പുസ്തകം നമ്മെ തേടിവരുന്ന  കാലം

വീട്ടിൽ അച്ഛൻ വരുത്തിയിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും വിവർത്തന കൃതികളും മാത്രമാണ് കുട്ടിക്കാലത്ത് വായിക്കാൻ കിട്ടിയിരുന്നത്. വായിക്കണമെന്ന് വലിയ മോഹമുണ്ടായിരുന്നെങ്കിലും പലപ്പോഴും അത് നടക്കാറില്ല. പുസ്തകങ്ങളുടെ ലഭ്യത നന്നേ കുറവായിരുന്നു. ഇതിന് പുറമെ സ്ത്രീകൾക്ക് മുന്നിൽ അറിവി​​​െൻറയും മാറ്റത്തി​​​െൻറയും വാതായനങ്ങൾ കൊട്ടിയടക്കപ്പെട്ട സാമൂഹിക വ്യവസ്ഥയായിരുന്നു അന്ന്. നാട്ടിലെ വിരലിലെണ്ണാവുന്ന ലൈബ്രറികളിലൊന്നും പെണ്ണി​​െൻറ സാന്നിധ്യം കാണാൻ കഴിയില്ല. ഒരു അലിഖിത വിലക്ക് അവർക്ക് വായനശാലകളിൽ പ്രവേശിക്കുന്നതിന് നിലനിന്നിരുന്നു. അതുകൊണ്ട് വായിക്കാനായി ഞങ്ങൾക്കുണ്ടായിരുന്ന ഏക ആശ്രയം പള്ളിയിലെ ലൈബ്രറിയായിരുന്നു. അവിടെ പക്ഷേ, വിശാലവാ‍യനക്കുള്ള സൗകര്യമുണ്ടായിരുന്നില്ലതാനും. അക്ഷരലോകത്ത് പറന്നുനടക്കാൻ കൊതിച്ച മനസ്സിനെ അക്ഷരാർഥത്തിൽ ചങ്ങലക്കിട്ട അവസ്ഥ. അതായിരുന്നു എ​​െൻറ കുട്ടിക്കാലം. 

വായനയിലൂടെ വെളിച്ചത്തിലേക്ക്

ടി.ടി.സി കോഴ്സ് കഴിഞ്ഞ് തിരൂരിൽ സ​​െൻറ് തോമസ് ഹൈസ്കൂളിൽ അധ്യാപികയായുള്ള എന്‍റെ പ്രവേശനം പുസ്തക ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. മനസ്സിൽ കൊണ്ടുനടന്ന പല പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽനിന്ന് വായിച്ചുതീർത്തു. സാഹിത്യാസ്വാദകരായ ധാരാളം സഹ അധ്യാപകർ, അവരുമായുള്ള സാഹിത്യ സംവാദം... ഇതിലൂടെ ലോകത്തെ കുറിച്ച്, മനുഷ്യരെ കുറിച്ച്, പ്രകൃതിയെ കുറിച്ച് എ​​െൻറ കാഴ്ചപ്പാടുകൾ പതിയെ മാറിത്തുടങ്ങി. വായന ചിന്തയിൽ തീകോരിയിട്ടു. ഇന്നത്തെ സാറാ ജോസഫിലേക്കുള്ള പ്രയാണത്തി​​െൻറ നാഴികക്കല്ലായിരുന്നു ഈ അധ്യാപനകാലം. പിന്നീട് എം.എക്ക് ചേർന്നതോടെ സാഹിത്യഅക്കാദമിയായി വായനസങ്കേതം. ഉച്ചവരെയായിരുന്നു അന്നൊക്കെ ക്ലാസ്. ശേഷം വൈകുന്നേരംവരെ അക്കാദമി ലൈബ്രറിയിൽ. പുസ്തകങ്ങളിൽനിന്ന് പുസ്തകങ്ങളിലേക്ക് വായന പൂത്തുലയുകയായിരുന്നു അന്ന്.

വായന എന്ന ആനന്ദം

വായന എന്നത് അറിവ് സമ്പാദിക്കാനുള്ള പ്രവൃത്തി മാത്രമല്ല, ആനന്ദോപാധികൂടിയാണ്. പുസ്തകം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. ഭാവനവികാസത്തിനും സങ്കൽപശക്തികൂട്ടാനും വായന ഉപകരിക്കും. ആത്യന്തികമായി വായന ഒരു രാഷ്്ട്രീയ പ്രവൃത്തിയാണ്. നാം കാണുന്ന മായാലോകത്തിനപ്പുറത്തുള്ള യഥാർഥ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് വായനയാണ്. അതിന് എനിക്ക് ഉറച്ച പിന്തുണയും പിൻബലവും തന്നത് എ​​െൻറ മാതാപിതാക്കളും. അക്ഷരത്തോടുള്ള എ​​െൻറ താൽപര്യത്തെ അവർ മാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുതുതലമുറയോടും എനിക്ക് പറയാനുള്ളത് വായിച്ചുതന്നെ വളരണം എന്നാണ്. രക്ഷിതാക്കളാണ് പ്രാഥമികമായി അക്കാര്യത്തിൽ അവർക്ക് മാതൃകയാകേണ്ടത്.
 

