പ്രദീപ് പാമ്പിരിക്കുന്നിന് വിട

‘നാല് കെട്ടും പടിപ്പുരയും, നാടാകെ പൊന്‍കതിര്‍ പാടങ്ങളും, ആതിരയും ആറും ആവണിയും, മലയാളമേ നിന്‍െറ പെരുമയല്ളോ’... ഡോ. പ്രദീപ് പാമ്പിരിക്കുന്ന് ജന്മനാടിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് അദ്ദേഹത്തിന്‍െറ ഈ വരികളാണ് സാക്ഷ്യം. ചെറുവണ്ണൂരിലെ പാമ്പിരിക്കുന്നില്‍ ജനിച്ചുവളര്‍ന്ന സാഹിത്യനിരൂപകനും സാംസ്കാരിക വിമര്‍ശകനുമായ പ്രദീപൻ പാമ്പിരിക്കുന്നിന് മലയാളത്തോളം തന്നെ പ്രിയപ്പെട്ടതായിരുന്നു തന്‍റെ നാടും നാട്ടുകാരും.

എന്നും പാമ്പിരിക്കുന്നുകാരൻ

മാഷിന്‍െറ സൃഷ്ടികളില്‍ നാടിന്‍െറ സൗന്ദര്യം എന്നും സ്ഥാനംപിടിച്ചിരുന്നു. പാമ്പിരിക്കുന്ന് എല്‍.പി. സ്കൂളിലും ചെറുവണ്ണൂര്‍ ഗവ. യു.പി. സ്കൂളിലും ആവള കുട്ടോത്ത് ഗവ. ഹൈസ്കൂളിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനകാലത്തേ സാഹിത്യരചനകളിലേര്‍പ്പെട്ട ഇദ്ദേഹം നാടക അഭിനേതാവ് കൂടി ആയിരുന്നു. ചെറുവണ്ണൂരിലെ വോള്‍ഗ കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.പ്രദീപന്‍ മാഷിന്‍െറ ഗുരുസ്ഥാനീയനായ സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു പി.എസ്. പാമ്പിരിക്കുന്ന്.

പേരിന്‍െറ കൂടെ സ്ഥലനാമവും കൂടി ഉള്‍പ്പെടുത്താന്‍ മാഷിന് പ്രചോദനമായത് പി.എസ് ആയിരുന്നു. നവധ്വനി കലാസാംസ്കാരിക വേദി ഒരുക്കിയ ‘പകര്‍ന്നാട്ടം’ എന്ന നാടകത്തിലാണ് ഇദ്ദേഹം അന്ന് വേഷമിട്ടതെന്ന് നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നു.  ചെറു ഗ്രാമമായ പാമ്പിരിക്കുന്നിനെ തന്‍െറ കൂടെ കൊണ്ടുനടന്ന് പ്രശസ്തിയുടെ കൊടുമുടിയിലത്തെിച്ചിരുന്നു പ്രദീപന്‍ മാഷ്.  

അറിയാതെ കടന്നുവന്ന ദുരന്തം

വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. ഡിസംബര്‍ ഒന്നിന് വെള്ളിപറമ്പില്‍ നടന്നുപോകവേ  ബൈക്കിടിച്ചാണ് പ്രദീപന് ഗുരുതര പരിക്കേറ്റത്. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി കൊയിലാണ്ടി സെന്‍റര്‍ മലയാള വിഭാഗം മേധാവിയാണ്.

1969ല്‍ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പാമ്പിരിക്കുന്നിലാണ് ജനനം.  സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ദലിത് പഠനത്തില്‍ ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എം.എ മലയാളം പാസായി. ‘ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം,  ദലിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്കാര പഠനം’ എന്നീ  ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തുന്നല്‍ക്കാരന്‍, വയലും വീടും, ബ്രോക്കര്‍, ഉടല്‍ എന്നീ നാടകങ്ങള്‍ രചിച്ചു.

ഗ്രാമീണ ശൈലിയിലുള്ള തുന്നല്‍ക്കാരനും മറ്റും നിരവധി വേദികളില്‍ ജനശ്രദ്ധയാകര്‍ഷിച്ച് അരങ്ങേറി. അറിയപ്പെടുന്ന പ്രഭാഷകനുമാണ്. സുകുമാര്‍ അഴീക്കോട് എന്‍ഡോവ്മെന്‍റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ എന്‍.വി സ്മാരക വൈജ്ഞാനിക അവാര്‍ഡ് പുരസ്കാരങ്ങളും ലഭിച്ചു. എരി എന്ന നോവല്‍ രചനക്കിടെയായിരുന്നു വിയോഗം.  പിതാവ്: കേളുപ്പണിക്കര്‍. മാതാവ്: ചീരു.  ഭാര്യ: ഡോ. സജിത കിഴിനിപ്പുറത്ത്  (കൊടുവള്ളി ഗവ. കോളജ് അധ്യാപിക). മക്കള്‍: ശ്രാവണ്‍ മാനസ്, ധ്യാന്‍ മാനസ്.

Tags:    
News Summary - pradeep pampirikunnu passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.