനിന്ന് കൈയിൽ കിട്ടിയതെല്ലാം വായിക്കുമായിരുന്നു.

വായന വ്യക്തിയെ വളർത്തുന്നു

ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് കുട്ടിക്കാലത്ത് അവരുടെ കൈയിൽ കിട്ടുന്ന, ബുദ്ധിയിലെത്തുന്ന കാര്യങ്ങളാണ്. സ്വന്തം കഴിവിൽ പരമാവധി തേടിപ്പിടിച്ച് വായിക്കുക എന്നത് കുട്ടികളുടെ കടമയാണ്. പത്തുവയസ്സിനുമുമ്പ്​​ കുട്ടികളെ രൂപപ്പെടുത്തുന്നതിന് ആവശ്യമായവ അവർക്ക് എത്തിച്ച് കൊടുക്കുക എന്നതാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. അത് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, പെയിൻറും ​ബ്രഷും അങ്ങനെ എന്തുമാവാം. അവർ അതിൽ ഏത് തെരഞ്ഞെടുക്കുമെന്ന് നമുക്ക് പറയാനാവില്ല. എനിക്കുചുറ്റും ഉണ്ടായിരുന്നത് വരയുടെയും സംഗീതത്തി​​െൻറയും കൃഷിയുടെയും പുസ്തകങ്ങളുടെയും നാടകത്തി​​െൻറയുമൊക്കെ പരിസരമായിരുന്നു. അതിൽനിന്നും ഞാൻ തെര​െഞ്ഞടുത്തതാണ് എഴുത്ത് എന്ന വഴി.

എഴുത്തിനെ രൂപവത്​കരിച്ചതിൽ ആർതർ കോനൻഡോയലി​​െൻറ ഷെർലക് ഹോംസ്, റെഡ് ഇന്ത്യൻ നാടോടിക്കഥകൾ കൂടാതെ മലയാളത്തിലെ നിരവധി കൃതികൾക്കും പങ്ക് വലുതാണ്. യാത്രകളും അതുപോലെത്തന്നെ സ്വാധീനിച്ച ഒന്നാണ്. കുറച്ചുകൂടി മുതിർന്നപ്പോൾ വായനയിലും മാറ്റം വന്നു. ടാഗോറിലേക്കും മറ്റും വായന മുതിർന്നു.
വായനയുടെ അടിസ്ഥാനം കുട്ടിക്കാലത്ത് ലഭിച്ചാലേ മുന്നോട്ടുപോവാൻ എളുപ്പമാവൂ. കലാഭിരുചിയുടെ അന്തരീക്ഷമുണ്ടാക്കാൻ കുട്ടികൾ മുന്നോട്ടുവരണം. പണ്ടത്തെപ്പോലെ പുരോഗമന പ്രസ്ഥാനങ്ങളും വായനശാലകളും ഇന്ന് നാട്ടിൽ സജീവമല്ല. ടെലിവിഷനും ഇൻറർനെറ്റും പോലെയുള്ളവയുടെ കടന്നുവരവുകൂ​െടയായപ്പോൾ കുട്ടികൾക്ക് വായനശാലയെ ഒന്നും ആശ്രയിക്കേണ്ടതി​െല്ലന്ന അവസ്ഥ വന്നിരിക്കുന്നു. ടെലിവിഷൻ പോലുള്ളവ മുതിർന്നവർക്കുള്ള വിനോദോപാധികളാണ്. ഇവ കുട്ടികളെ പരമാവധി കാണിക്കാതിരിക്കുകയാണ് രക്ഷിതാക്കൾ വേണ്ടത്. ഇൻറർനെറ്റ് പോലും പഠനാവശ്യങ്ങൾക്ക് മാത്രം പരിമിതമായി മാത്രമേ കുട്ടികൾ ഉപയോഗിക്കേണ്ടതുള്ളൂ. വിനോദത്തിനുവേണ്ടി കുട്ടികൾ ഒരിക്കലും ഇവ ഉപയോഗിക്കരുത്. കായികമത്സരങ്ങളും  വായനയുമാണ് കുട്ടികളുടെ വിനോദമാവേണ്ടത്. ഇങ്ങനെ വളർന്നുവരുന്ന കുട്ടികൾക്കേ മുതിരുമ്പോൾ ഇവയുടെ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കൂ.

വായന സിലബസിനപ്പുറം

മക്കളെ ഡോക്ടറും എൻജിനീയറും ആക്കാൻ മത്സരിക്കുന്നതിന് പകരം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് കുട്ടികളിൽ വായനശീലം വളർത്താനാണ്. ഇങ്ങനെ വായിച്ചുവളരുന്നവരാണ് ഐ.എ.എസ് പോലെയുള്ള ഉന്നത മത്സരപരീക്ഷകൾ വിജയിച്ച് വരുന്നത്. സിലബസിനപ്പുറത്തെ വായനയിലൂടെ മാത്രമേ വ്യക്തിക്ക് വളരാനാവൂ.

പുസ്തകങ്ങളെ ബലപ്പെടുത്തുന്നത് പുസ്തകങ്ങളാണ്. നിങ്ങൾ ഗായകനാവാം, നടനാവാം, നല്ല അധ്യാപകനാവാം, പുസ്​തകങ്ങളുടെ പിന്തുണയോടെയാണ് മനുഷ്യ​​​െൻറ വളർച്ച സാധ്യമായിട്ടുള്ളത്. പ്രിയപ്പെട്ട പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചാവണം കൂട്ടുകാർ വളർച്ചയുടെ പടവുകൾ കയറേണ്ടത്. നമ്മുടെ മലയാളത്തിൽതന്നെ നിരവധി പുസ്തകങ്ങളുണ്ട്. വായന കുറച്ചുകൂടി വിപുലമാവുമ്പോൾ ഇതരഭാഷകളിലെ പുസ്തകങ്ങളും കണ്ടെത്തി വായിക്കണം. വായനയിലൂടെയാണ് നാം നിരന്തരം തിരുത്തപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നത്.

Tags:    
News Summary - vayana dinam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.