സ്ക്രീനേജ് തലമുറ

വായനയുടെ, എഴുത്തി​​െൻറ പ്രതലം മനുഷ്യ പുരോഗതിക്കനുസരിച്ച് മാറ്റങ്ങൾക്ക് വിധേ‍യമായിട്ടുണ്ട്. കല്ലിലും പാറയിലും എഴുതി, വായിച്ചതിൽനിന്ന് താളിയോലയിലൂടെയും പേപ്പറിലൂടെയും സഞ്ചരിച്ച് ഇപ്പോൾ സ്ക്രീനിൽ എത്തിനിൽക്കുന്നു. പുതുതലമുറ മുഴുവൻ തെറ്റാണെന്ന് വാദിക്കുന്നവരുടെ കൂട്ടത്തിൽ എന്തായാലും ഞാനില്ല. പകരം പലകാര്യത്തിലും ഈ കാലത്ത് ജനിക്കാനായത് അവരുടെ ഭാഗ്യമായാണ് ഞാൻ കാണുന്നത്. വായനയുടെ കാര്യത്തിലേക്ക് വന്നാൽ, മൊബൈലും ഇൻറർനെറ്റും നവമാധ്യമങ്ങളും അക്ഷരാർഥത്തിൽ വായനയെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യമൊക്കെ ഒരു കൃതി നാലുപേരിലേക്ക് എത്താനായി എത്രനാൾ കാത്തിരിക്കണം. ഇന്നിപ്പോൾ ഒരു കഥയോ കവിതയോ എ​േന്തലും എഴുതി ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്താൽ സെക്കൻഡുകൾക്കുള്ളിൽ ആയിരങ്ങളിലേക്ക് അ​െതത്തും. അപ്പോൾത്തന്നെ അഭിപ്രായങ്ങളും ലഭിക്കും. നവമാധ്യമങ്ങളിൽ മികച്ച എഴുത്തും ഇടപെടലുകളുമാണ് പുതുതലമുറ നടത്തുന്നത്. സോഷ്യൽമീഡിയ ഒരു സാധ്യതയാണിന്ന്. സാഹിത്യഅക്കാദമിപോലുള്ള സ്ഥാപനങ്ങൾ ഇത്തരം നൂതന രചനാരീതികൾ കാണാതെ പോകരുത്. വായനയുടെ രീതി മാറുകയാണ്. സ്ക്രീനിൽ വായിക്കുന്ന സ്ക്രീനേജ് തലമുറ കാലത്തി​​െൻറ പരിണാമമായിട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഇൻറർനെറ്റിലും സമൂഹമാധ്യമങ്ങളിലും അന്തർലീനമായിട്ടുള്ള ചതിക്കുഴികൾ കാണാതെ പോകുന്നില്ല.
എന്നിട്ടും അവർ വായിക്കുന്നു...

ഇന്ന​െത്തപ്പോലെ വിനോദപേമാരിയുടെ കാലമായിരുന്നില്ല എന്‍റെ കുട്ടിക്കാലം. എപ്പോഴെങ്കിലും കാണുന്ന സിനിമയും നാടകവും ഒഴിച്ചുനിർത്തിയാൽ ആകെയുള്ള വിനോദോപാധി വായനമാത്രമാണ്. ഇന്ന് സാഹചര്യം വളരെമാറി. സമയം ചെലവഴിക്കാൻ പലമാർഗങ്ങൾ ഇന്നുണ്ട്. എന്നിട്ടും വായനക്ക് സമൂഹത്തിൽ കോട്ടംതട്ടിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വായന കുറയുന്നുവെന്ന അഭിപ്രായത്തിൽ അർഥമില്ല, ഗൗരവവായന വേണ്ടത്ര നടക്കുന്നില്ല. അത് എല്ലാ കാലത്തും അങ്ങനെത്തന്നെയാണ്. ധാരാളം പണം, പുസ്തകങ്ങൾ, പുതിയ എഴുത്തുകാർ, ദിനംപ്രതി കൂടുന്ന പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, വർധിക്കുന്ന എഴുത്തുകാർ, ഓരോ വീട്ടകങ്ങളിലും മികച്ച ലൈബ്രറി, സമൂഹമാധ്യമങ്ങളുടെ അനിഷേധ്യ മുന്നേറ്റം... അങ്ങനെ വായന എന്തുകൊണ്ടും സമ്പന്നമായ കാലമാണിത്. പുതിയകാലത്ത് പുതിയരീതി, പുതിയ വായനസങ്കേതം... ഇതൊക്കെ അംഗീകരിക്കുമ്പോൾതന്നെ പുസ്തകത്തി​​െൻറ ആ ഗൃഹാതുരത്വം നിറഞ്ഞ ഗന്ധം ശ്വസിച്ചുകൊണ്ട് അക്ഷരങ്ങളെ പുൽകാനാണ് എനിക്കിഷ്്ടം. 

പുസ്തകം നെഞ്ചത്തുവെച്ച്​ കിടന്നുറങ്ങാനും...
 
( മാധ്യമം വെളിച്ചത്തിൽ നിന്ന്, തയ്യാറാക്കിയത് പ്രിൻസ് കെ.ഹരിദാസ്)

Tags:    
News Summary - vayana dinam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.