അഷിത: പെണ്ണിൻറെ ജീവിതം വലിയൊരു നുണയാണെന്നു പറഞ്ഞ എഴുത്തുകാരി

പെണ്ണ് ജീവിക്കുന്ന ജീവിതം വലിയ നുണയാണ് എന്ന് സത്യസന്ധമായി തുറന്നു പറഞ്ഞ സ്ത്രീയാണ്/എഴുത് തുകാരിയാണ് അഷിത. ‘പെൺജീവിത നുണക്കഥകൾ ' ഇക്കാലത്തും എത്ര പ്രസക്തമാണ്! അകത്തും പുറത്തും സത്യമുള്ള പെണ്ണായി തന്നെ നിലനിൽക്കുകയെന്നതാണ് ഒരു പെണ്ണ് ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ഐഡന്റിറ്റി ക്രൈസിസ്. അതിൽ പെണ്ണുങ്ങൾ പല പ്പോഴും തോൽക്കാറാണ് പതിവ്. ആർക്കൊക്കെയോ വേണ്ടി ശരീരത്തെ ഒരുക്കി, മെരുക്കിയെടുക്കുമ്പോൾ, മനസ്സിനെ നാലൂ മൂലയിലിട്ട് പാകപ്പെടുത്തുമ്പോൾ, ഒരുപരിധിയും വേണ്ടാത്ത കിനാവുകളെപ്പോലും ഒതുക്കി കാണുമ്പോൾ ഒക്കെ പെണ്ണുങ്ങൾ തോൽക്കുകയാണ്. എന്നിട്ടും ജയിക്കുന്നു എന്ന് നുണപറയുന്നു.

അഷിതയുടെ കഥകളുടെ ഏറ്റവും വലിയ സത്യം സ്ത്രീകൾ നുണ പറയാൻ വിധിക്കപ്പെട്ടവരെന്ന സത്യം തുറന്നുപറയുന്നുവെന്നതാണ്. ‘ഒത്തുതീർപ്പുകൾ’, ‘ചതുരംഗം’, ‘വേട്ട’, ‘വാരാന്ത്യങ്ങൾ’ എന്നീ കഥകളൊക്കെ സ്ത്രീകൾ ജീവിച്ചു പോരേണ്ടി വരുന്ന നുണജീവിതത്തോടുള്ള പല വിധ പ്രതികരണങ്ങളാണ്. ‘കല്ലു വച്ച നുണകളിൽ’ വിവാഹ ഫോട്ടോയിലെ ചിരി കല്ലുവച്ച നുണയാണ് എന്ന് തുറന്നു പറയുന്നു. ‘അമ്മ എന്നോടു പറഞ്ഞ നുണകൾ’ എന്ന കഥ കാലങ്ങളായി പറഞ്ഞു പ്രതിഫലിപ്പിച്ച നുണകളുടെ സത്യം സുവ്യക്തമാക്കുന്നു. വിവാഹത്തോടെ ജൈവികമായ രഹസ്യങ്ങളും ആഹ്ലാദങ്ങളും
കൗതുകങ്ങളും പെണ്ണിന് നഷ്ടപ്പെടുന്നു. കഥയിൽ വിദ്യാസമ്പന്നനായ, കവിയായ, ഒഴിവു സമയ രാഷ്ട്രീയ പ്രവർത്തകനായ ഭർത്താവിന്റെ മനസ്സിലേക്ക് കയറാൻ അടുക്കളയിലും കിടപ്പറയിലും സാമർഥ്യം കാണിക്കണമെന്ന അമ്മയുടെ ഉപദേശം കേൾക്കുന്ന മകളെ കാണാം. കാലം വലുതായി മാറിയിട്ടൊന്നുമില്ല. നുണയാണെന്നറിഞ്ഞിട്ടും കുടുംബവും സമൂഹവും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന പതിവ് തുടർന്നുകൊണ്ടിരിക്കയാണ്. ദാമ്പത്യം ‘ശിവേന സഹ നർത്തന’മെന്ന് അഷിത വിശദീകരിക്കുന്നതു നോക്കൂ. ഒരു പെണ്ണ് ജീവിതം എഴുതുമ്പോൾ പെണ്ണിന്റെ / എഴുത്തിന്റെ - രണ്ടു സത്യസന്ധതയും പ്രധാനമാണ്. ഈ ദ്വന്ദ്വഭാവങ്ങളിൽ അനുഭവിക്കേണ്ട അന്തഃസംഘർഷത്തെ അതിവൈകാരികതയില്ലാതെ, ശക്തിചോരാതെ ചേർത്തു വക്കുന്നുവെന്നതാണ് അഷിതയുടെ എഴുത്തിടത്തെ ജൈവമാക്കുന്നത്.

പെണ്ണിന്റെ അനുഭവത്തിന് ഏത് വാക്ക് വേണം..? എന്ത് ഭാഷ വേണം...? എന്ന പൊള്ളൽ അഷിതയുടെ എഴുത്തിലുണ്ട്. ആ പൊള്ളൽ ഏറ്റുവാങ്ങിയവരാണ് ഓരോ വായനക്കാരും. പരുഷമായ ജീവിതാനുഭവങ്ങളെ അഷിത തുറന്നെഴുതിയപ്പോൾ നെഞ്ചിൽ ആഞ്ഞു കൊത്തിയ വേദന ഇപ്പോഴും കല്ലിച്ചു കിടക്കുന്നു..

എഴുത്തിൽ / ജീവിതത്തിൽ, അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന സ്നേഹ - നിരാസങ്ങൾ വായിച്ച് കണ്ണ് നിറയാത്തവർ ആരുണ്ട്?
തന്നെ ഒരിക്കലും മകളായി കാണാൻ കൂട്ടാക്കാത്ത, ‘അച്ഛാ...’ എന്ന് വിളിക്കാനനുവദിക്കാത്ത മനുഷ്യനെ അടയാളപ്പെടുത്തുമ്പോഴും ദേഷ്യത്തേക്കാളുപരി കനിവ് നിറഞ്ഞത് കണ്ട് സ്തബ്ധമായിപ്പോയി.
ശരീരം കൊണ്ട് വിട പറഞ്ഞിട്ടും
എല്ലാ ആരവങ്ങളിൽ നിന്ന് ഒഴിഞ്ഞ് അഷിതേച്ചിയുടെ എഴുത്തും മുഖവും ഹൃദയത്തിൽ ആർദ്രമായി നിറഞ്ഞു നിൽക്കുന്നു...

Tags:    
News Summary - In memmory of writer ashitha- Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.